സിനിമകളുടെ റിവ്യൂ പലപ്പോഴും പേഴ്‌സണല്‍ അറ്റാക്കായി മാറുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ഇടക്ക് തന്റെ സിനിമകള്‍ വര്‍ക്കാകാതെ പോയപ്പോള്‍ തനിക്ക് എങ്ങനെയാണ് ഇപ്പോഴും സിനിമകള്‍ കിട്ടുന്നത് എന്ന് ഒരു റിവ്യൂവര്‍ അയാളുടെ വീഡിയോയില്‍ ചോദിച്ചെന്നും അതെല്ലാം തന്നെ മാനസികമായി ബാധിച്ചിരുന്നെന്നും ആസിഫ് അലി പറഞ്ഞു.
പണ്ടത്തെ കാലത്ത് സിനിമയിലെത്തുക എന്നത് മാത്രമായിരുന്നു വലിയ ടാസ്‌കെന്നും പിന്നീട് അതില്‍ എങ്ങനെയെങ്കിലും സര്‍വൈവ് ചെയ്യുമായിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. പിന്നീട് വന്ന തലമുറയിലെ നടന്മാര്‍ക്ക് സര്‍വൈവ് ചെയ്യുന്നതിനോടൊപ്പം സുഹൃത്ബന്ധങ്ങള്‍ ഉണ്ടാക്കുക എന്നത് നോക്കിപ്പോയിരുന്നെന്നും ആസിഫ് അലി പറഞ്ഞു.
എന്നാല്‍ ഇപ്പോഴുള്ള നടന്മാര്‍ക്ക് സിനിമയിലെത്തുക എന്നതിനെക്കാള്‍ ഇത്തരം അറ്റാക്കുകള്‍ സര്‍വൈവ് ചെയ്യുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. റിവ്യൂ എന്നതില്‍ നിന്ന് മാറി പലപ്പോഴും അതെല്ലാം പേഴ്‌സണല്‍ അറ്റാക്കിലേക്ക് മാറുന്നുണ്ടെന്നും അത്തരം കാര്യങ്ങള്‍ തന്നെയും മറ്റുള്ളവരെയും മാനസികമായി ബാധിക്കാറുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
തനിക്കൊക്കെ ആരാണ് ഇപ്പോഴും സിനിമ തരുന്നതെന്നുള്ള ചോദ്യങ്ങള്‍ വല്ലാതെ ബാധിക്കാറുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘പണ്ടത്തെ നടന്മാരെ സംബന്ധിച്ച് സിനിമയിലെത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഒരുതവണ അവസരം കിട്ടിയാല്‍ പിന്നീട് ആ ഒഴുക്കില്‍ എങ്ങനെയെങ്കിലും അവരൊക്കെ രക്ഷപ്പെടുമായിരുന്നു. അത് കഴിഞ്ഞ വന്ന നടന്മാരാണെങ്കില്‍ അവരുടേതായ സുഹൃത്ബന്ധങ്ങള്‍ വളര്‍ത്തിയിരുന്നു. പിന്നീട് അതിലൂടെ വളരുന്നതും നമ്മളൊക്കെ കണ്ടതാണ്.
എന്നാല്‍ ഞാനൊക്കെ ഉള്‍പ്പെടുന്ന ജനറേഷനിലെ നടന്മാര്‍ സിനിമയില്‍ എത്തുന്നതിന്റെ കൂടെ തന്നെ പല കാര്യങ്ങളെയും മാനസികമായി ഉള്‍ക്കൊള്ളാന്‍ തയാറെടുപ്പ് നടത്തണം എന്ന അവസ്ഥയായി. സിനിമാ റിവ്യൂ എന്ന പേരില്‍ നടത്തുന്ന അഭിപ്രായ പ്രകടനം പലപ്പോഴും പേഴ്‌സണല്‍ അറ്റാക്കിലേക്ക് മാറിത്തുടങ്ങി. ഫാന്‍സി ഡ്രസ് ഇട്ട് വന്നിട്ട് ‘ഇവനൊക്കെ എങ്ങനെയാണ് ഇപ്പോഴും സിനിമകള്‍ കിട്ടുന്നത്’ എന്നൊക്കെ പറയുന്നത് പലപ്പോഴും മാനസികമായി ബാധിക്കാറുണ്ട്.
ഇത്തരത്തിലുള്ള പല അഭിപ്രായങ്ങളും നമ്മള്‍ കാണുന്നത് വല്ല ഷൂട്ടിന്റെ ഇടയിലോ മറ്റോ ആരെങ്കിലും അയച്ചുതന്നിട്ടായിരിക്കും. അതൊക്കെ മറികടന്ന് അടുത്ത സിനിമ ആളുകള്‍ സ്വീകരിക്കുമോ ഇല്ലയോ എന്ന ചിന്തയിലാണ് നമ്മള്‍ ഓരോ സീനും പിന്നീട് ചെയ്യുന്നത്. അതിനെല്ലാം എടുക്കുന്ന മെന്റല്‍ സ്ട്രഗിള്‍ വളരെ വലുതാണ്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali says he mentally struggles to overcome personal attacks