തിരുവനന്തപുരം എന്ന ജില്ലയെ കൂടുതൽ ആളുകളിലേക്ക് എത്തിച്ച സിനിമയാണ് രാജമാണിക്യം. ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പന്നമായ ചിത്രത്തിൻറെ പുതുമ ഇപ്പോഴും മങ്ങിയിട്ടില്ല. രാജമാണിക്യവുമായി ബന്ധപ്പെട്ടുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ ബാബുരാജ്.
രാജമാണിക്യത്തിൽ നടൻ മമ്മൂട്ടിയോടൊപ്പം നിന്ന് ഡയലോഗ് പറഞ്ഞപ്പോൾ തനിക്ക് പേടി ഉണ്ടായിരുന്നെന്ന് പറയുകയാണ് ബാബുരാജ്. വ്യത്യസ്തമായ കൗണ്ടർ ഡയലോഗുകൾ ഉള്ള ചിത്രമാണ് രാജമാണിക്യം എന്ന് അദ്ദേഹം പറഞ്ഞു.
‘രാജമാണിക്യം എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ടി.എ. ഷാഹിദ് ആണ്. അദ്ദേഹത്തിന് ഒരു ഗിവ് ആൻഡ് ടേക്ക് പോളിസി ആണ്. അത് ആ ചിത്രം കണ്ടാലും മനസിലാകും. ഒരു ഡയലോഗ് അങ്ങോട്ട് പറഞ്ഞാൽ അതിന്റെ കൗണ്ടർ ഡയലോഗ് ഇങ്ങോട്ട് വരും. ഞാൻ ആ സ്ക്രിപ്റ്റിലേക്ക് നോക്കി. ‘അതിൽ അല്ല, ഇതിൽ’ എന്ന ഡയലോഗുകളൊക്കെ പറയേണ്ടത് മമ്മൂക്കയോടാണ്. മമ്മൂക്കയെ നോക്കുമ്പോൾ അദ്ദേഹം ചിരിക്കുന്നൊക്കെയുണ്ട്. ഇവൻ ഇതൊക്കെ പറയുന്നുണ്ടല്ലോ എന്നൊക്കെ ഓർത്തിട്ടാകും.
രാജമാണിക്യം ഹിറ്റായപ്പോൾ ഞാൻ തൃശൂർ ആയിരുന്നു. ഞാൻ മമ്മൂക്കയെ വിളിച്ചു. പടം ഹിറ്റാണെന്നാണല്ലോ കേൾക്കുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. പടം കണ്ടിരുന്നോ എന്ന് മമ്മൂക്ക ചോദിച്ചു. ഞാൻ കണ്ടെന്ന് പറഞ്ഞു. പടം ഹിറ്റ് ആകുമോ എന്നല്ല, പടം ഹിറ്റാണ് എന്ന് സന്തോഷത്തോടെ അദ്ദേഹം എന്നോട് പറഞ്ഞു. അതൊക്കെ നല്ല ഓർമകളാണ്.
അഭിമുഖത്തിൽ സോൾട്ട് ആൻഡ് പെപ്പെർ എന്ന ചിത്രത്തിൽ താൻ ചെയ്ത ബാബു എന്ന കഥാപാത്രം പറഞ്ഞ ഡയലോഗ് വളരെ ആഘോഷിക്കപ്പെട്ടെന്ന് ബാബുരാജ് പറഞ്ഞു.
‘സോൾട്ട് ആൻഡ് പെപ്പറിൽ ഞാൻ രാധാസ് സോപ്പ് വാങ്ങിക്കുന്നത് ആളുകൾ ഇപ്പോഴും മറക്കില്ല. രാധാസ് എന്ന സോപ്പിന്റെ പരസ്യത്തിൽ അഭിനയിക്കുന്ന ഒരേയൊരു പുരുഷൻ ഞാൻ ആണ്. സ്ത്രീകൾ മാത്രമാണ് രാധാസ് സോപ്പിന്റെ പരസ്യത്തിൽ വന്നിട്ടുള്ളൂ. ഇന്നുവരെ ആ റെക്കോർഡ് ആരും തിരുത്തിയിട്ടില്ല. മിമിക്രിക്കാർ ഏറ്റെടുത്ത ഡയലോഗ് കൂടിയാണ് ‘രണ്ടു രാധാസ്’ എന്ന് പറയുന്നത്,’ ബാബുരാജ് പറഞ്ഞു.