നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ബാബു നമ്പൂതിരി. അധ്യാപകജോലിയില്‍ നിന്ന് നാടകത്തിലേക്കും അവിടുന്ന് നേരെ സിനിമയിലേക്കും എത്തിയ ബാബു നമ്പൂതിരിയുടെ ആദ്യ ചിത്രം 1978ല്‍ റിലീസായ യാഗമാണ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അദ്ദേഹം പകര്‍ന്നാടി.
മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമകളെക്കുറച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബാബു നമ്പൂതിരി. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അമൃതം ഗമയയിലൂടെയാണ് താനും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചതെന്ന് ബാബു നമ്പൂതിരി പറഞ്ഞു. ആ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം റാഗ് ചെയ്ത് കൊല്ലുന്ന കുട്ടിയുടെ അച്ഛന്റെ വേഷത്തിലായിരുന്നു താന്‍ എത്തിയതെന്ന് ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.
ആ സിനിമയുടെ ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍ തന്നോട് മാപ്പ് ചോദിക്കുന്ന സീന്‍ ഷൂട്ട് ചെയ്തത് തനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നെന്ന് ബാബു നമ്പൂതിരി പറഞ്ഞു. ആ സീനില്‍ ലാലിന്റെ ഡയലോഗിനനുസരിച്ച് താനും തന്റെ ഡയലോഗിനനുസരിച്ച് ലാലും റിയാക്ട് ചെയ്തതാണ് അതിന്റെ ഭംഗിയെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.
തന്റെ റിയാക്ഷന്‍ എടുത്ത ശേഷം ലാലിന് വേണ്ടി ക്യാമറക്ക് പിന്നില്‍ നിന്ന് തന്റെ ഡയലോഗ് അതേ ഭാവത്തില്‍ പറഞ്ഞെന്നും ലാലിന് ആ സീന്‍ മനോഹരമായി ചെയ്യാന്‍ അത് സഹായമായെന്നും ബാബു നമ്പൂതിരി പറഞ്ഞു. അമൃതം ഗമയ മുതല്‍ക്കാണ് തങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി ആരംഭിച്ചതെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹന്‍ലാലും ഞാനും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യമായി ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമ അമൃതം ഗമയ ആണ്. എം.ടിയായിരുന്നു അതിന്റെ സ്‌ക്രിപ്റ്റ്. ലാലിന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സായിരുന്നു ആ പടത്തില്‍. അതില്‍ ലാലിന്റെ ക്യാരക്ടര്‍ റാഗ് ചെയ്ത് കൊല്ലുന്ന കുട്ടിയുടെ അച്ഛനായിട്ടാണ് ഞാന്‍ വേഷമിട്ടത്. ആ സിനിമയുടെ ക്ലൈമാക്‌സില്‍ ലാല്‍ എന്നോട് മാപ്പ് ചോദിക്കുന്ന സീനുണ്ട്.
അത്തരം ഇമോഷണല്‍ സീനുകളുടെ പ്രത്യേകത എന്താണെന്ന് പറഞ്ഞാല്‍ ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള ഗിവ് ആന്‍ഡ് ടേക്കാണ്. എന്റെ ഡയലോഗ് കേള്‍ക്കുമ്പോളുള്ള ലാലിന്റെ റിയാക്ഷനും ലാലിന്റെ ഡയലോഗ് കേള്‍ക്കുമ്പോഴുള്ള എന്റെ റിയാക്ഷനുമാണ് ഹൈലൈറ്റ്. ലാലിന്റെ റിയാക്ഷന്‍ കറക്ടായി കിട്ടാന്‍ വേണ്ടി ക്യാമറയുടെ പിന്നില്‍ ചെന്ന് അതേ ഭാവത്തില്‍ ഡയലോഗ് പറയാമോ എന്ന് ലാല്‍ ചോദിച്ചു. ഞാന്‍ അത് ചെയ്തു. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി തുടങ്ങിയത് ആ സിനിമ മുതലാണ്,’ ബാബു നമ്പൂതിരി പറയുന്നു.
Content Highlight: Babu Namboothiri shares the shooting experience with Mohanlal in Amrutham Gamaya movie