ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ധന്‍. ‘ബാബറി തകര്‍ത്തവകരെ വെറുതെ വിടുന്ന ഹിന്ദുരാഷ്ട്രത്തില്‍ നീതി നശിച്ചില്ലാതാകുന്നു’ എന്നാണ് ഫേസ്ബുക്കില്‍ ആനന്ദ് പട്‌വര്‍ധന്‍ എഴുതിയത്.
കര്‍സേവകര്‍ അയോധ്യയിലെത്തി ബാബറി മസ്ജിദ് തകര്‍ത്തതും അതിന് മുന്‍പ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയുമെല്ലാം പ്രതിപാദിക്കുന്ന രാം കേ നാം എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് ആനന്ദ് പട്‌വര്‍ധന്‍. 1990ല്‍, ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു മുമ്പാണ്, ‘രാം കേ നാമി’ന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.
ഹിന്ദു ദേവനായ രാമന്റെ ജന്മസ്ഥലത്താണ് ബാബറി മസ്ജിദ് സ്ഥാപിച്ചതെന്ന ചര്‍ച്ച ആളിക്കത്തിച്ചത് രാഷ്ട്രീയമാണെന്ന് പട്വര്‍ധന്‍ ചിത്രത്തില്‍ പറയുന്നു. കോളനി ഭരണകാലത്ത് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാനായി ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചതാണ് ഈ വാദം.
1949ലാണ് അയോധ്യ മേഖലയിലെ സമാധാനാന്തരീക്ഷം ആദ്യമായി തകരുന്നത്. പള്ളിയില്‍ ഹിന്ദുക്കളെ കണ്ടതിനെ തുടര്‍ന്നായിരുന്നു അത്. തുടര്‍ന്ന് ആ പ്രദേശം തര്‍ക്കപ്രദേശമായി മാറുകയായിരുന്നെന്നും ഡോക്യുമെന്ററിയില്‍ പറയുന്നു.
രാം കേ നാം നിരോധിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍ പലതവണ ആവശ്യമുയര്‍ത്തിയിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം പല സ്ഥലങ്ങളിലും ഈ സംഘടനകള്‍ തടയുകയും ചെയ്തിരുന്നു.
ബാബറി വിധിക്കെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചിരിക്കുന്നത്. ”അവിടെ പള്ളി ഉണ്ടായിട്ടേയില്ല.പുതിയ ഇന്ത്യയിലെ നീതി”, പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ എഴുതി. ബാബറി മസ്ജിദ് സ്വയം തകര്‍ന്നു വീഴുകയായിരുന്നു എന്നായിരുന്നു ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ പ്രതികരിച്ചത്.
‘രാം കേ നാം’ ഡോക്യുമെന്ററി
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഫോട്ടോകള്‍ തെളിവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് കേസിലെ പ്രതികളെ വെറുതെവിട്ടത്. കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം സി.ബി.ഐക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.
എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.
28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Babari Demolishers acquitted as justice goes to hell in Hindu Rashtra says Anand Patwardhan