ടി-20യില്‍ ഇവനെ വെല്ലാന്‍ ആരുമില്ല; ബാബര്‍ അടിച്ചുതകര്‍ത്ത് നേടിയത് ചരിത്രനേട്ടം
Cricket
ടി-20യില്‍ ഇവനെ വെല്ലാന്‍ ആരുമില്ല; ബാബര്‍ അടിച്ചുതകര്‍ത്ത് നേടിയത് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th March 2024, 1:49 pm

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍ ഫൈനലില്‍ പ്രവേശിച്ചു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പെഷവാര്‍ സാല്‍മിയെ ഏഴ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുള്‍ട്ടാന്‍ ഫൈനലിലേക്ക് മുന്നേറിയത്.

മത്സരത്തില്‍ സാല്‍മിക്ക് വേണ്ടി മികച്ച പ്രകടനമാണ് നായകന്‍ ബാബര്‍ അസം നടത്തിയത്. 42 പന്തില്‍ 46 റണ്‍സായിരുന്നു ബാബര്‍ നേടിയത്. അഞ്ച് ഫോറുകളാണ് പാകിസ്ഥാന്‍ സൂപ്പര്‍ താരം നേടിയത്. ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും 500 റണ്‍സിന് മുകളില്‍ സ്കോർ ചെയ്യാനും ബാബറിന് സാധിച്ചു.

ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് പാകിസ്ഥാന്‍ സൂപ്പര്‍ താരം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ വ്യത്യസ്തമായ മൂന്ന് സീസണുകളില്‍ 500+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്.  2021, 2023 സീസണുകളില്‍ ആയിരുന്നു ബാബര്‍ 500 റണ്‍സ് നേടിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് പാകിസ്ഥാന്‍ താരമായ മുഹമ്മദ് റിസ്വാന്‍ ആണ്.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ ബാബറും കൂട്ടരും ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് പെഷവാര്‍ നേടിയത്.

ക്യാപ്റ്റന്‍ ബാബറിന് പുറമെ ടോം കോഹ്ലര്‍ കാട്മോര്‍ 24 റണ്‍സും മുഹമ്മദ് ഹാരിസ് 22 റണ്‍സും നേടി മികച്ച സംഭാവനകള്‍ നല്‍കി.

മുള്‍ട്ടാന്‍ ബൗളിങ്ങില്‍ ഉസാമ മിര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുള്‍ട്ടാന്‍ 18.3 ഓവറില്‍ ഏഴുവിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. സുല്‍ത്താന്‍സ് ബാറ്റിങ്ങില്‍ യാസിര്‍ ഖാന്‍ 37 പന്തില്‍ 54 റണ്‍സും ഉസ്മാന്‍ ഖാന്‍ 28 പന്തില്‍ പുറത്താവാതെ 36 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ മുള്‍ട്ടാന്‍ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Babar Azam create a new record in PSL