ഇന്ത്യക്കൊപ്പം ലോകകപ്പ് നേടിയവൻ കേരളത്തിനായി കളിക്കും; ആരാധകരെ വിസ്മയിപ്പിക്കാൻ അവനെത്തുന്നു
Cricket
ഇന്ത്യക്കൊപ്പം ലോകകപ്പ് നേടിയവൻ കേരളത്തിനായി കളിക്കും; ആരാധകരെ വിസ്മയിപ്പിക്കാൻ അവനെത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th August 2024, 10:21 am

ഇന്ത്യന്‍ താരം ബാബ അപരാജിത് അടുത്ത സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി കളിക്കാനൊരുങ്ങുന്നു. വരാനിരിക്കുന്ന സീസണില്‍ താരം കേരളത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദി ഹിന്ദു ആണ് റിപ്പോര്‍ട്ട് ചെയ്തത്.

2012 അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു അപരാജിത്. ആ ലോകകപ്പിന്റെ ഫൈനലില്‍ 33 റണ്‍സ് നേടിക്കൊണ്ട് മികച്ച പ്രകടനം നടത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാവാനും അപരാജിതിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ചെന്നൈയ്‌ക്കൊപ്പം ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. അഞ്ച് സീസണുകളിലാണ് താരം സി.എസ്.കെയുടെ ബെഞ്ചില്‍ അവസരം ലഭിക്കാതെ നിലനിന്നത്.

അടുത്തിടെ അവസാനിച്ച തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലിസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു അപാരാജിത് നടത്തിയത്. എട്ട് മത്സരങ്ങളില്‍ നിന്നും 234 റണ്‍സാണ് ഈ 30കാരന്റെ ബാറ്റില്‍ നിന്നും പിറന്നത്.33.43 ആവറേജിലും 133.71 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ടൂര്‍ണമെന്റിന്റെ എലിമിനേറ്റര്‍ മത്സരത്തില്‍ 71 റണ്‍സ് നേടിയും താരം ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു.

90 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 4571 റണ്‍സാണ് അപരാജിത് നേടിയത്. 11 സെഞ്ച്വറികളും 23 അര്‍ധസെഞ്ച്വറികളുമാണ് താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്. 107 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികളും 27 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 3869 റണ്‍സും താരം നേടിയിട്ടുണ്ട്. ടി-20യില്‍ 63 മത്സരങ്ങളില്‍ നിന്നും 1147 റണ്‍സും താരം അടിച്ചെടുത്തിട്ടുണ്ട്. നാല് അര്‍ധസെഞ്ച്വറികളാണ് ബാബ നേടിയത്.

ബൗളിങ്ങിലും ശ്രദ്ധേയമായ പ്രകടനങ്ങളാണ് അപരാജിത് നടത്തിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 90 മത്സരങ്ങളില്‍ നിന്നും 61 വിക്കറ്റും ലിസ്റ്റ് എയില്‍ 17 മത്സരങ്ങളില്‍ നിന്നും 71 വിക്കറ്റുകളും കുട്ടിക്കറ്റില്‍ 63 മത്സരങ്ങളില്‍ നിന്നും 17 വിക്കറ്റും താരം നേടി.

കേരളത്തിനായി അടുത്ത സീസണില്‍ കളിക്കാന്‍ പോവുന്നതിന്റെ സന്തോഷം അപരാജിത് പങ്കുവെച്ചു.

‘കേരളത്തിലെ ക്രിക്കറ്റ് ഓരോ വര്‍ഷവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ കേരള ക്രിക്കറ്റിനെക്കുറിച്ച ധാരാളം നല്ല കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ ഇത് എനിക്കൊരു വ്യത്യസ്തമായ വെല്ലുവിളിയായിരിക്കും. ഒരു മികച്ച സീസണാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കേരളത്തിലുള്ള ക്രിക്കറ്റ് താരങ്ങളെയെല്ലാം എനിക്ക് നല്ല രീതിയില്‍ അറിയാം. എല്ലാവരുമായി മികച്ച ബന്ധമാണുള്ളത്,’ ബാബ അപരാജിത് പറഞ്ഞു.

 

Content Highlight: Baba Aparajit Is All Set To Play For Kerala in Domestic Cricket Next Season