ലാല്‍ ചിത്രങ്ങളിലെ റഫറന്‍സുകള്‍ കഥയുടെ ഒഴുക്കിനനുസരിച്ചാണ് പോകുന്നത്, അത് ഞങ്ങള്‍ ആസ്വദിച്ചു: ബി. ഉണ്ണികൃഷ്ണന്‍
Film News
ലാല്‍ ചിത്രങ്ങളിലെ റഫറന്‍സുകള്‍ കഥയുടെ ഒഴുക്കിനനുസരിച്ചാണ് പോകുന്നത്, അത് ഞങ്ങള്‍ ആസ്വദിച്ചു: ബി. ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th February 2022, 5:10 pm

ഏറെ കാലത്തിന് ശേഷം മോഹന്‍ലാല്‍ നായകനയ മാസ് മസാല സിനിമ എന്ന ലേബലിലായിരുന്നു ബി. ഉണ്ണികൃഷ്ണന്റെ ‘ആറാട്ട്’ എത്തിയത്. പഴയ സിനിമകല്‍ പോലെ ഒരു സാധാരണ സിനിമ ആണെന്നും വലിയ അവകാശവാദങ്ങളൊന്നുമില്ലെന്നുമാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ പഴയ മോഹന്‍ലാല്‍ സിനിമകളിലെ റഫറന്‍സുകള്‍ ശ്രദ്ധ നേടിയിരുന്നു. ലൂസിഫര്‍, മണിച്ചിത്രത്താഴ്, കാക്കകുയില്‍, ആറാം തമ്പുരാന്‍, ചന്ദ്രലേഖ മുതലായ ചിത്രങ്ങളിലെയെല്ലാം ഹിറ്റായ ഡയലോഗുകളും പാട്ടുകളും ചിത്രത്തിലുണ്ടായിരുന്നു.

ഇതെല്ലം കഥയുടെ ഒഴുക്കിനനുസരിച്ച് തങ്ങള്‍ ആസ്വദിച്ച് ചെയ്തതാണെന്നും പറയുകയാണ് ബി. ഉണ്ണികൃഷ്ണന്‍. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘മോഹന്‍ലാലില്‍ നിന്ന് പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന മാനറിസങ്ങളും സംസാരങ്ങളും സിനിമയുടെ പലയിടത്തും പുനരവതരിപ്പിച്ചിട്ടുണ്ട്. ആ കാലത്തോടും പഴയ കഥാപാത്രങ്ങളോടുമുള്ള താല്‍പര്യം മുന്‍നിര്‍ത്തി കഥയുടെ ഒഴുക്കിനോട് ചേര്‍ത്താണ് അവയെല്ലാം ചെയ്തത്. സംഭാഷണ ശകലങ്ങള്‍ മാത്രമല്ല, ഗാനചിത്രീകരണവും ആസ്വദിച്ച് അവതരിപ്പിക്കുകയായിരുന്നു,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘സിനിമയിലൊരിടത്ത് കഥകളിപ്രയോഗങ്ങളുടെ അകമ്പടിയിലുള്ള വരികള്‍ കടന്നുവരുമ്പോള്‍ ആ രംഗത്തില്‍ കലാമണ്ഡലം ഗോപി ആശാനും നെടുമുടി വേണുച്ചേട്ടനും മോഹന്‍ലാലുമെല്ലാം ഒന്നിച്ചെത്തുന്നുണ്ട്. വേണുച്ചേട്ടന്റെ അവസാനസിനിമകളിലൊന്നാണ് ആറാട്ട്.

വേണുച്ചേട്ടന്‍ വന്നതുതന്നെ കൊറോണക്കാലത്തെ മുഷിപ്പില്‍ നിന്നും മാറി മോഹന്‍ലാലുമൊത്ത് കുറച്ച് സംസാരിക്കാമല്ലോ എന്നു പറഞ്ഞാണ്. അവര്‍ ഒരുപാട് നേരം ലൊക്കേഷനില്‍ സംസാരിച്ചിരുന്നു. പഴയ മദിരാശി ഓര്‍മകള്‍ ഞാനും ഉദയനും കൗതുകത്തോടെ കേട്ടിരുന്നു. റിക്ഷാവണ്ടിയില്‍ കയറി അവര്‍ സിനിമ കാണാന്‍ പോയതെല്ലാം രസകരമായ അനുഭവങ്ങളായിരുന്നു,’ ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആറാട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആരാധകര്‍ ഏറ്റെടുത്തുവെങ്കിലും ചിത്രത്തിന് വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഫെബ്രുവരി 18നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.


Content Highlight: b unnikrishnan about references of mohanlal movies in aarattu