മഹാഗത് ബന്ധനില്‍ ബി.ജെ.ഡി ഉണ്ടാവില്ല, ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമദൂരം പാലിക്കും; നവീന്‍ പട്‌നായിക്
national news
മഹാഗത് ബന്ധനില്‍ ബി.ജെ.ഡി ഉണ്ടാവില്ല, ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമദൂരം പാലിക്കും; നവീന്‍ പട്‌നായിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th January 2019, 2:55 pm

ഭുവനേശ്വര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടു കൊണ്ട് രൂപീകരിക്കുന്ന മഹാഗത് ബന്ധനില്‍ ബിജു ജനാതാ ദള്‍ ഉണ്ടാവില്ലെന്ന് ബി.ജെ.ഡി പ്രസിഡന്റും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായ്ക്ക്.

ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമദൂരം പാലിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം എന്ന് അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. “ബി.ജെ.ഡി മഹാഗത് ബന്ധനില്‍ ഭാഗഭാക്കാവില്ല. ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമദൂരം പാലിക്കുക എന്നതാണ് പാര്‍ട്ടി നയം”- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സംരക്ഷിക്കാന്‍ നമ്മള്‍ ഒരുമിക്കും; ബി.ജെ.പി വിരുദ്ധ സഖ്യത്തിന് ആഹ്വാനവുമായി ചന്ദ്രബാബു നായിഡു

ബി.ജെ.പി അല്ലാത്ത മറ്റു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമാണ് മഹാഗത് ബന്ധന്‍. 2019 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാനായി ബി.ജെ.പി വിരുദ്ധ കക്ഷികളെ ഒരുമിച്ചു കൂട്ടുന്നതില്‍ കോണ്‍ഗ്രസ് ആയിരുന്നു മുന്നില്‍ നിന്നത്.

വിശാല സഖ്യത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തനിക്ക് കൂടുതല്‍ സമയം വേണമെന്ന് നവീന് പട്‌നായ്ക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയും, എസ്.പിയും കോണ്‍ഗ്രസിനെ കൂടാതെ സഖ്യം രൂപീകരിക്കുമെന്ന് സൂചനകളുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തില്‍ രണ്ടു സീറ്റുകള്‍ മാത്രം നല്‍കിയത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചരുന്നു.

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ ചേരി രൂപീകരിക്കാനായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.