ഒരു കടലോര കഥാകാരന്റെ എഴുത്തും ജീവിതവും
DISCOURSE
ഒരു കടലോര കഥാകാരന്റെ എഴുത്തും ജീവിതവും
അസീസ് തരുവണ
Thursday, 11th May 2023, 9:26 pm
മലയാള ഭാഷയിലുള്ള പരിമിതി ബഷീറും തമിഴ് ഭാഷയിലുള്ള പരിമിതി മീരാനും പലവുരു വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇരുവരും വ്യത്യസ്തമായ ഭാഷ സൃഷ്ടിക്കുകയായിരുന്നു. തമിഴ്, മലയാളം, അറബി പദങ്ങള്‍ ഇടകലര്‍ത്തിയുള്ള ഒരു പുതുഭാഷയിലാണ് മീരാന്‍ രചന നിര്‍വഹിച്ചത്. ഇത് സാധാരണ ജനതയുടെ സംസാരഭാഷയോട് ഏറെ ആത്മബന്ധമുള്ള ഭാഷാരീതിയായിരുന്നു. അച്ചടി ഭാഷയേയും അക്കാദമിക് ഭാഷയേയും നിരാകരിച്ച് സാമാന്യജനതയുടെ ഭാഷയില്‍ അസാമാന്യമായി എഴുതുകയായിരുന്നു അദ്ദേഹം. തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്റെ ഓര്‍മകള്‍ പങ്കുവെച്ച് അസീസ് തരുവണ

1998ല്‍, തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ചാണ് തോപ്പില്‍ മുഹമ്മദ് മീരാനെ ഞാനാദ്യമായി കാണുന്നത്. തുഞ്ചന്‍ ഉത്സവത്തില്‍ പങ്കെടുക്കാനായി വന്നതായിരുന്നു അദ്ദേഹം. കന്നട എഴുത്തുകാരി സാറാ അബൂബക്കറിനെയും ആദ്യമായി കണ്ടത് അന്നാണ്.

കാരശ്ശേരി മാഷാണ്, ‘ഇത് തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍’ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത്. മലയാളിയെ പോലെ മലയാളം സംസാരിക്കുന്ന തമിഴന്‍ എന്നതായിരുന്നു എന്റെ ആദ്യ കൗതുകം.

ഞാനീ കാര്യം അദ്ദേഹത്തോട് തന്നെ സൂചിപ്പിച്ചപ്പോള്‍, ചിരിച്ച് കൊണ്ടദ്ദേഹം പറഞ്ഞു: ‘മലയാളം അറിയാം. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തേങ്ങാപട്ടണത്താണ് ജനിച്ചതും വളര്‍ന്നതും. പഠിച്ചത് മലയാളം മീഡിയത്തിലാണ്.’

തോപ്പില്‍ മുഹമ്മദ് മീരാനൊപ്പം അസീസ് തരുവണ

മീരാനെപ്പറ്റി അതിന് മുമ്പ് പരിമിതമായ ജ്ഞാനമേ എനിക്കുണ്ടായിരുന്നുള്ളു. ആയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍, ‘ബഷീറും മീരാനും’ എന്ന തലവാചകത്തില്‍ ഡോ. എം.എന്‍.കാരശ്ശേരി പരിഭാഷപ്പെടുത്തിയ, ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റിയിലെ തമിഴ് ഭാഷാ സാഹിത്യവിഭാഗം പ്രൊഫസറായിരുന്ന ഡോ.രബി സിങ്ങിന്റെ ലേഖനം വായിച്ച കൗതുകകരമായ കാര്യം മനസിലുണ്ടായിരുന്നു.

അക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. അങ്ങനെയൊരു പഠനം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ബഷീര്‍ എന്ന വലിയ എഴുത്തുകാരന്റെ മുമ്പില്‍ താന്‍ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. ബഷീര്‍ മലയാളം എഴുത്തുകാരന്‍ എന്നതിലുപരി ഇന്ത്യ കണ്ട ഏറ്റവും മഹാനായ കലാകാരനും മനുഷ്യസ്നേഹിയുമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം എഴുത്തുകാരില്‍ പൊതുവെ കാണാത്ത ആ വിനയം എന്നില്‍ ഏറെ ആദരവുളവാക്കി. പിന്നീട് ഞങ്ങളുടെ സംസാരം ബഷീറിനെക്കുറിച്ചായി. ബഷീറിനെ മുഖാമുഖം കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ എല്ലാ കൃതികളും വായിച്ചതായി അദ്ദേഹം പറഞ്ഞു.

മീരാന്‍ ബഷീറിനെ പരിഭാഷപ്പെടുത്തി നോക്കിയതും അതില്‍ പരാജയപ്പെട്ടതുമെല്ലാം അദ്ദേഹം മുമ്പേ പരിചിതനായ സുഹൃത്തിനോടെന്ന പോലെ എന്നോട് പങ്കുവെച്ചു. അന്ന് ഏറെ നേരം സംസാരിക്കുകയും ഒന്നിച്ച് ചായ കുടിച്ച് ഞങ്ങള്‍ പിരിയുകയും ചെയ്തു.

സത്യം പറഞ്ഞാല്‍, ഞങ്ങള്‍ക്കിടയില്‍ പ്രഥമ കൂടിക്കാഴ്ചയില്‍ തന്നെ ഒരാത്മബന്ധം സ്ഥാപിതമായി. പിന്നീട് മലബാറിലേക്കുള്ള യാത്രകളിലെല്ലാം അദ്ദേഹം ഫോണ്‍ ചെയ്ത് അറിയിക്കുമായിരുന്നു. 2003ല്‍ പി.എച്ച്.ഡിക്കു ചേരുമ്പോള്‍ ഏതു വിഷയത്തില്‍ ഗവേഷണം നടത്തണം എന്നാലോചിച്ച് കൊണ്ടിരിക്കെ, അന്ന് ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ മലയാളം അധ്യാപകനായിരുന്ന ഡോ.അകവൂര്‍ നാരായണനെ യാദൃശ്ചികമായി തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാത്രയില്‍ പരിചയപ്പെടാന്‍ ഇടയായി.

തോപ്പില്‍ മുഹമ്മദ് മീരാന്‍

പല വിഷയങ്ങളും സംസാരിക്കുന്നതിനിടയില്‍ അദ്ദേഹമെന്നോട് ചോദിച്ചു, ‘മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ‘ബഷീറും മീരാനും’ എന്ന ലേഖനം വായിച്ചിട്ടുണ്ടോ?’ എന്ന്. ഞാന്‍ വായിച്ച കാര്യവും മീരാനെ പരിചയപ്പെട്ടതുമെല്ലാം സൂചിപ്പിച്ചപ്പോള്‍ അകവൂര്‍ ചോദിച്ചു: ‘എന്തുകൊണ്ട് നിങ്ങള്‍ക്ക് മീരാനെയും ബഷീറിനെയും ഒരു താരതമ്യ പഠനം നടത്തിക്കൂടാ?’

അകവൂറിന്റെ ഈ ചോദ്യം എനിക്കേറെ സ്വീകാര്യമായി തോന്നി. ഞാനീ കാര്യം എന്റെ റിസര്‍ച്ച് ഗൈഡ് ഡോ.എ. നുജൂമുമായി ചര്‍ച്ച ചെയ്തു. ഞങ്ങള്‍ രണ്ടു പേരും മീരാന്‍ കൃതികള്‍ വായിച്ചിരുന്നില്ല. എന്നാല്‍ ‘ബഷീറും മീരാനും’ എന്ന ലേഖനം വായിക്കുകയും മീരാനും ബഷീറിനുമിടയില്‍ ചില സാമ്യങ്ങള്‍ ഉണ്ടാവാമെന്ന് ഊഹിക്കുകയും ചെയ്തു.

അങ്ങനെ ‘വൈക്കം മുഹമ്മദ് ബഷീറും തോപ്പില്‍ മുഹമ്മദ് മീരാനും ഒരു താരതമ്യ പഠനം’ എന്ന വിഷയം ഗവേഷണ വിഷയമായി സ്വീകരിച്ച് കോഴിക്കോട് സര്‍വ്വകലാശാലയില്‍ സിനോപ്സിസ് സമര്‍പ്പിച്ചു. ഇക്കാര്യം അറിയിച്ച് കൊണ്ട് മീരാന് കത്തെഴുതിയപ്പോള്‍ അദ്ദേഹം ഏറെ സന്തോഷവും സഹകരണവും അറിയിച്ച് കൊണ്ട് ഫോണ്‍ ചെയ്തു.

വൈക്കം മുഹമ്മദ് ബഷീര്‍

ഒപ്പം അടുത്ത ദിവസം കോഴിക്കോട്ടൊരു പരിപാടിക്ക് വരുന്നുണ്ടെന്നും അപ്പോള്‍ നേരിട്ട് സംസാരിക്കാമെന്നും അദ്ദേഹം അറിയിച്ചു. അങ്ങനെ അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ വെച്ച് മീരാന്റെ സാഹിത്യം, നാട്, കുടുംബം, സമകാലീന തമിഴ് സാഹിത്യം തുടങ്ങി പലതും സുദീര്‍ഘമായി പങ്കുവെച്ചു.

കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണമെന്ന ഗ്രാമത്തില്‍ 1944 സെപ്തംബര്‍ 26 നാണ് മീരാന്‍ ജനിച്ചത്. മുഹമ്മദ് അബ്ദുല്‍ ഖാദറും ഫാത്തിമയുമാണ് മാതാപിതാക്കള്‍. തേങ്ങാപ്പട്ടണം അംശി ഹൈസ്‌കൂളിലും നാഗര്‍കോവില്‍ എസ്.ടി.കോളേജിലുമായിരുന്നു വിദ്യാഭ്യാസം.

ഇക്കണോമിക്സില്‍ ബിരുദധാരിയാണ്. പിതാവ് ഉണക്കമീന്‍ കച്ചവടക്കാരനായിരുന്നു. കടല്‍ കരയിലുള്ള ചെറുവ്യാപാരികളില്‍ നിന്നും ഉണക്കമീന്‍ തൂക്കി വാങ്ങി തൂത്തുകുടിയിലേക്ക് അയക്കലായിരുന്നു ജോലി.
നാഗര്‍കോവില്‍ എസ്.റ്റി.ഹിന്ദു കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു (ഡോ.എം.എം.ബഷീര്‍ അന്നവിടെ മലയാളം അധ്യാപകനായിരുന്നു) ബാപ്പയുടെ മരണം.

അതോടെ പഠനം ഉപേക്ഷിച്ച് പല ജോലികളിലും ഏര്‍പ്പെട്ടു. അവസാന കാലത്ത് വറ്റല്‍മുളകിന്റെ മൊത്തവ്യാപാരിയായിരുന്നു. നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരത്തേക്കും മറ്റും മുളകെത്തിച്ച് ബിസിനസ് ചെയ്യുന്നതിനിടയില്‍ തന്നെ തന്റെ ചുറ്റുമുള്ള സാധാരണക്കാരുടെ എരിയുന്ന ജീവിതം അസാമാന്യമായി അടയാളപ്പെടുത്തിക്കൊണ്ടേയിരുന്നു.

രണ്ട്

മീരാനെയും ബഷീറിനെയും താരതമ്യപഠനം നടത്തികൊണ്ടുള്ള ഗവേഷണം ആറു മാസത്തോളം തുടര്‍ന്നു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ മലയാളത്തില്‍ പ്രസിദ്ധീകൃതമായ രചനകളെല്ലാം വായിച്ചു. മീരാന്റെ കൃതികളേറെയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രഗത്ഭരായ വിവര്‍ത്തകരാണ്. 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായ ചാരുകസേര പരിഭാഷപ്പെടുത്തിയത് ശൂരനാട് രവിയാണ്.

കൂനന്‍തോപ്പ് മൊഴിമാറ്റം ചെയ്തത് പ്രമുഖ ഭാഷാപണ്ഡിതനായ ഡോ. ടി.ബി. വേണുഗോപാലപ്പണിക്കരും. കൂനന്‍തോപ്പിന്റെ മൊഴിമാറ്റത്തിന് 2005 ലെ മികച്ച വിവര്‍ത്തകനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് വേണുഗോപാലപ്പണിക്കര്‍ക്ക് ലഭിക്കുകയുണ്ടായി.

മീരാന്‍ കൃതികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി. രചനാരീതിയിലോ പ്രമേയ സ്വീകരണത്തിലോ മീരാനും ബഷീറും പറയത്തക്ക ബന്ധങ്ങളൊന്നുമില്ലായെന്ന്. യഥാതഥാവിഷ്‌ക്കാര രീതി (realistic) യാണ് മീരാന്റേത്.

അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട എഴുത്തുകാരായ തകഴി, കേശവ്ദേവ് തുടങ്ങിയവരുടെ രചനാരീതിയുമായാണ് മീരാന് ഏറെ സാമ്യം. അതേസമയം, സമകാലീന തമിഴ് എഴുത്തുകാരില്‍ നിന്ന് വിഭിന്നമായ ഒരു ശൈലി അദ്ദേഹം സൃഷ്ടിച്ചു.

അതേപറ്റി അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു: ‘എന്റെ മാതൃഭാഷ തമിഴാണ്. പഠിച്ചത് മലയാളവും. അതിനാല്‍ തമിഴ് ഭാഷയില്‍ എനിക്ക് പറയത്തക്ക വ്യുല്‍പത്തിയൊന്നുമില്ല. തമിഴിലെ പഴയ ക്ലാസിക്കുകളൊന്നും ഞാന്‍ വായിച്ചിട്ടില്ല.

ആദ്യകാലത്ത് മനസില്‍ തോന്നുന്നതെല്ലാം പഠിച്ച ഭാഷയായ മലയാളത്തില്‍ എഴുതിവെക്കുമായിരുന്നു. വായിച്ചു നോക്കുമ്പോള്‍ എന്റെ ഗ്രാമത്തിലുള്ള ജനങ്ങളുടെ ജീവിത തുടിപ്പുകള്‍ ഈ ഭാഷയിലൂടെ ശരിക്കും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നു തോന്നി.

പിന്നീട് തമിഴില്‍ അതു തന്നെ എഴുതി വായിച്ചു നോക്കിയപ്പോള്‍ എന്റെ ഗ്രാമവും അതിന്റെ പ്രകൃതി സൗന്ദര്യവും അകൃത്രിമമായി എന്റെ കണ്‍മുന്നില്‍ ദൃശ്യമായി. അവിടുത്തെ കാറ്റിന്റെ കുളിര്‍മ ഞാന്‍ അനുഭവിച്ചു.

‘അങ്ങനെ എനിക്കൊരു ബോധോദയമുണ്ടായി. എന്റെ ഗ്രാമത്തിന്റെയും ജനതയുടെയും കഥ പറയാന്‍ എന്റെ മാതൃഭാഷയാണ് ഉചിതമെന്ന്…’

ഈയൊരനുഭവം ബഷീറിലും കാണാം. ബഷീറിന്റെ മാതൃഭാഷ മലയാളമാണെങ്കിലും പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിലാണ്. ബഷീറിന്റെ ആദ്യകാല രചനയായ ‘ബാല്യകാല സഖി’ ആദ്യമെഴുതിയത് ഇംഗ്ലീഷിലാണ് (ഇതിന്റെ കയ്യെഴുത്തുപ്രതിയുടെ കോപ്പി ഡോ.എം.എം.ബഷീറിന്റെ ശേഖരത്തിലുണ്ട്).

ബാല്യകാലസഖി

പിന്നീട് മലയാളത്തിലേക്ക് മാറ്റി എഴുതുകയായിരുന്നു. മലയാള ഭാഷയിലുള്ള പരിമിതി ബഷീറും തമിഴ് ഭാഷയിലുള്ള പരിമിതി മീരാനും പലവുരു വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇരുവരും വ്യത്യസ്തമായ ഭാഷ സൃഷ്ടിക്കുകയായിരുന്നു.

തമിഴ്, മലയാളം, അറബി പദങ്ങള്‍ ഇടകലര്‍ത്തിയുള്ള ഒരു പുതുഭാഷയിലാണ് മീരാന്‍ രചന നിര്‍വഹിച്ചത്. ഇത് സാധാരണ ജനതയുടെ സംസാരഭാഷയോട് ഏറെ ആത്മബന്ധമുള്ള ഭാഷാരീതിയായിരുന്നു. അച്ചടി ഭാഷയേയും അക്കാദമിക് ഭാഷയേയും നിരാകരിച്ച് സാമാന്യജനതയുടെ ഭാഷയില്‍ അസാമാന്യമായി എഴുതുകയായിരുന്നു അദ്ദേഹം.

പ്രാദേശിക ഭാഷ ഉപയോഗിച്ച് പ്രാദേശിക ജീവിതം ചിത്രീകരിക്കുന്ന സമ്പ്രദായത്തെ വട്ടാരത്തമിഴ് എന്നാണ് പറയുക. ഇത്തരമൊരു രചനാ സങ്കേതം തമിഴില്‍ മുമ്പേ നിലനിന്നിരുന്നു. എന്നാല്‍ തന്റെ എഴുത്ത് വട്ടാരത്തമിഴ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പായിരുന്നു.

അത് ശരിയായ നിലപാടായിരുന്നു താനും. ‘മീരാന്‍ ഭാഷ’ മൗലികമായിരുന്നു. ഉപ്പ എന്ന് പ്രയോഗിക്കേണ്ടിടത്ത് ഉപ്പ എന്നും ഉമ്മ എന്ന് പറയേണ്ടിടത്ത് ഉമ്മ എന്നും അദ്ദേഹം പ്രയോഗിച്ചു. ‘സുബ്ഹാനല്ലാ’ എന്നോ ‘അല്‍ഹംദുലില്ലാ’ എന്നോ പ്രയോഗിക്കേണ്ടിടത്ത് അങ്ങനെ തന്നെ പറഞ്ഞു. ഇത് നിലനില്‍ക്കുന്ന ഭാഷാ വ്യവഹാരരീതിയില്‍ നിന്നുള്ള ഒരു വിഛേദവും പുതുവഴി തുറക്കലുമായിരുന്നു.

മീരാന്‍ കൈകാര്യം ചെയ്ത പ്രമേയ പരിസരത്തിന് ഏറെ ബന്ധം യു.എ.ഖാദര്‍, എന്‍.പി.മുഹമ്മദ് തുടങ്ങിയവരുമായിട്ടാണ്. അവരെല്ലാം മീരാന് ഏറെ പ്രിയങ്കരരായ എഴുത്തുകാരായിരുന്നു. പഴയ തെക്കന്‍ തിരുവിതാംകൂറിലെ മുസ്ലിം സാമൂഹിക ജീവിതമാണ് പ്രധാനമായും മീരാന്‍ കൃതികളുടെ സാംസ്‌കാരിക ഭൂമിക.

യു.എ.ഖാദര്‍

അതദ്ദേഹത്തിന് ഏറെ പരിചിതമായ ലോകമായിരുന്നു. സമുദായ മുഖത്ത് പറ്റുന്ന മാലിന്യങ്ങള്‍ ഒരു കണ്ണാടിയിലെന്ന പോലെ കാണിച്ചു കൊടുക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് ഒരഭിമുഖത്തില്‍ മീരാന്‍. അങ്ങനെ സാമുദായികാവസ്ഥ ചിത്രീകരിക്കുമ്പോള്‍ അതില്‍ സ്വാഭാവികമായും അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം കടന്നുവരുമെന്നും സ്വാഭാവികമായും അതിനോടുള്ള എന്റെ അമര്‍ഷം അതില്‍ കാണുമെന്നും മീരാന്‍.

ഇസ്ലാമിക ചരിത്ര സംഭവങ്ങള്‍, വിശ്വാസങ്ങള്‍, മിത്തുകള്‍, നാട്ടു സങ്കല്‍പ്പങ്ങള്‍ തുടങ്ങി ഇസ്ലാമും മുസ്ലിങ്ങളുമായി ബന്ധപ്പെട്ട നിരവധി ഇതിവൃത്തങ്ങള്‍ അദ്ദേഹം തന്റെ രചനയിലേക്ക് സന്നിവേശിപ്പിച്ചു. ‘തെന്‍ഫത്തന്‍’ എന്ന സാങ്കല്‍പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ‘ചാരുകസേര’ യില്‍ രണ്ടര നൂറ്റാണ്ടിന്റെ ചരിത്രമാണ് ഉള്‍ക്കൊള്ളുന്നത്.

അറബിക്കടലിന്റെ തീരത്തുള്ള തന്റെ കൊച്ചുഗ്രാമത്തെ അറബി കച്ചടവക്കാര്‍ പണ്ട് തെന്‍ഫത്തന്‍ എന്ന് വിളിച്ചിരുന്നതായി ചില പഴയ ചരിത്രരേഖകളില്‍ കാണുന്നു എന്നും ഫത്തന്‍, ഫത്തിന്‍ (തമിഴില്‍ പത്തിനം) എന്നതിന് കര എന്നാണ് അര്‍ത്ഥമെന്നും ചാരുകസേരയുടെ മുഖവുരയില്‍ പറയുന്നു.

നാടന്‍ തമിഴാണ് ഈ നോവലില്‍ മീരാന്‍ ഉപയോഗിച്ചത്. തെന്‍ഫത്തന്റെ കഥയില്‍ തിരുവിതാംകൂറിന്റെ ചരിത്രം കൂടി കടന്നുവരുന്നുണ്ട്. തിരുവിതാംകൂറിനെയും തിരുവിതാംകൂര്‍ രാജാക്കന്മാരെയും സേവിച്ചിരുന്ന പാരമ്പര്യവും പ്രതാപവുമുള്ള ഒരു കുടുംബത്തിലെ അഞ്ചാമത്തെ പിന്‍തലമുറയില്‍ നിന്നാണ് നോവലിന്റെ തുടക്കം.

മഹാരാജാവ് തിരുമനസ് കൊണ്ട് കരമൊഴിവാക്കി കൊടുത്ത നോക്കെത്താത്ത ദൂരം വരെയുള്ള ഭൂസ്വത്തുകളുള്ള കുടുംബമായിരുന്നു അത്. അഞ്ചാമത്തെ തലമുറയിലത് എത്തിയപ്പോള്‍ വളരെ കുറച്ചു മാത്രമേ അവശേഷിച്ചുള്ളൂ.

ധൂര്‍ത്തും ദുര്‍വ്യയവും തെമ്മാടിത്തവുമായി കഴിഞ്ഞ മുസ്തഫാ കണ്ണ് എന്ന കാമദാഹിയുടെ ഓര്‍മകളിലൂടെയാണ് മുന്‍ തലമുറയുടെ കഥയുടെ ചുരുളഴിയുന്നത്. സമ്പത്തിന്റെ സിംബലായി ഒരു ചാരുകസേരയും ആധിപത്യത്തിന്റെ അടയാളമായി ഒരു ‘അദബ് പെരമ്പും’ (ചൂരല്‍) ഈ നോവലില്‍ വരുന്നുണ്ട്.

അചേതനമായ ഈ രണ്ടു വസ്തുക്കളാണ് ഈ നോവലിലെ ഏറ്റലും സചേതനമായ കഥാപാത്രങ്ങള്‍.
കടലോര ഗ്രാമത്തിന്റെ കഥ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു നോവലാണ്. ഈ കൃതി ക്രോസ് വേഡ് അവാര്‍ഡിനു ശുപാര്‍ശ ചെയ്യപ്പെട്ടെങ്കിലും അവസാന നിമിഷം തള്ളപ്പെടുകയായിരുന്നു.

മൂന്ന്

ഒരു ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വെച്ച് മലയാള വിഭാഗം തലവനായ ഡോ.എം.എന്‍.കാരശ്ശേരിയോട് ഞാനെന്റെ ഗവേഷണ വിഷയത്തിന്റെ ചില പരിമിതികള്‍ പങ്കുവെച്ചു. ബഷീറും മീരാനും തമ്മിലെ താരതമ്യത്തിന്റെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് പെട്ടെന്ന് ബോധ്യമായി.

വിഷയം മാറ്റുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബഷീറിനെപ്പറ്റി ധാരാളം പി.എച്ച്.ഡികള്‍ ഉണ്ടായിട്ടുണ്ട്. മീരാനെക്കുറിച്ചും…’ അത് ശരിയായിരുന്നു. മീരാനെ കുറിച്ച് പത്തിലേറെ ഗവേഷണ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എം.ഫിലുകള്‍ എത്രയെന്ന് മീരാനുതന്നെ തീര്‍ച്ചയില്ല. അങ്ങനെ ഗൈഡുമായി ആലോചിച്ച് വിഷയം മാറ്റി. ഇക്കാര്യമറിയിച്ച് കൊണ്ട് ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം ഒട്ടും നീരസം പ്രകടിപ്പിച്ചില്ല. അദ്ദേഹത്തെക്കുറിച്ചുണ്ടായ എം.ഫില്‍, പി.എച്ച്.ഡി പഠനങ്ങളെക്കുറിച്ചും അറബിത്തമിഴ് പണ്ഡിതനായ ജര്‍മ്മന്‍ ഗവേഷകന്‍ ടോര്‍സന്‍ (Torsten Tschacher) അടക്കമുള്ള ചില വിദേശ ഗവേഷകര്‍ വീട്ടില്‍ വന്നതിനെക്കുറിച്ചും സൂചിപ്പിച്ചു.

ഒപ്പം ഇനി മലബാറിലേക്ക് വരുമ്പോള്‍ വയനാട്ടിലേക്ക് വരാമെന്നും അറിയിച്ചു. എന്തുകൊണ്ടോ ആ വരവ് നീണ്ടുപോയി. വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ മീരാന്റെ വിളി വന്നു. ഭാര്യാ സമേതം കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്നും തരുവണയിലെ എന്റെ തറവാട്ടില്‍ വന്നു ഒരു ദിവസം താമസിക്കാമെന്നും.

കോഴിക്കോട് വെച്ച് നടക്കുന്ന ഒരു പരിപാടിയില്‍ അതിഥിയായി ക്ഷണിച്ച കാര്യവും അദ്ദേഹം അറിയിച്ചു. അന്നേ ദിവസം ഞാന്‍ കോഴിക്കോട് എത്തണമെന്നായിരുന്നു വ്യവസ്ഥ. ഞാനന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററാണ്.

ചെറൂട്ടി റോഡിലുള്ള റീജിയണല്‍ ഓഫീസിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ പറഞ്ഞതു പോലെ ഞാന്‍ പരിപാടി ദിവസം അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജില്‍ എത്തി. അന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ തന്റെ നാടിന്റെയും സാധാരണക്കാരായ മനുഷ്യരുടെയും കടുത്ത ദാരിദ്ര്യമടക്കമുള്ള പല കാര്യങ്ങളും പങ്കുവെച്ചു.

താമരശ്ശേരി കഴിഞ്ഞയുടനെ ദൃശ്യമായ മേഘാവൃതമായ നീല മല ചൂണ്ടി എന്നോടു പറഞ്ഞു: ‘എന്റെ ഒരു കഥാപാത്രത്തെ ഞാന്‍ ഉപമിച്ചിട്ടുള്ളത് ഇതുപോലെയാണ്. കഥാപാത്രമായ മൗലവിയുടെ തലയില്‍ കെട്ട് ഇതുപോലെയാണ്…’

പൂക്കോട് തടാകവും ബാണാസുര സാഗര്‍ അണക്കെട്ടും കണ്ട്, വൈകുന്നേരത്തോടെ എന്റെ വീട്ടിലെത്തി. സാഹിത്യം പോയിട്ട് അക്ഷരജ്ഞാനം പോലുമില്ലാത്ത ഉമ്മയോട് അദ്ദേഹം തനി നാടനായി, ഉമ്മയ്ക്ക് മനസിലാവുന്ന ഭാഷയില്‍ പല കാര്യങ്ങളും പങ്കുവെച്ചു.

പിറ്റേന്ന് അദ്ദേഹത്തിന്റെ ഭാര്യയെ, ഉമ്മയോടും എന്റെ ഭാര്യയോടുമൊപ്പം നിര്‍ത്തി, ‘കനവ്’ കാണാനായി ഞങ്ങള്‍ പുറപ്പെട്ടു. നോവലിസ്റ്റ് കെ.ജെ.ബേബി ആദിവാസി കുട്ടികള്‍ക്കായി നടത്തുന്ന കനവ് സന്ദര്‍ശിക്കണമെന്ന ആഗ്രഹം അദ്ദേഹം മുമ്പേ പങ്കുവെച്ചിരുന്നു.

ബേബിച്ചായനും കനവിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് അദ്ദേഹത്തെ ഹൃദ്യമായി സ്വീകരിച്ചു. വിദ്യാര്‍ഥികളോട് അദ്ദേഹം അല്‍പനേരം സംസാരിച്ചു. പല വിദ്യാര്‍ഥികളും ചാരുകസേരയും മറ്റും വായിച്ചിരുന്നു. അവര്‍ തമിഴ് കവിതകള്‍ ചൊല്ലാന്‍ മീരാനോട് ആവശ്യപ്പെട്ടു.

മീരാന്‍ അതിമനോഹരമായി പഴയ തമിഴ് കവിതകളും ഗാനങ്ങളും ആലപിച്ചു. വിദ്യാര്‍ഥികള്‍ അകമ്പടിയായി തബല വായിച്ചു. അത്രമേല്‍ ആഹ്ലാദവാനായ മീരാനെ അതിനു മുമ്പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല. അന്ന് വൈകുന്നേരം മാനന്തവാടിയിലെ പുരാതനമായ (1918 ല്‍ സ്ഥാപിതം) പഴശ്ശി ഗ്രന്ഥാലയത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ മീരാന്‍ കനവിലെ നിമിഷങ്ങളെപ്പറ്റി ഏറെ വാചാലനായി. പിറ്റേന്ന് ഉമ്മയോട്, പടച്ചവന്‍ അനുഗ്രഹിച്ചാല്‍ ഇനിയും വരുമെന്ന് പറഞ്ഞാണദ്ദേഹം യാത്രയായത്.

മീരാനോടൊപ്പം, മാപ്പിളപ്പാട്ട് ഗായകന്‍ വി.എം.കുട്ടിയെ കാണുവാന്‍ രണ്ടുതവണ പോയിട്ടുണ്ട്. നാഗൂര്‍ ഹനീഫ എന്ന അനുഗ്രഹീത ‘തമിഴ് മാപ്പിളപ്പാട്ട് ഗായകന്‍ മരണമടഞ്ഞയുടനെയായിരുന്നു ഒരു സന്ദര്‍ശനം. മാപ്പിളപ്പാട്ട്, അറബി മലയാളം, അറബിത്തമിഴ്, നാഗൂര്‍ ഹനീഫ തുടങ്ങി പല വിഷയങ്ങളെപ്പറ്റിയും ആഴത്തില്‍ സംസാരിക്കുന്ന മീരാനെയാണ് അന്ന് ഞാന്‍ കണ്ടത്.

മാപ്പിളപ്പാട്ടിനെയും മാപ്പിള പാരമ്പര്യ കലകളെയും ഏറെ ഇഷ്ടപ്പെട്ടയാളായിരുന്നു മീരാന്‍. അറബിത്തമിഴിനെ പറ്റി നമുക്ക് ഏറെ പറഞ്ഞുതന്നത് മീരാനാണ്.

നാല്

ഒരു ദിവസം രാവിലെ മീരാന്റെ ഫോണ്‍: ‘നീയെന്നെ കാര്യമായൊന്ന് സഹായിക്കണം. ഞാന്‍ വലിയൊരു സാഹസത്തിന് മുതിരുകയാണ്…’ കാര്യമിതാണ്. ജമാല്‍ക്ക (ജമാല്‍ കൊച്ചങ്ങാടി) മാധ്യമം വാര്‍ഷികപ്പതിപ്പിനു വേണ്ടി ഒരു നോവലെറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതെഴുതി ഒരു വിധം ആയിട്ടുണ്ട്. മലയാളത്തില്‍ എഴുതുന്ന ആദ്യ നോവലാണ്. മലയാളത്തില്‍ എഴുതാനുള്ള ആത്മവിശ്വാസം വേണ്ടത്ര പോര. എന്നാലും ജമാല്‍ക്ക പറഞ്ഞാല്‍ എങ്ങനെ നിഷേധിക്കും? ഇതാണ് പറഞ്ഞതിന്റെ ചുരുക്കം.

ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ ധൈര്യമായി എഴുതൂ. ഞാനെല്ലാ കാര്യത്തിനും കൂടെയുണ്ടാകും.’ രചന പൂര്‍ത്തിയായപ്പോള്‍ അദ്ദേഹമെനിക്ക് വായിക്കാനായി തന്നു. വായിച്ചു നോക്കിയപ്പോള്‍ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല.

ചെറിയ തിരുത്തുകള്‍ വരുത്തി തിരിച്ചുനല്‍കി. ‘എരിഞ്ഞു തീരുന്നവര്‍’ എന്ന ആ കൊച്ചുനോവല്‍ പുസ്തകമാക്കാന്‍ തീരുമാനിച്ചപ്പോഴും അദ്ദേഹത്തിന്റെ വിളി വന്നു. നോവല്‍ പുസ്തകമാവുകയാണ്. നീ അതു വായിച്ചയാളല്ലേ.

പുസ്തകത്തില്‍ ചേര്‍ക്കുവാന്‍ ഒരു പഠനം പെട്ടെന്ന് വേണം. ഇതായിരുന്നു ആവശ്യം. ഞാന്‍ ആയിടെ അദ്ദേഹവുമായി സുദീര്‍ഘമായി നടത്തിയ ഒരഭിമുഖം കടലാസിലേക്ക് പകര്‍ത്താതെ കയ്യില്‍ ഉണ്ടായിരുന്നു.

ഞാന്‍ ചോദിച്ചു: ‘മീരാന്‍ സാഹിബ്, നമ്മുടെ ഒരു സംസാരം കൊടുത്താല്‍ പോരേ..’
അതദ്ദേഹത്തിനു സ്വീകാര്യമായിരുന്നു. അങ്ങനെ മലയാളത്തില്‍ എഴുതിയ ആദ്യ നോവലിനൊപ്പം ആ സംഭാഷണവും ചേര്‍ത്തു.

‘ആരോടും ചൊല്ലാതെ’ (പ്രസാധനം: ഐ.പി.ബി ) എന്ന ലേഖന സമാഹാരത്തിലും എഡിറ്റിംഗില്‍ സഹകരിക്കുവാന്‍ എനിക്ക് ഭാഗ്യം ലഭിക്കുകയുണ്ടായി. മീരാനിലെ ശുദ്ധ വിശ്വാസിയുടെ ലോകമാണ് ഈ സമാഹാരത്തില്‍ അനാവൃതമാവുന്നത്.

സദഖത്തുല്ലാഹില്‍ ഖാഹിരി എന്ന ആത്മജ്ഞാനിയെപ്പറ്റി ഈ പുസ്തകത്തില്‍ ഒരു സുദീര്‍ഘ ലേഖനമുണ്ട്. മലയാളിക്ക് ‘ഖുതുബിയ്യ’ത്തിന്റെ കര്‍ത്താവ് എന്ന നിലയ്ക്കാണ് ആ മഹാനുഭാവനെ പരിചയം. അതിലുപരിയായ അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും അടയാളപ്പെടുത്തുന്നതാണ് ആ പഠനം.

മീരാന്‍ എന്ന വ്യക്തിയെ പഠനവിധേയമാക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത കൃതിയാണിത്.
എന്‍.പി.മുഹമ്മദിന്റെ ‘ദൈവത്തിന്റെ കണ്ണ്’ മീരാന് ഏറെ ഇഷ്ടപ്പെട്ട നോവലായിരുന്നു. അത് തമിഴിലേക്ക് പരിഭാഷപ്പെടുത്തണമെന്ന ആഗ്രഹമുണ്ടായപ്പോള്‍, പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുവാനുള്ള അനുമതിക്കുവേണ്ടിയുള്ള കാര്യങ്ങള്‍ ഒരുക്കുവാനായി കോഴിക്കോട്ടു വന്നു.

അന്ന് എന്‍.പി.മുഹമ്മദിന്റെ മകനും പ്രമുഖ എഴുത്തുകാരനുമായ എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ വീട്ടില്‍ ഒന്നിച്ചുപോയത് ഓര്‍ക്കുന്നു. പരിഭാഷ നിര്‍വഹിക്കുന്നതിനിടയില്‍, എന്‍.പി. പ്രയോഗിച്ച ചില പ്രാദേശിക മാപ്പിള ഭാഷാ പദങ്ങളുടെ (Mappila slang) അര്‍ത്ഥം ചോദിച്ച് അദ്ദേഹം ഫോണ്‍ ചെയ്യുമായിരുന്നു.

തന്നെ ഏറെ ആകര്‍ഷിച്ചതും തമിഴ് വായനക്കാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്നു ആശിച്ചതുമായ കൃതികളാണ് മീരാന്‍ വിവര്‍ത്തനം ചെയ്തവയെല്ലാം. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ഒരുപക്ഷേ, ഇന്ത്യന്‍ സാഹിത്യത്തില്‍ തന്നെയുണ്ടായ ഏറ്റവും മികച്ച കവിതയാണ് സച്ചിദാനന്ദന്റെ സാക്ഷ്യങ്ങള്‍.

ഈ കവിത തമിഴിലേക്ക് പരിഭാഷപ്പെടുത്തുകയും ചെങ്കതിര്‍, തീക്കനല്‍, മുസ്ലിംമുരിശ്, സമരസം തുടങ്ങിയ തമിഴ് പത്ര വാരികകളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തത് ചില ബോധ്യങ്ങളുടെയും പ്രതിബദ്ധതയുടെയും പ്രതിഫലനങ്ങളായി കാണേണ്ടതാണ്.

മലയാളത്തില്‍ നിന്ന് തനിക്കിഷ്ടപ്പെട്ട ഒട്ടേറെ രചനകള്‍ പല കാലത്തായി അദ്ദേഹം തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ബദ്റുല്‍ മുനീര്‍, വൈക്കം മുഹമ്മദ് ബഷീറിന്‍ വാഴ്കൈ വരലാറ് (എം.എന്‍. കാരശ്ശേരി), തൃക്കൊട്ടിയൂര്‍ കുരുണവേല്‍(യു.എ. ഖാദര്‍), മീസാന്‍ കര്‍ക്കളിന്‍ കാവല്‍ (പി.കെ. പാറക്കടവ്), മതഭ്രാന്തന്‍ (ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്) എന്നിവ എടുത്തു പറയേണ്ട വിവര്‍ത്തനങ്ങളാണ്.

അഞ്ച്

വിനയവും എളിമയും ഒത്തിണങ്ങിയ മീരാന്റെ വ്യക്തിത്വം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. വലിയവരെന്നോ ചെറിയവരെന്നോ വിവേചനമില്ലാതെ അങ്ങേയറ്റം വിനയത്തോടുകൂടിയാണ് അദ്ദേഹം പെരുമാറിയിരുന്നത്.

2012 സെപ്റ്റംബറില്‍ സുഹൃത്ത് മന്‍സൂറലിയോടൊപ്പം തിരുനെല്‍വേലിക്കടുത്ത പേട്ടയില്‍ വീരഭാഹു നഗറിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോയതും ഒരു ദിവസം അവിടെ താമസിച്ചതും ധന്യമായ ഓര്‍മകളാണ്. അദ്ദേഹം ഞങ്ങളെ സ്നേഹാദരങ്ങളോടെ സ്വീകരിച്ചു.

ഞങ്ങള്‍ പല കാര്യങ്ങളും പങ്കുവെച്ചു. നല്ലൊരു ഗ്രന്ഥശേഖരത്തിനുടമയാണ് മീരാന്‍. മലയാളം, തമിഴ് ഭാഷകളിലുള്ള അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ പോലും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഗവേഷകര്‍ക്ക് വെളിച്ചം പകരുന്ന അറബിത്തമിഴ് ഗ്രന്ഥങ്ങളുടെ ശേഖരവും മീരാന് സ്വന്തമായുണ്ട്.

ഇതെങ്ങനെ ശേഖരിച്ചു എന്നാരാഞ്ഞപ്പോള്‍ അദ്ദേഹമൊരു സംഭവം അയവിറക്കി. മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മരണപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹത്തിന്റെ ഒരടുത്ത ബന്ധു ഒരു ഗുഡ്സ് വണ്ടി നിറയെ പുസ്തകങ്ങളുമായി മീരാന്റെ വീട്ടുപടിക്കല്‍ വന്ന്, മീരാനെ പുറത്തേക്ക് വിളിച്ചു.

‘താങ്കള്‍ വായനാശീലമുള്ള ആളാണെന്ന് കേട്ടിട്ടുണ്ടെന്നും താങ്കള്‍ക്ക് ഇസ്മായില്‍ സാഹിബിന്റെ ഈ ഗ്രന്ഥശേഖരം കൈമാറാന്‍ ആഗ്രഹിക്കുന്നു’വെന്നും അറിയിച്ചു. മീരാന്‍ സന്തോഷപൂര്‍വം അവ സ്വീകരിച്ചു. അതില്‍ നല്ലൊരു ശതമാനം അറബിത്തമിഴിലുള്ള പുസ്തകങ്ങളായിരുന്നു.

മീരാന് അറബിത്തമിഴ് വശമില്ലായിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം അറബിത്തമിഴില്‍ ഏറെ ഗവേഷണം നടത്തിയിട്ടുള്ള ജര്‍മ്മന്‍ പണ്ഡിതന്‍ ടോര്‍സണ്‍ പാഷര്‍ (ഇദ്ദേഹമാണ് ‘ഒരു കടലോര ഗ്രാമത്തിന്റെ കഥ’ ജര്‍മ്മന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്) മീരാന്റെ വീട്ടില്‍ വന്നു.

അദ്ദേഹം ഈ ഗ്രന്ഥങ്ങള്‍ കാണാനിടയായി. ടോര്‍സനാണ് ഈ ഗ്രന്ഥ നിധിശേഖരത്തിന്റെ വില പറഞ്ഞുകൊടുത്തത്. 1800 കളുടെ ആരംഭത്തില്‍ പ്രസിദ്ധീകൃതമായ മദീനത്തുന്നുഹാസ്, മുഹ്യിദ്ദീന്‍ പുരാണം അടക്കം അപൂര്‍വ ഗ്രന്ഥങ്ങള്‍ ആ ശേഖരത്തില്‍ ഉള്‍പ്പെട്ടിരുന്നു.

കേരളത്തില്‍ നിന്നടക്കം നിരവധി ഗവേഷകര്‍ ഈ പുസ്തകങ്ങള്‍ക്കായി മീരാനെ തേടിയെത്താറുണ്ടായിരുന്നു. രണ്ടാമത്തെ ദിവസം രാവിലെ മീരാനോടൊപ്പം അദ്ദേഹത്തിന്റെ ഗ്രാമത്തിലൂടെയും മറ്റും സഞ്ചരിച്ചു.

പട്ടിണിയും ദാരിദ്ര്യവും നിരക്ഷരത്വവും കൊടികുത്തിവാഴുന്ന അവസ്ഥയാണ് അവിടെ കാണാനായത്. മീരാന്‍ അവര്‍ക്കിടയില്‍ ഏറെ സുപരിചിതനും സ്വീകാര്യനുമാണ്. അദ്ദേഹം ഞങ്ങള്‍ക്ക് ടൗണിന്റെ മൂലയില്‍ പുതുതായി നിര്‍മിച്ച ഒരു ഓലഷെഡ് കാണിച്ചുതന്നു.

മീരാന്‍ പറഞ്ഞു: ‘അത് തൗഹീദ് ജമാഅത്ത് എന്ന ഒരു പുതുപ്രസ്ഥാനക്കാരുടെ കേന്ദ്രമാണ്. ജനങ്ങളുടെ ദാരിദ്ര്യത്തിനും കഷ്ടതയ്ക്കുമിടയില്‍ ഭിന്നിപ്പിന്റെ വിത്തുകൂടി അവര്‍ പാകിക്കൊണ്ടിരിക്കുകയാണ്.’ മന്‍സൂറലി ആ ഷെഡിന്റെ ഫോട്ടോയെടുത്തു.

ഞങ്ങള്‍ തിരിച്ചുനടക്കാന്‍ ഒരുങ്ങവെ ഏതാനും യുവാക്കള്‍ വന്ന്, എന്തിനാണ് ഫോട്ടോയെടുത്തത് എന്നൊക്കെ ചോദിച്ചുകൊണ്ട് ക്ഷുഭിതരായി. മീരാന്‍ ഒരുവിധം കാര്യങ്ങള്‍ പറഞ്ഞ് അവരെ മനസിലാക്കി. എന്തോ ചില നിഗൂഢതകള്‍ സൂക്ഷിക്കുന്നവരാണ് അവരെന്നു തോന്നി.

സ്വന്തം നാട്ടില്‍ എഴുത്തുകാരന്‍ എന്നതിലുപരി സാമൂഹിക പ്രവര്‍ത്തകനാണ് മീരാന്‍. നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നയാള്‍. ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ യെപറ്റി വളരെ വ്യത്യസ്തമായ അഭിപ്രായമുള്ളയാളായിരുന്നു മീരാന്‍.

ശ്രീലങ്കയില്‍ പോയി ‘വിടുതലൈ പുലി’ പക്ഷത്ത് നിന്ന് പിരിഞ്ഞുപോയി സര്‍ക്കാര്‍പക്ഷ എം.പിയായ കരുണയെ ശ്രീലങ്കന്‍ പാര്‍ലമെന്റിനകത്തുവെച്ച് ദീര്‍ഘമായി അഭിമുഖം ചെയ്തിട്ടുണ്ട് മീരാന്‍. പ്രതിപക്ഷ എം.പിയും മുന്‍ ഗതാഗത മന്ത്രിയുമായ റഊഫ് ഹകീം, ശ്രീലങ്കന്‍ മുസ്ലിം കോണ്‍ഗ്രസിന്റെ ചെയര്‍മാനായ ബഷീര്‍ ശൈഖ് ദാവൂദ് എം.പി, എല്‍.ടി.ടി.ഇയുടെ വക്താവായ എസ്.ജയാനന്ദമൂര്‍ത്തി എം.പി എന്നിങ്ങനെ വ്യത്യസ്ത വീക്ഷണഗതിക്കാരുമായി സംസാരിച്ച് അദ്ദേഹം തയാറാക്കിയ എല്‍.ടി.ടി.ഇ.യെ പറ്റിയുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

ശ്രീലങ്കന്‍ എഴുത്തുകാരുമായും രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തില്‍ ശ്രീലങ്കന്‍ തമിഴ് സാഹിത്യകാരന്മാരുടെ കൃതികള്‍ പ്രത്യേകമൊരുക്കി വെച്ചിരുന്നു.

മീരാന്‍ എല്ലാ അര്‍ഥത്തിലും ഒരര്‍ദ്ധമലയാളിയായിരുന്നു. ഒരു കടലോര ഗ്രാമത്തിന്‍ കതൈ (1988, The story of Sea Side Village), തുറൈമുഖം (1991, Harbour), കൂനന്‍തോപ്പ് (1993, The Grove of a Hunchback), ചായ്വുനാര്‍ക്കലി (1995, The Reclining chair), അഞ്ചു വണ്ണം തെരു(2011) എന്നീ നോവലുകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ‘അന്‍പുക്കു മുതുമൈ ഇല്ലൈ’, ‘തങ്കരാശു’, ‘അനന്തശയനം കോളനി’, ‘തോപ്പില്‍ മുഹമ്മദ് മീരാന്‍ കതൈകള്‍’, ‘ഒരു മാമരമും കൊഞ്ചം പറവൈകളും’ എന്നീ കഥാ സമാഹാരങ്ങള്‍ ഇപ്പോഴും പൂര്‍ണമായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടില്ല.

എങ്കിലും, ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിനെപ്പറ്റി എന്‍.എസ്.മാധവന്‍ പറഞ്ഞതുപോലെ, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ് തോപ്പില്‍ മുഹമ്മദ് മീരാന്‍. അദ്ദേഹത്തിന്റെ വിയോഗം തമിഴ് ഭാഷയ്ക്കും സാഹിത്യത്തിനുമെന്ന പോലെ മലയാള ഭാഷയ്ക്കും തീരാനഷ്ടമാണ്.

content highlight: azeez tharuvana about thoppil muhammad meeran

അസീസ് തരുവണ
എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്