World News
നിർജ്ജലീകരണവും പോഷകാഹാരക്കുറവും മൂലം കുട്ടികൾ മരിച്ച് വീഴുന്നു; യുദ്ധത്തോടൊപ്പം ​​ഗസയിൽ പട്ടിണിയും പെരുകുന്നതായി യു.എൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 27, 02:59 pm
Thursday, 27th June 2024, 8:29 pm

ജെറുസലേം: യുദ്ധത്തോടൊപ്പം ​ഗസയിൽ പട്ടിണി മരണങ്ങളും ദിവസേന വർധിക്കുന്നതായി യു.എൻ. ഫലസ്തീനികൾ കടുത്ത പട്ടിണിയും ആരോഗ്യ പ്രതിസന്ധികളെയുമാണ് അഭിമുഖീകരിക്കുന്നതെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസി അവരുടെ പ്രസ്താവനയിൽ പറഞ്ഞു.

യുദ്ധം ആരംഭിച്ചത് മുതൽ കഷ്ടപ്പാടുകളിലൂടെയാണ് ഫലസ്തീനികൾ കടന്ന് പോകുന്നതെന്ന് യു.എൻ.ആർ.ഡബ്ലൂ.എ വ്യാഴാഴ്ച പറഞ്ഞു. ഫലസ്തീനികൾ വിനാശകരമായ വിശപ്പിനെയാണ് സഹിക്കുന്നത്. പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം കുട്ടികൾ മരിച്ച് വീഴുകയാണെന്നും യു.എൻ അവരുടെ പ്രസ്താവനയിൽ പറഞ്ഞു.

“​ഗസയിലെ മനുഷ്യർ ജീവിക്കാൻ വേണ്ടി പോരാടുകയാണ്. സുരക്ഷ തേടിയെത്തുന്ന സ്ഥലങ്ങളിൽ നിന്ന് അവർ ആവർത്തിച്ച് കുടിയിറക്കപ്പെടുകയാണ്. രണ്ടു ദശലക്ഷത്തിലധികം ആളുകൾക്ക് ​ഗസ നരകതുല്യമായി മാറി. അവർക്ക് ​ഗസയിപ്പോൾ ഒരു പേടി സ്വപ്നമാണ് ,”​യു.എൻ പ്രസ്താവനയിൽ പറഞ്ഞു.

ഒക്‌ടോബർ ഏഴിന് ആരംഭിച്ച ആക്രമണങ്ങൾക്ക് ശേഷം ഉടനടി വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം ലംഘിച്ചതിന് ഇസ്രഈൽ വ്യാപക വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

ഇതുവരെ 37,000ത്തിലധികം ഫലസ്തീനികളാണ് ​ഗസയിൽ കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഏകദേശം 86,000 പേർക്ക് പരിക്കേറ്റതായും ​ഗസയിലെ ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു.

യുദ്ധവും ഉപരോധവും തുടരുന്നതിനിടെ എട്ട് മാസത്തിലേറെയായി ഭക്ഷണത്തിൻ്റെയും ശുദ്ധജലത്തിൻ്റെയും മരുന്നുകളുടെയും ക്ഷാമം ​ഗസയിൽ ഇപ്പോഴും തുടരുകയാണ്. അതിനിടയിൽ ആക്രമണങ്ങളാൽ ​ഗസ പൂർണമായും തകരുകയും ചെയ്തു.

അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രഈലിനെതിരെ വംശഹത്യ ആരോപിക്കുകയും റഫയിലെ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. പക്ഷെ ആക്രമണങ്ങൾ തുടരുകയാണ് ഇസ്രഈൽ ചെയ്തത്.

റഫയിൽ അഭയം തേടിയ ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾക്കെതിരെയാണ് സൈന്യം മെയ് ആറ് മുതൽ ആക്രമണം ആരംഭിച്ചത്. തുടർന്ന് സുരക്ഷിത മേഖലയെന്ന് ഇസ്രഈൽ തന്നെ പറഞ്ഞിട്ടുള്ള റഫയിൽ നിന്ന് നിരവധി ആളുകൾക്ക് പലായനം ചെയ്യേണ്ടി വന്നു.

Content Highlight: azans ‘endure catastrophic hunger, with children dying from malnutrition, dehydration’: UN