തന്റെ ഫിറ്റ്‌നസിസന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് അസം ഖാന്‍. പാകിസ്ഥാന്‍ ഇതിഹാസ താരം മോയിന്‍ ഖാന്റെ മകനായ അസം ഖാന്‍ മികച്ച പ്രകടനം നടത്തുമ്പോഴും താരത്തിന്റെ തടിച്ച ശരീര പ്രകൃതി മാത്രമാണ് ആളുകള്‍ കണ്ടത്.
എന്നാല്‍ തന്റെ ശരീര പ്രകൃതിയെ കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് അസം ഖാന്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നാഷണല്‍ ടി-20 കപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ താരമെടുത്ത ക്യാച്ചാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്.
കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അബോത്താബാദും കറാച്ചി വൈറ്റ്‌സുമാണ് ഏറ്റുമുട്ടിയത്. ഇതില്‍ അബോത്താബാദ് താരം സജാദ് അലിയെ പുറത്താക്കാന്‍ വേണ്ടിയാണ് അസം ഖാന്‍ ഈ സെന്‍സേഷണല്‍ ക്യാച്ച് കൈപ്പിടിയിലൊതുത്തിയത്.
ഷഹനവാസ് ദഹാനിയെറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഷോട്ടിന് ശ്രമിച്ച അലിക്ക് പിഴച്ചു. ഉദ്ദേശിച്ച രീതിയില്‍ കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയതോടെ പന്ത് കുത്തനെ ഉയര്‍ന്നുപൊങ്ങി.
പന്തില്‍ മാത്രം കണ്ണുനട്ട് ക്യാച്ചിനായി ഓടിയ അസം ഖാന്‍ പിഴവുകളേതും കൂടാതെ ക്യാച്ച് സ്വന്തമാക്കി. ബൗണ്ടറി ലൈനിനടുത്ത് വരെ ഓടിയെത്തിയതിന് ശേഷമാണ് താരം ക്യാച്ചെടുത്തത്. അസം ഖാന് ക്യാച്ച് പൂര്‍ത്തിയാക്കിയത് കണ്ട ദഹാനി പോലും അത്ഭുതപ്പെട്ടിരുന്നു. നാല് പന്തില്‍ ഒരു റണ്‍സ് നേടിയാണ് അലി അസം ഖാന് ക്യാച്ച് നല്‍കി പുറത്തായത്.
2007ല്‍ ലോകകപ്പില്‍ റോബിന്‍ ഉത്തപ്പയെ പുറത്താക്കാന്‍ ഡ്വെയ്ന്‍ ലെവ്‌റോക്കെടുത്ത ക്യാച്ചിനെ അനുസ്മരിപ്പിക്കുന്നതാണ് അസം ഖാന്റെ ക്യാച്ച് എന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം, ഫൈനലില്‍ ഒമ്പത് റണ്‍സിന് വിജയിച്ച കറാച്ചി കപ്പുയര്‍ത്തിയിരുന്നു. വൈറ്റ്‌സ് ഉയര്‍ത്തിയ 156 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അബോത്താബാദിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 146 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അബോത്താബാദിനായി അതിസസ് ഹബീബ് ഖാന്‍ മാത്രമാണ് ചെറുത്തുനിന്നത്. 26 പന്തില്‍ നിന്നും പുറത്താകാതെ 43 റണ്‍സാണ് താരം നേടിയത്. എന്നാല്‍ ഖാന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെ ഒമ്പത് വിക്കറ്റിന് 146 എന്ന നിലയില്‍ അബോത്താബാദ് പോരാട്ടം അവസാനിപ്പിച്ചു.
Quaid-e-Azam Trophy champions ✅
Pakistan Cup runners-up ✅
National T20 Cup champions ✅