Advertisement
national news
വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 08, 02:21 am
Tuesday, 8th April 2025, 7:51 am

ന്യൂദൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ച് ആസാദ് സമാജ് പാർട്ടി പ്രസിഡന്റും എം.പിയുമായ ചന്ദ്രശേഖർ ആസാദ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 14 (നിയമത്തിന് മുന്നിൽ തുല്യത), ആർട്ടിക്കിൾ 15 (മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനന സ്ഥലം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭരണകൂട വിവേചനം നിരോധിക്കൽ), ആർട്ടിക്കിൾ 25 (മതസ്വാതന്ത്ര്യവും സ്വതന്ത്രമായി മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം), ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം), ആർട്ടിക്കിൾ 300 എ എന്നിവ പ്രകാരം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് വഖഫ് നിയമത്തിലെ ഭേദഗതി ചെയ്ത വ്യവസ്ഥകൾ എന്ന് ആസാദ് തന്റെ ഹരജിയിൽ വാദിച്ചു.

വഖഫ് നിയമത്തിന്റെ അടിസ്ഥാന ഘടനയെ ഭേദഗതി നിയമം മാറ്റിമറിക്കുന്നുവെന്നും ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഘടകങ്ങൾ ബില്ലിൽ അവതരിപ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഹരജിയിൽ വിമർശിക്കുന്നു. ഭേദഗതികൾ അമിതമായ എക്സിക്യൂട്ടീവ് നിയന്ത്രണത്തിന് കാരണമാകുമെന്നും വഖഫ് ചട്ടക്കൂടിന്റെ സമുദായാടിസ്ഥാനത്തിലുള്ള ഘടനയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ നാഗിന നിയോജകമണ്ഡലത്തിലെ എം.പിയാണ് ആസാദ്.

പാർലമെന്റ് അടുത്തിടെ പാസാക്കിയ വഖഫ് ഭേദഗതി, ഇസ്‌ലാമിക നിയമത്തിന് കീഴിലുള്ള വഖഫ് സ്വത്തുക്കളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റുകളുടെയും മാനേജ്‌മെന്റിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിയമനിർമാണത്തിനെതിരെ സുപ്രീം കോടതിയിൽ ഒന്നിലധികം ഹരജികൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഹരജികൾ ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി സമ്മതിച്ചിട്ടുണ്ട്.

വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് വ്യക്തികളും രാഷ്ട്രീയ പാർട്ടികളും ഉൾപ്പടെ ഏഴ് ഹരജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.

ഇസ്‌ലാമിക നിയമപ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി മാത്രമായി ദാനം ചെയ്യുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് പറയുന്നത്. ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിനായി 1995ൽ വഖഫ് നിയമം നടപ്പിലാക്കി.

വഖഫ് കൗൺസിൽ, സംസ്ഥാന വഖഫ് ബോർഡുകൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മുതവല്ലി എന്നിവരുടെ അധികാരങ്ങളും പ്രവർത്തനങ്ങളും വഖഫ് നിയമത്തിൽ വ്യക്തമാക്കുന്നു. വഖഫ് ട്രൈബ്യൂണലുകളുടെ അധികാരവും നിയന്ത്രണങ്ങളും ഈ നിയമം വിവരിക്കുന്നു. ഈ നിയമത്തിലാണിപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്.

 

Content Highlight: Azad Samaj president Chandra Shekhar moves top court against Waqf Amendment Act