ന്യൂദല്‍ഹി: ഹൈന്ദവ ആരാധനാലയങ്ങള്‍ക്കെതിരെ മുഗള്‍ ഭരണാധികാരികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വാദം തളളി സുപ്രീം കോടതി. അയോധ്യ വിധി പ്രസ്താവത്തിനിടെയാണ് കോടതി പ്രത്യേക പരാമര്‍ശം നടത്തിയത്.
‘മുഗള്‍ ഭരണകര്‍ത്താക്കള്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നുവെന്ന വാദം ശരിവെക്കാന്‍ കോടതിക്കാവില്ല’.
‘ഹൈന്ദവ ആരാധനാലയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് പറയപ്പെടുന്ന മുഗള്‍ ഭരണാധികാരികള്‍ക്കും മറ്റ് പ്രാചീന ഭരണകര്‍ത്താക്കള്‍ക്കും എതിരെ നടപടി എടുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ള മറുപടിയല്ല നിയമം.
ഭാവിയില്‍ ഇത്തരം പ്രാചീന ഭരണകര്‍ത്താക്കള്‍ക്കെതിരെ ഉയര്‍ന്നേക്കാവുന്ന വാദങ്ങള്‍ ഈ വിധിയോട് കൂടി അവസാനിക്കുകയാണ്’ -കോടതി പറഞ്ഞു.
പ്രാചീന ഭരണകര്‍ത്താക്കള്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നെന്ന രീതിയില്‍ ഭാവിയില്‍ വരാന്‍ പോകുന്ന വാദങ്ങള്‍ക്ക് കൂടി അവസാനമായിരിക്കുകയാണെന്നും വിധിന്യായത്തിനിടെ കോടതി കൂട്ടിച്ചേര്‍ത്തു.
തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറയുകയായിരുന്നു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.