ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ ഇന്ത്യയുടെ ഏയ്‌സ് അക്‌സര്‍ പട്ടേല്‍ തന്നെയായിരുന്നു. രണ്ട് മത്സരത്തിലും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കരുത്തായ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ബൗളിങ്ങിലും കസറിയിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത് അക്‌സര്‍ പട്ടേല്‍ തന്നെയായിരുന്നു. മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ പെട്ടെന്ന് തിരിച്ചുകയറിയപ്പോള്‍ മധ്യനിരയില്‍ അക്‌സറും ദീപക് ഹൂഡയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
രണ്ടാം മത്സരത്തില്‍ 16 റണ്‍സിന് ലങ്കയോട് പരാജയപ്പെടാനായിരുന്നു ഇന്ത്യയുടെ വിധിയെങ്കിലും അക്‌സറിന്റെ പ്രകടനം മികച്ചുനിന്നു. 50 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയായിരുന്നു അക്‌സര്‍ ഇന്ത്യന്‍ നിരയില്‍ കത്തിക്കയറിയത്.
ടി-20 ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ നാലാമത്തെ അര്‍ധ സെഞ്ച്വറിയായിരുന്നു അക്‌സര്‍ സ്വന്തമാക്കിയത്. ഇതിനെല്ലാം പുറമെ ടി-20 ഫോര്‍മാറ്റിലെ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറി കൂടിയായിരുന്ന അത്.
ഇതോടെ രസകരമായ മറ്റൊരു വസ്തുതയാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 2021ലാണ് അക്‌സര്‍ പട്ടേല്‍ ആദ്യമായി അര്‍ധ സെഞ്ച്വറി തികക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റിലായിരുന്നു അന്താരാഷ്ട്ര കരിയറിലെ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറി പിറന്നത്.
തൊട്ടടുത്ത വര്‍ഷം, 2022ല്‍ ഏകദിനത്തിലെ ആദ്യ അര്‍ധ സെഞ്ച്വറിയും, 2023ല്‍ ടി-20 ഫോര്‍മാറ്റിലെ ആദ്യ അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കി. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വിവിധ ഫോര്‍മാറ്റുകളിലായി മെയ്ഡന്‍ അര്‍ധ സെഞ്ച്വറി നേടിയ താരമാണ് അക്‌സറെന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ മൂന്നാം മത്സരത്തിലും അക്‌സറിനെ തന്നെയാണ് ഇന്ത്യ ഏറ്റവുമധികം ആശ്രയിക്കുന്നത്. ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും അക്‌സര്‍ തന്നെയാണ് താരം.
ആദ്യ മത്സരത്തില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ അടിവാങ്ങിക്കൂട്ടിയെങ്കിലും നെഞ്ചിടിപ്പേറ്റിയ അവസാന ഓവറില്‍ മനസാനിധ്യം കൈവിടാതെ പന്തെറിഞ്ഞാണ് അക്‌സര്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.
ആദ്യ മത്സരത്തില്‍ കാര്യമായി റണ്‍ വഴങ്ങിയതിന്റെ പാപഭാരം രണ്ടാം മത്സരത്തില്‍ അക്‌സര്‍ കഴുകിക്കളഞ്ഞിരുന്നു. ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത് അക്‌സര്‍ പട്ടേല്‍ തന്നെയായിരുന്നു.
മൂന്നാം മത്സരത്തിനായി സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഇന്ത്യയിറങ്ങുമ്പോള്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന താരങ്ങളിലൊന്ന് അക്‌സര്‍ തന്നെയാണ്.
Content Highlight: Axar Patel is the player who has scored maiden half-centuries in different formats in consecutive years