17 വര്‍ഷം ധോണി കുത്തകയാക്കി വെച്ച ആ റെക്കോഡ് ഇനി പഴങ്കഥ; ധോണിയുടെ പേരിന് പകരം റെക്കോഡ് ബുക്കില്‍ തന്റെ പേരെഴുതിച്ചേര്‍ത്ത് അക്‌സര്‍
Sports News
17 വര്‍ഷം ധോണി കുത്തകയാക്കി വെച്ച ആ റെക്കോഡ് ഇനി പഴങ്കഥ; ധോണിയുടെ പേരിന് പകരം റെക്കോഡ് ബുക്കില്‍ തന്റെ പേരെഴുതിച്ചേര്‍ത്ത് അക്‌സര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th July 2022, 1:35 pm

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ഏകദിനം നടന്നത്. ഓവലില്‍ വെച്ച് നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ടീമിന്റെ മിഡില്‍ ഓര്‍ഡറിന്റെയും ലോവര്‍ മിഡില്‍ ഓര്‍ഡറിന്റെയും കരുത്ത് വെളിവാക്കുന്ന പ്രകടനമായിരുന്നു ഓവലില്‍ കണ്ടത്. സഞ്ജു സാംസണും ദീപക് ഹൂഡയും ഒപ്പം കഴിഞ്ഞ മത്സരത്തിലെ ഷോ സ്റ്റീലര്‍ അക്‌സര്‍ പട്ടേലും ആഞ്ഞടിച്ചതോടെയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.

അക്‌സര്‍ പട്ടേല്‍ എന്ന സ്റ്റാര്‍ ഓള്‍ റൗണ്ടറിന്റെ പ്രകടനമായിരുന്നു ഇന്ത്യ – വിന്‍ഡീസ് മത്സരത്തിലെ ഹൈലൈറ്റ്. ബാറ്റിങ്ങിലും ബൗളിങ്ങിലും തന്റെ മാന്ത്രികത തെളിയിച്ച അക്‌സര്‍ തന്നെയായിരുന്നു കളിയിലെ താരവും.

ഇതിനെല്ലാം പുറമെ ഒരു സൂപ്പര്‍ റെക്കോഡും കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിലൂടെ താരം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. മുന്‍ നായകന്‍ എം.എസ്. ധോണിയെ മറികടന്നാണ് റെക്കോഡ് ബുക്കില്‍ അക്‌സര്‍ ഇടം നേടിയത്.

ഇന്ത്യന്‍ സ്‌കോര്‍ അഞ്ച് വിക്കറ്റിന് 205ല്‍ നില്‍ക്കവെയായിരുന്നു അക്‌സര്‍ ബാറ്റിങ്ങിനിറങ്ങിയത്. 11 ഓവറില്‍ 107 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. തുടര്‍ന്ന് പട്ടേല്‍ നടത്തിയ ആക്രമണത്തിലായിരുന്നു ധോണിയുടെ റെക്കോഡും ഒലിച്ചുപോയത്.

35 പന്തില്‍ നിന്നും 64 റണ്‍സാണ് പട്ടേല്‍ സ്വന്തമാക്കിയത്. മൂന്ന് ബൗണ്ടറിയും അഞ്ച് സിക്‌സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ആ അഞ്ച് സിക്‌സറാണ് ധോണിയുടെ റെക്കോഡിനെ കടപുഴക്കിയെറിഞ്ഞത്.

റണ്‍ ചെയ്‌സിനിടെ ഏഴാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം എന്ന ധോണിയുടെ റെക്കോഡാണ് പട്ടേല്‍ തിരുത്തിക്കുറിച്ചത്.

2005ല്‍ സിബാബ്‌വേക്കെതിരായ മത്സരത്തില്‍ ധോണി നേടിയ മൂന്ന് സിക്‌സറുകളായിരുന്നു ഇത്രയം നാളത്തെ റെക്കോഡ്. ഓള്‍ റൗണ്ടര്‍ യൂസുഫ് പത്താന്‍ രണ്ട് തവണ ഈ റെക്കോഡിനൊപ്പമെത്തിയിരുന്നെങ്കിലും മറികടക്കാനായില്ല.

2011ലായിരുന്നു പത്താന്റെ നേട്ടം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും അയര്‍ലാന്‍ഡിനെതിരെയുമായിരുന്നു ഏഴാം നമ്പറില്‍ ഇറങ്ങി പത്താന്‍ മൂന്ന് സിക്‌സര്‍ പറത്തിയത്.

അതേസമയം, രണ്ടാം മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ന് മുന്നിലാണ് ഇന്ത്യ.

ജൂലൈ 29നാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം. പരമ്പര വൈറ്റ്‌വാഷ് ചെയ്യാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മുഖം രക്ഷിക്കാനാവും വിന്‍ഡീസ് ഇറങ്ങുന്നത്. ഓവല്‍ തന്നെയാണ് വേദി.

 

Content highlight:  Axar Patel breaks the 17-year-old record of MS Dhoni