സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു
Daily News
സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2014, 7:10 pm

auto[] തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സംയുക്ത സമരസമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ഈ മാസം 29ന് ഗതാഗത മന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. നിരക്കുകള്‍ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചാണ് സംയുക്ത സമരസമിതി ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് നടത്തിയത്.

ഐ.എന്‍.ടി.യു.സി ഒഴികെയുള്ള സംഘടനകളാണ് ഇന്ന് പണിമുടക്കിയത്. ഓട്ടോ-ടാക്‌സി നിരക്കുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഐ.എന്‍.ടി.യു.സി പണിമുടക്കില്‍ നിന്ന് പിന്‍മാറിയത്.

ഓട്ടോ-ടാക്‌സി നിരക്കുകള്‍ സര്‍ക്കാര്‍ ബുധനാഴ്ച വര്‍ധിപ്പിച്ചിരുന്നു. ഓട്ടോയുടെ മിനിമം നിരക്ക് 20 രൂപയും ടാക്‌സിക്ക് മിനിമം 150 രൂപയും ആയാണ് നിരക്ക് വര്‍ധിപ്പിച്ചത്. മിനിമം നിരക്കിനൊപ്പം മിനിമം ദൂരവും വര്‍ധിപ്പിച്ചത് മൂലമാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിയത്.