സിഡ്‌നി: മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ഒന്നാം പേജില്‍ കറുപ്പ് പടര്‍ത്തി പത്രങ്ങള്‍.
ദേശീയ- പ്രാദേശിക പത്രങ്ങളായ ദ ഓസ്‌ട്രേലിയന്‍, ദ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ്, ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യു, ഡയ്‌ലി ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങളാണ് ഒന്നാം പേജിലെ അക്ഷരങ്ങളില്‍ കറുപ്പ് പടര്‍ത്തി പത്രം പ്രിന്റ് ചെയ്തത്.
രാജ്യത്തെ ചാനലുകളിലൂടെ പോലും സര്‍ക്കാരിനെതിരായ പ്രതിഷേധം പരസ്യങ്ങളിലൂടെ പുറത്തു വന്നു. സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് സത്യം മറച്ചു വെയ്ക്കുമ്പോള്‍ എന്താണ് അവര്‍ നിങ്ങളില്‍ നിന്നും മറച്ചു വെയ്ക്കുന്നതെന്നാണ് പരസ്യങ്ങളിലൂടെ പ്രേക്ഷകരോട് ചോദിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാരിനെ വെട്ടിലാക്കുന്ന രണ്ടു വാര്‍ത്തകള്‍ ഈ വര്‍ഷം ആദ്യം പുറത്തു വന്നതോടെ എബിസിയിലും ന്യൂസ് കോര്‍പ്പിലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ഫെഡറല്‍ പോലീസ് നടത്തിയ റെയ്ഡിന് ശേഷമാണ് പ്രതിഷേധം ശക്തമായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂസ് കോര്‍പ്പിലെ മാധ്യമ പ്രവര്‍ത്തക അന്നിക സ്‌മെത്ത്‌റസ്റ്റിന്റെ വീട്ടിലും സിഡിനിയിലെ എബിസിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും പോലീസ് റെയ്ഡ് നടത്തിയെന്ന് മീഡിയ എന്റര്‍ടെയിന്‍മെന്റ് ആന്‍ഡ് ആര്‍ട്‌സ് അലയന്‍സ് യൂണിയന്‍ തലവന്‍ പോള്‍ മര്‍ഫി പറഞ്ഞു.
പ്രധാനമായും മൂന്നു മാധ്യമപ്രവര്‍ത്തകരാണ് റെയ്ഡിന് ശേഷം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടത്. സര്‍ക്കാര്‍ ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കിടയില്‍ ചാരവൃത്തി നടത്തുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയെന്നതിനാണ് അന്നികയെ കേസിലുള്‍പ്പെടുത്തുന്നത്.
അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിനിടെ ഓസ്‌ട്രേലിയന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് അനധികൃതമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്ന് എബിസിയിലെ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനാണ് അവരെ കേസില്‍ ഉള്‍പ്പെടുത്തിയത്.
ഓസ്‌ട്രേലിയയിലെ അപകീര്‍ത്തി നിയമം സങ്കീര്‍ണവും കര്‍ശനമേറിയതുമാണ്. മറ്റു ജനാധിപത്യ രാജ്യങ്ങളെപ്പോലെ ഭരണഘടനാപരമായി ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയോ അതിനായി കരടു നിയമമോ ഓസ്‌ട്രേലിയയില്‍ ഇതുവരെയില്ല.
അതേസമയം എപ്പോഴും മാധ്യമ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നുണ്ട്, എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ നിയമത്തിനു മുകളില്‍ പോകാന്‍ പാടില്ലെന്നും ഓസ്‌ട്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.