ന്യൂസിലാന്‍ഡിനെ അടിച്ചുതകര്‍ത്ത് ഓസ്‌ട്രേലിയ നേടിയത് ചരിത്രനേട്ടം; ഇന്ത്യക്ക് പോലുമില്ല ഇതുപോലൊരു റെക്കോഡ്
Cricket
ന്യൂസിലാന്‍ഡിനെ അടിച്ചുതകര്‍ത്ത് ഓസ്‌ട്രേലിയ നേടിയത് ചരിത്രനേട്ടം; ഇന്ത്യക്ക് പോലുമില്ല ഇതുപോലൊരു റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th March 2024, 1:44 pm

ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. അവസാന മത്സരത്തില്‍ കിവീസിനെ മൂന്ന് വിക്കറ്റുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്.

മത്സരത്തില്‍ 279 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു. 80 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

എന്നാല്‍ അവിടെ നിന്നും മിച്ചല്‍ മാര്‍ഷും അലക്‌സ് കാരിയും ചേര്‍ന്ന് ഓസീസ് ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷ് പത്ത് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടെ 102 പന്തില്‍ 80 റണ്‍സും അലക്‌സ് ക്യാരി 15 ഫോറുകള്‍ ഉള്‍പ്പെടെ 123 പന്തില്‍ പുറത്താവാതെ 98 റണ്‍സും നേടി തകര്‍പ്പന്‍ ബാറ്റിങ് നടത്തി. അവസാനം നായകന്‍ പാറ്റ് കമ്മിന്‍സ് പുറത്താവാതെ 44 പന്തില്‍ 32 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് മത്സരത്തില്‍ ചെയ്സ് ചെയ്ത് വിജയിക്കുന്ന ടീമിന്റെ ആറ് വിക്കറ്റുകള്‍ നഷ്ടമായതിനുശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീമായി മാറാനാണ് ഓസ്‌ട്രേലിയക്ക് സാധിച്ചത്. മത്സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ പോയതിനുശേഷം ആറാം വിക്കറ്റില്‍ ഓസ്‌ട്രേലിയ 210 റണ്‍സാണ് നേടിയത്.

ഇതിന് മുമ്പ് ഈ നേട്ടത്തില്‍ എത്തിയത് ശ്രീലങ്കയായിരുന്നു. 2017ല്‍ സിംബാബ്വെക്കെതിരെ നടന്ന മത്സരത്തില്‍ 190 റണ്‍സായിരുന്നു ലങ്ക നേടിയത്.

അതേസമയം കിവീസ് ബൗളിങ്ങില്‍ ബെന്‍ സിയേഴ്‌സ് നാല് വിക്കറ്റുകള്‍ വീഴ്ത്തി തുടക്കത്തില്‍ തന്നെ ഓസീസിനെ ഞെട്ടിക്കുകയായിരുന്നു. 17 ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 90 റണ്‍സ് വിട്ടു നല്‍കിയാണ് ബെന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. സിയേഴ്‌സിന് പുറമെ കിവീസ് ബൗളിങ്ങില്‍ മാറ്റ് ഹെന്റി രണ്ട് വിക്കറ്റും നായകന്‍ ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Australian cricket team create a new record in test