ചാമ്പ്യന്‍സ് ട്രോഫി പടിവാതില്‍ക്കലെത്തി നില്‍ക്കവെ ഓസ്‌ട്രേലിയന്‍ ആരാധകര്‍ നിരാശയിലാണ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ പരിക്കിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെ നേരിട്ട പരാജയങ്ങളാണ് ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുന്നത്. രണ്ട് മത്സരങ്ങളുടെ പരമ്പര 2-0നാണ് ഓസീസ് പരാജയപ്പെട്ടത്.
ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ ഒടുവില്‍ കളിച്ച നാല് മത്സരത്തിലും രണ്ട് പരമ്പരകളിലും കങ്കാരുക്കള്‍ക്ക് പരാജയം നേരിടേണ്ടി വന്നിരിക്കുകയാണ്. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇതിന് മുമ്പ് ഓസീസ് ഏകദിന പരമ്പര പരാജയപ്പെട്ടത്.
Sri Lanka finishes the ODI series in style with a MASSIVE 174-run victory over Australia!
🇱🇰 We take the series 2-0! 🏆
This is Sri Lanka’s BIGGEST ODI win against Australia EVER! 🔥 #SLvAUS pic.twitter.com/2hNy6nJw72
— Sri Lanka Cricket 🇱🇰 (@OfficialSLC) February 14, 2025
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് ലീഡ് നേടിയെങ്കിലും ശേഷിച്ച രണ്ട് മത്സരത്തിലും വന്‍ പരാജയമാണ് കങ്കാരുക്കള്‍ക്ക് നേരിടേണ്ടി വന്നത്.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കങ്കാരുക്കള്‍ രണ്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്റ്റീവ് സ്മിത്തും മിച്ചല്‍ സ്റ്റാര്‍ക്കും അടങ്ങുന്ന തകര്‍പ്പന്‍ നിരയാണ് പാകിസ്ഥാനെ നേരിട്ടത്.
പരമ്പരയിലെ ആദ്യ മത്സരത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷം അഡ്‌ലെയ്ഡില്‍ ആതിഥേയര്‍ രണ്ടാം മത്സരത്തിനുള്ള പിച്ചൊരുക്കി. പാകിസ്ഥാന്റെ ബൗളിങ് നിരയ്ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ ഓസീസ് 163ന് പുറത്തായപ്പോള്‍ ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കിയ സന്ദര്‍ശകര്‍ പരമ്പരയിലൊപ്പമെത്തി.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഓസീസ് വീണ്ടും നിരാശപ്പെടുത്തി. പാക് ബൗളര്‍മാര്‍ കളമറിഞ്ഞ് കളിച്ചതോടെ ഓസീസ് 140ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയവും ഒപ്പം പരമ്പരയും സ്വന്തമാക്കി.
ഏകദിന പരമ്പര പരാജയപ്പെട്ടതിന് ശേഷം പാകിസ്ഥാനെതിരെ ടി-20 പരമ്പരയും ഇന്ത്യ, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി ഓസ്‌ട്രേലിയ തിളങ്ങി. എന്നാല്‍ ഏകദിനത്തില്‍ ഒരിക്കല്‍ക്കൂടി ലോകചാമ്പ്യന്‍മാര്‍ക്ക് കാലിടറി.
പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍കസ് സ്റ്റോയ്‌നിസ്, ജോഷ് ഹെയ്‌സല്‍വുഡ് അടക്കമുള്ള സൂപ്പര്‍ താരങ്ങളില്ലാതെയാണ് ഓസീസ് ലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരക്കിറങ്ങിയത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള പ്രാക്ടീസ് മാച്ച് എന്ന നിലയിലാണ് ആരാധകര്‍ ഈ മാച്ചിനെ കണ്ടത്. ചാമ്പ്യന്‍സ് ട്രോഫിയിലും ഈ സൂപ്പര്‍ താരങ്ങള്‍ ടീമിനൊപ്പമില്ലാത്ത സാഹചര്യത്തില്‍ സ്റ്റീവ് സ്മിത്തിന് കീഴില്‍ അണിനിരന്ന യുവതാരങ്ങളുടെ പൊട്ടെന്‍ഷ്യല്‍ മനസിലാക്കുക എന്നതുകൂടിയായിരുന്നു ആരാധകരുടെ കണക്കുകൂട്ടല്‍.
ലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 49 റണ്‍സിന് പരാജയപ്പെട്ട ഓസീസ് രണ്ടാം മത്സരത്തില്‍ 174 റണ്‍സിനാണ് തോല്‍വി വഴങ്ങിയത്.
ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയ – ശ്രീലങ്ക പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 215 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 165ന് പുറത്തായി.
രണ്ടാം മത്സരത്തിലാകട്ടെ ലങ്കയുടെ 282 റണ്‍സിന്റെ ലക്ഷ്യം ചെയ്‌സ് ചെയ്യാനിറങ്ങിയ ഓസീസിന് 107 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 174 റണ്‍സിന്റെ പരാജയം! ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ പരാജയമാണിത്.
ഈ പരാജയത്തിനൊപ്പം തന്നെ ടീമിന്റെ ബാറ്റിങ് നിരയുടെ കരുത്തും ചര്‍ച്ചയാകുന്നുണ്ട്. രണ്ട് പരമ്പരയിലെ അഞ്ച് മത്സരത്തിലും ഓസീസ് ഓള്‍ ഔട്ടായിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനി ഒരാഴ്ച തികച്ച് ഇല്ല എന്നിരിക്കെ മുന്‍ ചാമ്പ്യന്‍മാര്‍ തങ്ങളുടെ ഗെയിം പ്ലാന്‍ പാടെ പൊളിച്ചെഴുതേണ്ടി വരും.
Content highlight: Australia lost their last ODI matches