Cricket
ചരിത്രത്തിലാദ്യം, ഇങ്ങനെയൊക്കെ ക്രിക്കറ്റിൽ സംഭവിക്കുമോ? അപൂർവനേട്ടവുമായി ഓസ്ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 05, 12:30 pm
Friday, 5th April 2024, 6:00 pm

ബംഗ്ലാദേശ് വുമണ്‍സും – ഓസ്‌ട്രേലിയ വുമണ്‍സും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരി കങ്കാരുപ്പട. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ 77 റണ്‍സിനാണ് ഓസീസ് പരാജയപ്പെടുത്തിയത്.

ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18.1 ഓവറില്‍ 78 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ മെഖാന്‍ ഷട്ട് മൂന്ന് വിക്കറ്റും ജോര്‍ജിയ വരെഹാം രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി. ടൈല വ്‌ലാമിനിക്ക്, എലീസ് പെറി, ആഷ്ലി ഗാര്‍ഡ്‌നെര്‍, സോഫി മോളിന്യൂക്‌സ്, അന്നാബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു.

ഇതിനു പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തത്. വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്നിങ്‌സില്‍ ഏഴ് വ്യത്യസ്ത ബൗളര്‍മാര്‍ ഒരു വിക്കറ്റെങ്കിലും നേടുന്നത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ അലീസി ഹീലി ആറ് ഫോറുകളും രണ്ട് സിക്‌സുകളും ഉള്‍പ്പെടെ 29 പന്തില്‍ 45 റണ്‍സും താഹിലാ മഗ്രാത്ത് രണ്ട് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 29 പന്തില്‍ പുറത്താവാതെ 43 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ബംഗ്ലാദേശ് ബൗളിങ്ങില്‍ നാഹിദ അക്തര്‍ മൂന്ന് വിക്കറ്റ് മികച്ച പ്രകടനം നടത്തി. ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താന 31 പന്തില്‍ 32 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. മറ്റു താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Australia create a rare record in Woman’s T20