ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഓസ്‌ട്രേലിയയെ 134 റണ്‍സിന് പരാജയപ്പെടുത്തി 2023 ലോകകപ്പിലെ തങ്ങളുടെ രണ്ടാം വിജയം ആഘോഷിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്ക.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഓസീസ് 177 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഓസീസിന്റെ ഏറ്റവും വലിയ പരാജയമാണിത്.
🇿🇦 PROTEAS WIN 2️⃣ ON THE TROT
An incredible showing with both bat & ball to dominate the Aussies with a second victory in the #CWC23
Congratulations to the team 🙌 #AusvSA #BePartOfIt pic.twitter.com/qExHILNttQ
— Proteas Men (@ProteasMenCSA) October 12, 2023
രണ്ടാം മത്സരത്തിലും 200 റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ലോകകപ്പില്‍ ഇതുവരെ ഈ നേട്ടം കൈവരിക്കാന്‍ സാധിക്കാത്ത ഏക ടീമായി ഓസീസ് മാറി. ടൂര്‍ണമെന്റ് കളിക്കുന്ന പത്ത് ടീമുകളും രണ്ട് വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അഫ്ഗാനിസ്ഥാനും നെതര്‍ലന്‍ഡ്‌സും അടക്കമുള്ള മറ്റെല്ലാ ടീമുകളും 200 റണ്‍സ് മാര്‍ക് പിന്നിട്ടിരുന്നു.
നെതര്‍ലന്‍ഡ്‌സ് കളിച്ച രണ്ട് മത്സരത്തിലും 200+ റണ്‍സ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്കെതിരെയാണ് ടീം സ്‌കോര്‍ 200 കടത്തിയത്.
ലോകകപ്പില്‍ ഇന്ത്യക്കെതിരെ ആയിരുന്നു ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 199 റണ്‍സ് മാത്രമാണ് നേടിയത്. 46 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 41 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുമാണ് ഓസീസ് നിരയില്‍ കൂടുതല്‍ റണ്‍സ് നേടിയത്.
ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ കെ.എല്‍. രാഹുലിന്റെയും വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ വിജയിച്ചുകയറി.
ലഖ്‌നൗവില്‍ നടന്ന രണ്ടാം മത്സരത്തില്‍ പ്രോട്ടീസ് ഉയര്‍ത്തിയ 312 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുര്‍ന്നിറങ്ങിയ ഓസീസ് 177ല്‍ കാലിടറി വീണതോടെയാണ് ഈ ലോകകപ്പില്‍ ഇതുവരെ 200 റണ്‍സ് നേടാന്‍ സാധിക്കാതെ പോയത്.
ഈ തോല്‍വിക്ക് പിന്നാലെ പോയിന്റ് പട്ടികയില്‍ നെതര്‍ലന്‍ഡ്‌സിന് പിന്നില്‍ ഒമ്പതാം സ്ഥാനത്തേക്കാണ് ഓസീസ് കൂപ്പുകുത്തിയത്. -1.846 എന്ന നെറ്റ് റണ്‍റേറ്റാണ് ഓസീസിനുള്ളത്. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഓസ്‌ട്രേലിയക്ക് കീഴിലുള്ളത്. മുന്‍ ചാമ്പ്യന്‍മാരെ പോലെ ആദ്യ രണ്ട് മത്സരത്തിലും തോറ്റ അഫ്ഗാന് -1.907 എന്ന നെറ്റ് റണ്‍ റേറ്റാണുള്ളത്.
ഒക്ടോബര്‍ 16നാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ രണ്ട് കളിയും തോറ്റ ശ്രീലങ്കയാണ് എതിരാളികള്‍.
Content highlight: Australia are the only team not to score 200 runs in this tournament