ഇത് ചങ്കൂറ്റമോ അതോ മണ്ടത്തരമോ എന്ന് ആരാധകര്‍; ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസീസ്
2023 ഐ.സി.സി ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പാറ്റ് കമ്മിന്‍സിനെ നായകനാക്കിയാണ് മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാര്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുത്ത 18 അംഗ പ്രാഥമിക സ്‌ക്വാഡില്‍ നിന്നും മൂന്ന് താരങ്ങളെ പുറത്താക്കിയാണ് ഓസീസ് ബിഗ് ഇവന്റിനിറങ്ങുന്നത്.
യുവതാരം ആരോണ്‍ ഹാര്‍ഡി, സ്റ്റാര്‍ പേസര്‍ നഥാന്‍ എല്ലിസ്, ഓസീസിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച തന്‍വീര്‍ സാംഗ എന്നിവരാണ് പ്രാഥമിക സ്‌ക്വാഡില്‍ നിന്നും പുറത്തായത്.
15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചെങ്കിലും ഓസീസ് ആരാധകര്‍ക്കിടയില്‍ ആശങ്ക പടരുകയാണ്. ടീമില്‍ ഉള്‍പ്പെട്ട സൂപ്പര്‍ താരങ്ങളില്‍ പലരും പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നായകന്‍ പാറ്റ് കമ്മിന്‍സിന്റെ കൈക്ക് പരിക്കേറ്റിരിക്കുകയാണ്. ചെറിയ തോതിലുള്ള പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റീവ് സ്മിത്തിന്റെ കൈത്തണ്ടയ്ക്കും ഗ്ലെന്‍ മാക്‌സ്‌വെല്ലിന് കണങ്കാലിനും പരിക്കേറ്റിട്ടുണ്ട്. ഗ്രോയിന്‍ ഇന്‍ജുറിയാണ് സ്റ്റാര്‍ക്കിനെ വലയ്ക്കുന്നത്.
സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും ഇതിനോടൊപ്പം ചേര്‍ത്തുവെക്കാവുന്നതാണ്. ഈ സൂപ്പര്‍ താരങ്ങളുടെ പരിക്കിനെ ഓസീസ് എങ്ങനെ അഡ്രസ് ചെയ്യുമെന്നാണ് കണ്ടറിയേണ്ടത്.
പൂര്‍ണമായും ഫിറ്റല്ലാത്ത താരങ്ങളെ ടീമിന്റെ ഭാഗമാക്കിയ ടീമിന്റെ ധൈര്യം സമ്മതിച്ചുകൊടുത്തേ മതിയാകൂ എന്ന് ചില ആരാധകര്‍ പറയുമ്പോള്‍ ഈ തീരുമാനം തിരിച്ചടിയാകരുതെന്നാണ് മറ്റു ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, ഇവരെല്ലാവരും തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് സെലക്ഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി പറയുന്നത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ നാല് പേരും ടീമിന്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിനുള്ള ഓസ്‌ട്രേലിയ സ്‌ക്വാഡ്
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ആഷ്ടണ്‍ അഗര്‍, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ് വെല്‍, സ്റ്റീവ് സ്മിത്, മിച്ചല്‍ സാറ്റാര്‍ക്, മാര്‍കസ് സ്‌റ്റോയ്‌നിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.
അതേസമയം, സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇനി ഓസീസിന് മുമ്പിലുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഓസീസ് കളിക്കുക. സെപ്റ്റംബര്‍ ഏഴിനാണ് ആദ്യ മത്സരം. മംഗൗങ് ഓവലാണ് വേദി.
ഇതിന് പിന്നാലെ ലോകകപ്പിന് മുമ്പ് ഇന്ത്യയിലെത്തിയും ഓസീസ് ഏകദിന പരമ്പര കളിക്കും.
Content highlight: Australia announces World Cup squad