കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയും ആര്‍.എസ്.എസ് അധീനതയിലുള്ള മാഗ്‌കോമും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ. ആര്‍.എസ്.എസിന്റെ അധീനതയിലുള്ള ചാലപ്പുറം കേസരി ഭവനിലെ മാധ്യമ വിദ്യാഭ്യാസ സ്ഥാപനമായ മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷനുമായി (മാഗ്കോം) സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.
വെള്ളിയാഴ്ച രാവിലെ 10.30ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ സാന്നിധ്യത്തിലാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിടുക.
ധാരണപത്രം ഒപ്പുവെക്കുന്നതോടെ ടെക്നിക്കല്‍ റൈറ്റിങ്, കണ്ടന്റ് റൈറ്റിങ്, മീഡിയ ടെക്‌നോളജി, ഇന്റര്‍ നാഷണല്‍ സ്റ്റഡീസ് തുടങ്ങിയ വിദ്യാഭ്യാസ മേഖലകളില്‍ ഇരുസ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. കോഴ്സുകള്‍ക്ക് സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ എന്‍.ഐ.ടിയിലെ അധ്യാപകര്‍ക്കൊപ്പം മാഗ്കോം നിശ്ചയിക്കുന്നവരാകും ക്ലാസുകള്‍ നയിക്കുക.
അതേ സമയം ധാരണപത്രം ഒപ്പുവെക്കുന്നതിലൂടെ മാധ്യമമേഖലയിലും എന്‍ജിനിയറിങ് മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ കേസരി ഭവനില്‍ നടന്ന മാഗ്കോം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം എന്‍.ഐ.ടി ക്യാമ്പസില്‍ എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.
ധാരണാപത്രം കൂടാതെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് ആണ് പരിപാടികള്‍ നിയന്ത്രിക്കുന്നത്.
content highlight: Attempt to buff NIT Kozhikode; Move to sign MoU with RSS-affiliated organization