national news
ഇതാണ് മോദിജി പറഞ്ഞ അബ്ബാസ്; ആളിപ്പോഴുള്ളത് സിഡ്‌നിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 19, 05:10 am
Sunday, 19th June 2022, 10:40 am

ന്യൂദല്‍ഹി: അമ്മയുടെ നൂറാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക ബ്ലോഗില്‍ പങ്കുവെച്ച കുറിപ്പ് വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തീവ്ര ഹിന്ദുത്വ വാദിയും, മുസ്‌ലിം വിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മോദി കുറിപ്പില്‍ തന്റെ ബാല്യകാല ‘മുസ്‌ലിം’ സുഹൃത്തിനേയും പരാമര്‍ശിക്കുന്നുണ്ട്.

തന്റെ അയല്‍വാസിയായിരുന്നു അബ്ബാസ് എന്നും, പിതാവ് മരണപ്പെട്ടതോടെ മോദിജിയുടെ അച്ഛന്‍ കുട്ടിയെ ഏറ്റെടുക്കുകയും, പിന്നീട് അബ്ബാസ് മോദിയുടെ വീട്ടില്‍ താമസിച്ചുകൊണ്ട് പഠനം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നുമാണ് മോദി കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നാലെ കുറിപ്പ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മോദിക്കെതിരെ ട്രോളുകളും തകൃതിയായി വന്നിരുന്നു.

ഈ പറഞ്ഞ അബ്ബാസാണ് പിന്നീട് അമിത്ഷാ ആയി പേര് മാറിയതെന്നൊക്കെയാണ് ചില ട്രോളന്മാര്‍ പറയുന്നത്.

ഏതായാലും മോദി പറഞ്ഞ തന്റെ ‘ബാല്യകാല സുഹൃത്തി’നെ എവിടെനിന്നൊക്കെയോ കണ്ടെത്തിയിരിക്കുകയാണ്.

ഗുജറാത്ത് സര്‍ക്കാരിന്റെ ക്ലാസ് 2 ജീവനക്കാരനായിരുന്നു അബ്ബാസ്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. ഫുഡ് ആന്‍ഡ് സപ്ലൈ ഡിപ്പാര്‍ട്ട്മെന്റിലാണ് അബ്ബാസ് സേവനമനുഷ്ഠിച്ചിരുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് ആണ്‍മക്കളുടെ പിതാവായ അബ്ബാസ് ഇളയ മകനോടൊപ്പം സിഡ്‌നിയിലാണ് താമസമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഞങ്ങളുടെ വീട്ടില്‍ നിന്ന് കുറച്ച് അകലെ എന്റെ പിതാവിന്റെ വളരെ അടുത്ത സുഹൃത്ത് താമസിച്ചിരുന്ന ഒരു ഗ്രാമമുണ്ട്. അദ്ദേഹത്തിന്റെ മകനായിരുന്നു അബ്ബാസ്. അകാലത്തില്‍ സുഹൃത്ത് മരണപ്പെട്ടതോടെ അച്ഛന്‍ അബ്ബാസിനെ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

അബ്ബാസ് ഞങ്ങളുടെ വീട്ടില്‍ താമസിച്ചു, പഠിച്ചു.. വീട്ടിലെ കുട്ടികളെ പോലെ തന്നെ അബ്ബാസിനേയും അമ്മ ശ്രദ്ധിക്കുമായിരുന്നു. ഈദിന് അമ്മ അബ്ബാസിന് ഇഷ്ടമുള്ള വിഭവങ്ങളും തയ്യാറാക്കി കൊടുക്കാറുണ്ടായിരുന്നു,’ – പ്രധാനമന്ത്രി ബ്ലോഗില്‍ കുറിച്ചു.

ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ മീമുകള്‍ സജീവമായിരിക്കുന്നത്. മോദിജിയുടെ സുഹൃത്ത് അബ്ബാസിനെ 2002 മുതല്‍ കാണാനില്ല എന്നും, അന്നത്തെ അബ്ബാസാണ് പിന്നീട് പേര് മാറ്റി ഇന്നത്തെ അമിത് എന്നുമൊക്കെ ട്വീറ്റുകള്‍ പുറത്തുവരുന്നുണ്ട്.

അബ്ബാസിനെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിന് പ്രചാരണം നടത്താന്‍ വേണ്ടി പറഞ്ഞയച്ചിരിക്കുകയാണ്, അതുകൊണ്ടാണ് അദ്ദേഹത്തെ ആരും കാണാത്തത്, എന്നും ഒരു ട്വിറ്റര്‍ യൂസര്‍ പറയുന്നു.

Content Highlight: At last Modijis childhood friend has been found