മുംബൈ: മഹാരാഷ്ട്രയിലെ സര്‍പഞ്ചിന്റെ കൊലപാതകത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച് ധനഞ്ജയ് മുണ്ടെ. കൊലപാതക കേസില്‍ തന്റെ സഹായി അറസ്റ്റിലായതോടെയാണ് ധനഞ്ജയ് രാജിവെച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി തീരുമാനം.
ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വഹിച്ചിരുന്ന മന്ത്രിയായിരുന്നു ധനഞ്ജയ് മുണ്ടെ. മസാജോഗ് ഗ്രാമത്തിലെ സര്‍പഞ്ച് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകത്തിന് പിന്നാലെ മന്ത്രിയുടെ സഹായിയായ വാല്‍മിക് കരാഡിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനഞ്ജയ് രാജിവെച്ചത്.
രാജിവെച്ച ശേഷം സര്‍പഞ്ചിന്റെ കൊലപാതകത്തില്‍ പ്രതികളായവര്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കണമെന്ന് ധനഞ്ജയ് പറഞ്ഞു. വിഷയത്തില്‍ ജുഡീഷ്യന്‍ അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനഞ്ജയ് പറഞ്ഞു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ധനഞ്ജയ് മുണ്ടെയുടെ പ്രതികരണം.
बीड जिल्ह्यातील मस्साजोगचे स्व. संतोष देशमुख यांच्या निर्घृण हत्येतील आरोपींना कठोरात कठोर शिक्षा व्हावी, ही माझी पहिल्या दिवसापासूनची ठाम मागणी आहे. काल समोर आलेले फोटो पाहून तर मन अत्यंत व्यथित झाले.
या प्रकरणाचा तपास पूर्ण झाला असून आरोपपत्र न्यायालयात दाखल झाले आहे. तसेच,…
— Dhananjay Munde (@dhananjay_munde) March 4, 2025
45 കാരനായ സര്‍പഞ്ചിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. ഊര്‍ജ കമ്പനിയില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് സര്‍പഞ്ചിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയിരുന്നു.
പിന്നാലെ പ്രതികള്‍ക്കെതിരെ ജില്ലാ കോടതിയില്‍ മഹാരാഷ്ട്ര സി.ഐ.ഡി 1,200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ഗ്യാസ് പൈപ്പ്, ഇരുമ്പ് വടി, മരക്കമ്പുകള്‍, മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് രണ്ട് മണിക്കൂറിലധികം പ്രതികള്‍ സര്‍പഞ്ചിനെ മര്‍ദിച്ചതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഇതിനിടെ അതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീഡിയോകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം തയ്യാറാക്കിയത്.
സംഭവത്തില്‍ മന്ത്രിയുടെ സഹായി ഉള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ ഒളിവിലാണെന്നാണ് വിവരം. സര്‍പഞ്ചിന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ മഹാരാഷ്ട്രയിലെ എന്‍.ഡി.എ സര്‍ക്കാരിന് സമ്മര്‍ദമുണ്ടായിരുന്നു.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ നിന്നുള്ള എം.എല്‍.എയാണ് ധനഞ്ജയ് മുണ്ടെ. ബീഡിലെ പാര്‍ലി സീറ്റില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അനന്തരവനായ ധനഞ്ജയ് മുണ്ടെ മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെയുടെ ബന്ധു കൂടിയാണ്.
Content Highlight: Assassination of Sarpanch in Maharashtra; NCP MLA Dhananjay Munde resigned as minister