ആസിഫ് അലി നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രേഖാചിത്രം. ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമ മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറിലാണ് എത്തുന്നത്.
അനശ്വര രാജന്‍, മനോജ് കെ. ജയന്‍, ഹരിശ്രീ അശോകന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയ മികച്ച താരനിരയും രേഖാചിത്രത്തിനായി ഒന്നിക്കുന്നുണ്ട്. സിനിമയുടെ ഓരോ അപ്‌ഡേഷനുകളും പുറത്തുവരുമ്പോള്‍ പല തരത്തിലുമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
മമ്മൂട്ടി ഈ സിനിമയില്‍ ഉണ്ടെന്നും 1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രേഖാചിത്രത്തില്‍ കൊണ്ടുവരുമെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
അത്തരം ചര്‍ച്ചകളെ കുറിച്ച് പറയുകയാണ് നടന്‍ ആസിഫ് അലി. അത്തരം ചര്‍ച്ചകള്‍ക്ക് ഉണ്ടെന്നോ ഇല്ലെന്നോയുള്ള ഔദ്യോഗിക സ്ഥിരീകരണം തങ്ങളുടെ ടീമില്‍ നിന്ന് പോയിട്ടില്ലെന്നാണ് ആസിഫ് പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘പ്രൊമോഷന്റെ ഭാഗമായുള്ള ഇന്റര്‍വ്യൂ തുടങ്ങി ആദ്യത്തെ ഒരു പത്ത് മിനിട്ട് കഴിഞ്ഞാല്‍ ഞങ്ങള്‍ എല്ലാവരോടും പറയുന്ന ഒരു കാര്യമുണ്ട്. ‘സിനിമ ഇറങ്ങിയാല്‍ ഒരു ഇന്റര്‍വ്യൂ കൂടെ തരാം’ എന്നാണ് പറയുന്നത്. രേഖാചിത്രം എന്ന സിനിമയുടെ ആദ്യ പ്രൊമോഷന്‍ റിലീസ് മുതല്‍ക്ക് ആളുകള്‍ക്ക് ഇടയില്‍ ഒരു ക്യൂരിയോസിറ്റി ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണ് അത്.
ഓണ്‍ലൈനില്‍ നോക്കിയാല്‍ അത് മനസിലാകും. സോഷ്യല്‍ മീഡിയയിലൊക്കെ ഈ സിനിമയെ കുറിച്ചുള്ള പല ചര്‍ച്ചകളും കാണാം. അതിനൊന്നും ഉണ്ടെന്നോ ഇല്ലെന്നോയുള്ള ഒഫീഷ്യല്‍ കണ്‍ഫോമേര്‍ഷന്‍ ഞങ്ങളുടെ ടീമില്‍ നിന്ന് പോയിട്ടില്ല.
ആളുകള്‍ രേഖാചിത്രത്തെ കുറിച്ച് പല ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഇത് ആ സിനിമയാണോ? ആ ഇന്‍സിഡന്റാണോ? ആ നടന്‍ സിനിമയില്‍ ഫീച്ചര്‍ ചെയ്യുന്നുണ്ടോ? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് വരുന്നത്. അതിനൊന്നും ഇല്ലെന്നും ഉണ്ടെന്നും ഞങ്ങള്‍ പറയുന്നില്ല,’ ആസിഫ് അലി പറഞ്ഞു.