Entertainment
തരില്ലെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഇന്റര്‍വ്യു തന്നില്ലെങ്കില്‍ റിലീസ് കഴിഞ്ഞാല്‍ അറിയാലോയെന്ന ഭീഷണിയുണ്ട്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 25, 04:33 am
Tuesday, 25th June 2024, 10:03 am

അഭിമുഖങ്ങളില്‍ ഓരോ ചോദ്യങ്ങളും ചോദിക്കേണ്ട സഭ്യമായ രീതിയുണ്ടെന്ന് പറയുകയാണ് ആസിഫ് അലി. തങ്ങള്‍ ചില സമയത്ത് ചില ആളുകളോട് അഭിമുഖം തരില്ലെന്ന് പറയാറുണ്ടെന്നും അപ്പോള്‍ അവരില്‍ നിന്ന് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

താന്‍ ഈ ജോലി ചെയ്യേണ്ട ആളല്ലെന്ന ആറ്റിറ്റിയൂഡ് മനസില്‍ വെച്ചിട്ട് അഭിമുഖം ചെയ്യുന്ന ആളുകളുണ്ടെന്നും അവരുടെ ചോദ്യങ്ങള്‍ക്ക് എപ്പോഴും ഒരേ ഫോര്‍മാറ്റാണ് ഉണ്ടാവുകയെന്നും താരം പറഞ്ഞു. ഈയിടെ ഡി.എന്‍.എ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ നടി ഹന്ന റെജി കോശിയോട് ഒരു യൂട്യൂബ് ചാനലിലെ അവതാരക മോശമായി പെരുമാറിയിരുന്നു. ഇതിനെ പറ്റി പ്രതികരിക്കുകയായിരുന്നു ആസിഫ് അലി.

‘ഞാന്‍ ഇന്റര്‍വ്യൂകള്‍ ഒബ്‌സര്‍വ് ചെയ്യാറുണ്ട്. വളരെ സക്‌സസ്ഫുള്ളായ ഇന്റര്‍വ്യൂവറായിരുന്നില്ല ഞാന്‍. ഞാന്‍ ഇതല്ല, അല്ലെങ്കില്‍ ഞാന്‍ ഇത് ചെയ്യേണ്ട ആളല്ലെന്ന ആറ്റിറ്റിയൂഡ് മനസില്‍ വെച്ചിട്ട് ഇന്റര്‍വ്യു ചെയ്യുന്ന ആളുകളുണ്ട്. അവര്‍ക്ക് എപ്പോഴും ഒരു ഫോര്‍മാറ്റുണ്ടാകും. ഒരു സിനിമയെ പറ്റിയും ആ സിനിമയിലെ കഥാപാത്രങ്ങളെ പറ്റിയും ഷൂട്ടിങ്ങിന്റെ ഇടയില്‍ നടന്നിട്ടുള്ള രസകരമായ സംഭവങ്ങളെ പറ്റിയുമൊക്കെയാകും ചോദ്യങ്ങള്‍.

Also Read: മമ്മൂക്ക എന്റെ ഷര്‍ട്ടിടണമെന്ന ആഗ്രഹം; അന്ന് അദ്ദേഹം എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കാര്യം പറഞ്ഞു: കോസ്റ്റ്യൂം ഡിസൈനര്‍ അഭിജിത്ത് 

ഇതൊക്കെ ഒരു പത്ത് ഇന്റര്‍വ്യു കണ്ടാല്‍ ആര്‍ക്കും ചെയ്യാവുന്നതാണ്. പക്ഷെ നമ്മള്‍ ചെയ്യുന്ന കാര്യം പാഷ്യനേറ്റായി ചെയ്യാന്‍ പറ്റുക എന്നതിലാണ് കാര്യം. അങ്ങനെയുള്ളവര്‍ വളരെ കുറച്ച് മാത്രമേ ഉണ്ടാകുകയുള്ളു. നമ്മള്‍ ചില സമയത്ത് ചിലരോട് ഇന്റര്‍വ്യു തരില്ലെന്ന് പറയും. അപ്പോള്‍ ഒരു ഓണ്‍ലൈന്‍ ഭീഷണി നേരിടേണ്ടി വന്നേക്കാം.

ഞങ്ങളുടെ പേജിന് ഇന്റര്‍വ്യു തന്നില്ലെങ്കില്‍ റിലീസ് കഴിഞ്ഞാല്‍ അറിയാലോ എന്നുള്ള ഭീഷണി നേരിട്ടോ അല്ലാതെയോ നമ്മള്‍ ഫേസ് ചെയ്യാറുണ്ട്. പിന്നെ ഓരോ ചോദ്യങ്ങളും ചോദിക്കേണ്ട സഭ്യമായ രീതിയുണ്ട്. ചോദ്യം ചോദിക്കുന്നവരും മറുപടി പറയുന്നവരും മാത്രമല്ലയുള്ളത് കേള്‍ക്കുന്ന ആളുകളുമുണ്ട്,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Says They Face Threats For Not Giving An Interview