ആ മോശം സ്വഭാവം കാരണം എനിക്ക് ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ട്: ആസിഫ് അലി
Entertainment
ആ മോശം സ്വഭാവം കാരണം എനിക്ക് ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ട്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th January 2025, 1:48 pm

മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച അഭിനേതാവായി മുന്‍പന്തിയില്‍ തന്നെയുള്ള ആളാണ് ആസിഫ് അലി. കഴിഞ്ഞ കുറെ കാലമായി തിയേറ്റര്‍ ഹിറ്റുകള്‍ ഇല്ലാതിരുന്ന ആസിഫിന്റെ ഗ്രാഫ് മാറ്റിയ വര്‍ഷമായിരുന്നു 2024. പ്രേക്ഷകരെ പ്രകടനംകൊണ്ട് ആസിഫ് ഞെട്ടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളായിരുന്നു ആസിഫിന്റേതായി പുറത്തിറങ്ങിയത്.

ഫോൺ വിളിച്ചാൽ എടുക്കാത്ത നടനാണ് ആസിഫ് അലിയെന്ന് പൊതുവെ ഉയർന്നുകേൾക്കുന്ന വിമർശനമാണ്. എന്നാൽ അതൊരു മോശം സ്വഭാവമാണെങ്കിലും മാറ്റാൻ ഉദ്ദേശമില്ലെന്ന് പറയുകയാണ് ആസിഫ് അലി.

ഫോണുപയോഗിക്കാതെ തന്നെ തന്റെ കാര്യങ്ങൾ നടന്നുപോകണമെന്നാണ് ആഗ്രഹമെന്നും ആസിഫ് അലി പറയുന്നു. എന്നാൽ ഫോൺ എടുക്കാത്തത് കാരണം ഒരുപാട് നല്ല സിനിമകളും പലരോട് സംസാരിക്കാനുള്ള അവസരവുമെല്ലാം നഷ്ടമായിട്ടുണ്ടെന്നും ആസിഫ് കൂട്ടിച്ചേർത്തു. മാധ്യമം കുടുംബം മാഗസിനോട് സംസാരിക്കുകയിരുന്നു ആസിഫ് അലി.

‘അതൊരു മോശം സ്വഭാവമാണ്. മാറ്റാൻ ഉദ്ദേശിക്കുന്നുമില്ല. അത് വളരെയധികം ആസ്വദിക്കുന്നയാളാണ് ഞാൻ. നമ്മൾ ഇത്രയും നേരം ഇവിടെയിരുന്ന് സംസാരിച്ചു. എനിക്കൊരു കോൾ വന്നിട്ടില്ല. ഞാനിതിനിടയിൽ നിന്ന് എഴുന്നേറ്റ് പോയിട്ടില്ല. ഒഴുക്ക് നഷ്ടപ്പെടാതെ നമുക്ക് സംസാരിക്കാൻ പറ്റി. ആ ഫ്രീഡം ഫോണുണ്ടെങ്കിൽ കിട്ടില്ല.

പക്ഷേ, ഞാൻ ഫോണുപയോഗിക്കാതെ തന്നെ എൻ്റെ കാര്യങ്ങൾ വളരെ കൃത്യമായി നടന്നുപോകണം. അതിന് ഒരാളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഫോണിൽ കിട്ടാത്തതുകൊണ്ട് വലിയ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. വിശേഷപ്പെട്ട, ഇഷ്ടപ്പെട്ട പലരും വിളിച്ചിട്ട് കിട്ടിയിട്ടില്ല. ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ട്.

നമുക്കുള്ളതാണെങ്കിൽ നമ്മുടെ അടുത്തേക്ക് വരും എന്ന വിശ്വാസമുള്ളത് കൊണ്ട് അതൊക്കെ അഡ്ജസ്റ്റ് ചെയ്തുപോകുന്നു

,’ആസിഫ് അലി പറയുന്നു.

 

Content Highlight: Asif Ali on the habit of not picking up the phone when called