ഞാൻ അഭിനയിച്ച ഏറ്റവും റിസ്ക്കി സീൻ, ആ സീനിൽ പാമ്പ് എന്റെ ദേഹത്തേക്ക് കയറുന്നുണ്ട്: ആസിഫ് അലി
Entertainment
ഞാൻ അഭിനയിച്ച ഏറ്റവും റിസ്ക്കി സീൻ, ആ സീനിൽ പാമ്പ് എന്റെ ദേഹത്തേക്ക് കയറുന്നുണ്ട്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd September 2024, 12:03 pm

തന്റെ കരിയറിന്റെ പതിനഞ്ചാം വർഷത്തിൽ എത്തിനിൽക്കുകയാണ് ആസിഫ് അലി. ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ആസിഫ് ഇന്ന് മികച്ച ഒരു നടനായി മാറി കഴിഞ്ഞു. തലവൻ, ലെവൽ ക്രോസ്, കിഷ്കിന്ധ കാണ്ഡം എന്നിങ്ങനെ ഈ വർഷമിറങ്ങിയ ആസിഫ് അലി ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.

തോമസ് കുട്ടി, ലിജു തോമസ് എന്നിവരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രമായിരുന്നു കവി ഉദ്ദേശിച്ചത്. സിനിമ ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ടെങ്കിലും ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ രംഗമായിരുന്നു ഒരു കിണറ്റിനുള്ളിൽ വെച്ചുള്ള പാമ്പുമായുള്ള ആസിഫ് അലിയുടെ രംഗം.

ആ സീൻ ഷൂട്ട്‌ ചെയ്തതിന്റെ അനുഭവങ്ങൾ പറയുകയാണ് ആസിഫ് അലി. കവി ഉദ്ദേശിച്ചത് എന്ന ചിത്രം ഓർക്കുമ്പോൾ ഒരിക്കലും മറക്കാൻ കഴിയാത്ത രംഗമാണതെന്നും ഒറിജിനൽ പാമ്പിനെ വെച്ചാണ് ആ രംഗം ഷൂട്ട്‌ ചെയ്തതെന്നും ആസിഫ് അലി പറയുന്നു. പലപ്പോഴും പാമ്പ് തന്റെ മുകളിലേക്ക് കയറിയിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു.

‘കവി ഉദ്ദേശിച്ചത് എന്ന സിനിമ ഓർക്കുമ്പോൾ ഞാൻ ഇപ്പോഴും മറക്കാത്ത രംഗം ആ കിണറ്റിൽ വെച്ച് പാമ്പുമായുള്ള രംഗമാണ്. അത് ഭയങ്കര പ്രശ്നമുള്ള ഷൂട്ടായിരുന്നു.

അങ്ങനെ പറയാൻ കാരണം, അതൊരു ഒറിജിനൽ പാമ്പിനെ വെച്ചാണ് ഷൂട്ട്‌ ചെയ്തിട്ടുള്ളത്. ആ പാമ്പ് പലപ്പോഴും എന്റെ ദേഹത്തേക്ക് പയ്യെ കയറി വരാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

പാമ്പിനെ പിന്നിൽ ഒന്ന് പിടിച്ചിട്ടുണ്ട്. പക്ഷെ അത് എന്റെ ദേഹത്തേക്ക് കയറുമ്പോൾ പാമ്പിനെ കൊണ്ടുവന്ന ആള് എന്നോട് പറയുന്നത്, സാർ പേടിക്കാതെ ഇരുന്നാൽ മതിയെന്നാണ്,’ആസിഫ് അലി പറയുന്നു.

അതേസമയം റിലീസ് ചെയ്ത് രണ്ടാം വാരത്തിലും ഹൗസ് ഫുൾ ഷോയായി മുന്നേറുകയാണ് കിഷ്കിന്ധ കാണ്ഡം. മലയാളത്തിൽ ഈയിടെ ഇറങ്ങിയ മികച്ച സ്ക്രിപ്റ്റിൽ ഒന്നായാണ് ചിത്രത്തിനെ വിലയിരുത്തുന്നത്. ആസിഫ് അലിക്ക് പുറമേ വിജയരാഘവൻ, അപർണ ബാലമുരളി, നിഷാൻ, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ

Content Highlight: Asif Ali About Shooting Experience Of Kavi Udheshichath Movie