മലയാള സിനിമയില്‍ മികച്ച തുടക്കം ലഭിച്ച ഒരു നടനായിരുന്നു ആസിഫ് അലി. വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ യുവതലമുറയുടെ ഐക്കണായി മാറാന്‍ ആസിഫിന് സാധിച്ചിരുന്നു. എന്നാല്‍ ഇടക്കാലത്ത് ചെയ്ത പല ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതോടെ ആസിഫെന്ന നടന്റെ കരിയര്‍ അവസാനിക്കുകയാണെന്ന് ചിലര്‍ വിധിയെഴുതി.
എന്നാല്‍ തോറ്റുപിന്‍മാറാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ശക്തമായ വേഷങ്ങളിലൂടെ വീണ്ടും ആസിഫ് മലയാള സിനിമയില്‍ സജീവമായി. ഒരു സമയത്ത് താന്‍ എടുത്ത പല തീരുമാനങ്ങളും തെറ്റായിപ്പോയെന്ന് പറയുകയാണ് ആസിഫ്. പല കാരണങ്ങള്‍ കൊണ്ടും മോശം സിനിമകളുടെ ഭാഗമാകേണ്ടി വന്നെന്നും താരം പറയുന്നു.
‘ഒരു സമയത്ത് കുറേ സിനിമകള്‍ ഞാന്‍ ചെയ്തിരുന്നു. തുടര്‍ച്ചയായിട്ട് കുറച്ച് മോശം സിനിമകളുടെ ഭാഗമാകേണ്ട അവസ്ഥ വന്നു. വന്ന ചോയ്‌സ് എല്ലാം ഭയങ്കര മോശമായിരുന്നു. ഭയങ്കര എക്‌സൈറ്റ്‌മെന്റ് ഉള്ള ആക്ടറാണ് ഞാന്‍. പല സിനിമകളും കേള്‍ക്കുമ്പോള്‍ ‘ആ ഇതെനിക്ക് ചെയ്യണം’ എന്ന് പറഞ്ഞ് ചാടിക്കേറി കമ്മിറ്റ് ചെയ്ത സിനിമകളുണ്ട്.
എനിക്ക് താങ്ങാന്‍ പറ്റാത്ത കഥാപാത്രങ്ങളായിരുന്നു പലതും. അതിന് ശേഷമാണ് ഞാന്‍ നല്ല സിനിമകളുടെ ഭാഗമാകണമെന്ന തീരുമാനമെടുക്കുന്നത്. നായക വേഷമല്ലെങ്കില്‍ കൂടി ഉയരെ പോലുള്ള സിനിമകളുടെ ഭാഗമാകാന്‍ പറ്റി. ഉസ്താദ് ഹോട്ടലില്‍ ഒരു ഗസ്റ്റ് റോളില്‍ വന്ന് ഒരു ഐഡന്റിന്റി വന്നു. വെള്ളിമൂങ്ങയില്‍ ചെയ്ത വേഷം അങ്ങനെ പല സിനിമകളിലും ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ സാധിച്ചു.