ന്യൂദല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും മാധ്യമങ്ങളടക്കം വിഷയത്തെ കാര്യമായി പരിഗണിക്കുന്നില്ലെന്ന വിമര്‍ശനവുമായി അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍.
253 ക്രിസ്ത്യന്‍ പള്ളികള്‍ മണിപ്പൂരില്‍ അഗ്‌നിക്കിരയാക്കിയെന്നും ഇത് ചൈനയിലോ പാകിസ്ഥാനിലോ ആയിരുന്നെങ്കില്‍ പാശ്ചാത്യമാധ്യമങ്ങളടക്കം വിഷയത്തെ എങ്ങനെയാണ് സമീപിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മണിപ്പൂരില്‍ കഴിഞ്ഞ ആറാഴ്ചക്കിടെ 253 പള്ളികള്‍ അഗ്‌നിക്കിരയായി. ഇത് ചൈനയിലോ പാക്കിസ്ഥാനിലോ സംഭവിക്കുകയായിന്നുവെന്ന് സങ്കല്‍പ്പിക്കുക.
പാശ്ചാത്യ മാധ്യമങ്ങളുടെ പ്രതികരണം എന്താകുമായിരുന്നു,’ അശോക് സ്വയിന്‍ ട്വീറ്റ് ചെയ്തു.
ഒന്നര മാസമായി കലാപം തുടരുന്ന മണിപ്പൂരില്‍ 253 പള്ളികള്‍ അഗ്നിക്കിരയായി എന്ന് ഗോത്രവര്‍ഗ കൂട്ടായ്മയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ കലാപത്തില്‍ 100ലധികം ആളുകള്‍ മരിക്കുകയും 50,698 പേര്‍ പലായനം ചെയ്യുകയും ചെയ്തുവെന്ന് ഐ.ടി.എല്‍.എഫ് ആരോപിച്ചിരുന്നു.
253 churches have been burnt down in the last six weeks in Manipur, India. Imagine this happening in China or Pakistan and the reaction of Western media!
— Ashok Swain (@ashoswai) June 16, 2023