മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലൂടെയും സ്വാഭാവികമായ അഭിനയത്തിലൂടെയും സൗത്ത് ഇന്ത്യയില്‍ ആരാധാകരെ ഉണ്ടാക്കിയെടുത്ത നടനാണ് അശോക് സെല്‍വന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പോര്‍ തൊഴില്‍ എന്ന സിനിമയും അതില്‍ അശോകിന്റെ പ്രകടനവും പ്രശംസ നേടി. നവാഗതനായ ജയകുമാര്‍ സംവിധാനം ചെയ്യുന്ന ബ്ലൂ സ്റ്റാറാണ് അശോക് സെല്‍വന്റെ പുതിയ ചിത്രം. ജീവിതത്തിലെ നായികയായ കീര്‍ത്തി പാണ്ഡ്യനാണ് ബ്ലൂ സ്റ്റാറിലും അശോകിന്റെ നായിക.
പോയ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. 10 വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയമായിരുന്നു ഇരുവരുടെയും. വളരെ രഹസ്യമായി വെച്ചിരുന്ന ഇരുവരുടെയും പ്രണയം ആരാധകര്‍ സ്വല്പം ഞെട്ടലോടെയാണ് കേട്ടത്. ഇരുവരുടെയും വിവാഹസമയത്തായിരുന്നു സിനിമയിലെ ആദ്യ ഗാനം റിലീസായത്. ഗോവിന്ദ് വസന്ത സംഗീതസംവിധാനം നിര്‍വഹിച്ച ‘റെയിലിന്‍ ഒളികള്‍’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
വിവാഹത്തിന് ശേഷം ഇരുവരും ബിഹാന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ബ്ലൂ സ്റ്റാറിന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ രണ്ടാളും ഒരുമിച്ചാണ് അഭിനയിക്കുന്നത് എന്ന കാര്യം അറിയാമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും.
‘ഈ കഥയില്‍ സംവിധായകന്‍ ആദ്യം കാസ്റ്റ് ചെയ്തത് കീര്‍ത്തിയെയായിരുന്നു. എല്ലാ റോളും ഫൈനലൈസ് ചെയ്ത ശേഷം രഞ്ജിത് എന്ന കഥാപാത്രം ആര് ചെയ്യുമെന്ന സംശയത്തില്‍ ഇരുന്നപ്പോള്‍ കീര്‍ത്തിയാണ് അശോക് നന്നായി ക്രിക്കറ്റ് കളിക്കും. എന്തുകൊണ്ട് അവനെ പരീക്ഷിക്കുന്നില്ല എന്ന് ജയകുമാറിനോട് ചോദിച്ചത്.’ അശോക് പറഞ്ഞു.
ഇതിന് മറുപടിയായി കീര്‍ത്തി ഇങ്ങനെ പറഞ്ഞു ‘ജയ്ക്ക് ഒരൊറ്റ കണ്ടീഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആ കഥാപാത്രത്തെ ചെയ്യുന്നയാള്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ അറിഞ്ഞിരിക്കണം. ഒരു പ്രോപ്പര്‍ ക്രിക്കറ്ററിനെയായിരുന്നു ആവശ്യം. അശോക് U16 സ്‌റ്റേറ്റ് ലെവലില്‍ കളിച്ചിട്ടുണ്ട്.
അതുപോലെ നന്നായി അഭിനയിക്കാനും അറിയാം. ആ കഥാപാത്രം ആവശ്യപ്പെടുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്താനുള്ള ഡെഡിക്കേഷന്‍ അശോകിനുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ അശോകിനെ സജസ്റ്റ് ചെയ്തത്’ കീര്‍ത്തി പറഞ്ഞു.
ചെന്നൈയിലെ ആര്‍ക്കോണത്തെ രണ്ട് ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള മത്സരത്തെപ്പറ്റിയാണ് സിനിമ പറയുന്നത്. ശന്തനു, ദിവ്യ ദുരൈസാമി, ഇളങ്കോ കുമരവേല്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജനുവരി 25ന് സിനിമ തിയേറ്ററുകളിലെത്തും.
Content Highlight: Ashok Selvan shares the experience with Keerthi Pandyan during Blue Star shooting