രാജിക്കത്തുമായി ഗെഹ്‌ലോട്ട് വിഭാഗം എം.എല്‍.എമാര്‍ സ്പീക്കറുടെ വസതിയില്‍; സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയെന്ന് ഭീഷണി, രാജസ്ഥാനില്‍ നിര്‍ണായക നീക്കം
national news
രാജിക്കത്തുമായി ഗെഹ്‌ലോട്ട് വിഭാഗം എം.എല്‍.എമാര്‍ സ്പീക്കറുടെ വസതിയില്‍; സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയെന്ന് ഭീഷണി, രാജസ്ഥാനില്‍ നിര്‍ണായക നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th September 2022, 10:29 pm

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ എം.എല്‍.എമാരുടെ നിര്‍ണായക നിക്കം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയുണ്ടാകുമെന്ന് എം.എല്‍.എമാര്‍ ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച് ഗെഹ്‌ലോട്ട് വിഭാഗം എം.എല്‍.എമാര്‍ രാജിക്കത്തുമായി സ്പീക്കര്‍ സി.പി. ജോഷിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നുമാണ് ഗെഹ്ലോട്ട് വിഭാഗം പറയുന്നത്. പൊതുസമ്മതനായ ഒരാളെ മാത്രമേ മുഖ്യമന്ത്രിയായി അംഗീകരിക്കുകയുള്ളുവെന്നും 2020ല്‍ പാര്‍ട്ടി വലിയ പ്രതിസന്ധിനേരിട്ട സമയത്ത് പാര്‍ട്ടിയെ രക്ഷിച്ചത് ഗെഹ്‌ലോട്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഹൈക്കമാന്റിന്റേത് ഏകപക്ഷീയ തീരുമാനമാണ്, എം.എല്‍.എമാരുടെ മനസറിയാന്‍ ഹൈക്കമാന്റ് ശ്രമിച്ചില്ല തുടങ്ങിയ പ്രതികരണവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായി.

അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെഹ്‌ലോട്ടിനെ കൊണ്ട് രാജിവെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഗാന്ധി കുടുംബത്തിന്റെ ശ്രമം. ഇതിനെതിരെയാണ് എം.എല്‍.എമാരുടെ നീക്കം.

92 എം.എല്‍.എമാരുടെ പിന്തുണയാണ് അശോക് ഗെഹ്‌ലോട്ട് പക്ഷം അവകാശപ്പെടുന്നത്. ഇവരെല്ലാവരും ബസ് വിളിച്ച് സ്പീക്കറുടെ വസതിയില്‍ എത്തിയിട്ടുണ്ട്.

അതിനിടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനോടടക്കം എം.എല്‍.എമാരെ വിളിച്ച്
അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ കക്ഷിയോഗത്തിനായി അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ സോണിയ ഗാന്ധി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.