സ്പാനിഷ് ലീഗില്‍ പന്തുതട്ടാനൊരുങ്ങി ഈ മലപ്പുറത്തുകാരന്‍
Daily News
സ്പാനിഷ് ലീഗില്‍ പന്തുതട്ടാനൊരുങ്ങി ഈ മലപ്പുറത്തുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th October 2016, 3:36 pm

ഐ.എസ്.എല്ലില്‍ പൂനെ എഫ്.സി താരമായ ആഷിഖ് കുരുനിയലാണ് സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന് വേണ്ടി രണ്ട് മാസത്തെ ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കാനൊരുങ്ങുന്നത്. മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിയാണ് ആഷിഖ്.


പൂനെ: യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ലീഗായ സ്പാനിഷ് ലാ ലിഗയില്‍ പന്തുതട്ടാനെരുങ്ങി ഒരു മലപ്പുറത്തുകാരന്‍.

ഐ.എസ്.എല്ലില്‍ പൂനെ എഫ്.സി താരമായ ആഷിഖ് കുരുനിയലാണ് സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന് വേണ്ടി രണ്ട് മാസത്തെ ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കാനൊരുങ്ങുന്നത്. മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിയാണ് ആഷിഖ്.

മൂന്നര മാസത്തെ ട്രയല്‍ കം ട്രെയ്‌നിങ്ങിനാണ് ആഷിഖിനെ പുനെ ടീം അയക്കുന്നത്. വിയ്യാറയലിന്റെ പരിശീലകര്‍ ആഷിഖിന്റെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ടീമില്‍ ഇടം നേടിയത്. വിയ്യാ റയലിന്റെ രണ്ടാം ഡിവിഷന്‍ സംഘത്തിലാണ് ആഷിഖ് ഉള്‍പെടുന്നത്. മികച്ച പ്രകടനം നടത്താനായാല്‍ ആഷിഖിന് സ്പാനിഷ് മണ്ണില്‍ ലാ ലീഗ താരങ്ങളോടൊത്ത് തുടരാം.

കളിക്കാരെ ട്രയല്‍ കം ട്രെയ്‌നിങ്ങിന് അയക്കുന്നത് സംബന്ധിച്ച് പുനെ സിറ്റിയും വിയ്യാറയലും തമ്മിലുള്ള ധാരണയാണ് മുന്നേറ്റക്കാരനായ ആഷിഖിന് തുണയായത്. സ്പാനിഷ് ലീഗില്‍ എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ആഷിഖ്. സ്‌പെയിനിലെ പ്രമുഖ ക്ലബ്ബായ ലേഗന്‍സിലേക്ക് ഇന്ത്യക്കാരനായ ഇഷാന്‍ പണ്ഡിറ്റയ്ക്ക് കുറച്ച് നാളുകള്‍ക്ക് മുന്‍പ് വിളിവന്നിരുന്നു.

ഐ.എസ്.എല്ലില്‍ ആ സീസണില്‍ കാലിനേറ്റ പരിക്ക് കാരണം ആഷിഖിന് കളിക്കാനായിരുന്നില്ല. അണ്ടര്‍ 19 ഇന്ത്യന്‍ ടീം അംഗം കൂടിയാണ് ആഷിഖ്. രണ്ട് സീസണില്‍ അണ്ടര്‍ 18 ഐ ലീഗില്‍ പുണെ എഫ്.സിയുടെ ജഴ്‌സിയണിഞ്ഞു. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് പുണെ എഫ്.സിയുടെ അക്കാദമിയിലത്തെിയത്. ഇവിടെ നിന്ന് എഫ്.സി പുനെ സിറ്റിയിലും.