national news
അമിത് ഷായ്ക്ക് റാലി നടത്താന്‍ അനുമതി നല്‍കുന്നതോ? ബംഗാളില്‍ റാലി നടത്താന്‍ അനുമതി നല്‍കുന്നില്ലെന്ന് അസദുദ്ദീന്‍ ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 25, 02:48 pm
Thursday, 25th February 2021, 8:18 pm

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തങ്ങളുടെ റാലികള്‍ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നുവെന്നാരോപിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.

ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടനയിലെ അടിസ്ഥാനഘടകമാണെന്നും പാര്‍ലമെന്റില്‍ ജനാധിപത്യത്തെപ്പറ്റി പ്രസംഗിക്കാന്‍ തൃണമൂല്‍ നേതാക്കള്‍ക്ക് എന്ത് അര്‍ഹതയാണുള്ളതെന്നും ഉവൈസി ചോദിച്ചു.

കൊല്‍ക്കത്തയില്‍ വ്യാഴാഴ്ച ഒരു പൊതുറാലി സംഘടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ഒരു കാരണവുമില്ലാതെ റാലി നടത്താന്‍ പറ്റില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് ഉവൈസി പറഞ്ഞു.

‘നിങ്ങള്‍(തൃണമൂല്‍ കോണ്‍ഗ്രസ്) അമിത് ഷായ്ക്ക് റാലി നടത്താന്‍ അനുമതി നല്‍കും. ബി.ജെ.പിയ്ക്ക് സംസ്ഥാനത്തുടനീളം റാലി നടത്താന്‍ സമ്മതം നല്‍കുന്നു. കോണ്‍ഗ്രസും, ഇടതുപക്ഷപാര്‍ട്ടികളും ബംഗാളില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നു. പിന്തെന്തുകൊണ്ട് ഞങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നു? ‘, ഉവൈസി പറഞ്ഞു.

ജനാധിപത്യത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി തൃണമൂല്‍ നേതാക്കള്‍ വാതോരാതെ സംസാരിക്കുന്നുവെന്നും എന്നാല്‍ സ്വന്തം സംസ്ഥാനത്ത് അവ പിന്തുടരുന്നില്ലെന്നും ഉവൈസി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളെല്ലാം പ്രചരണ പ്രവര്‍ത്തനങ്ങളുമായി കൊല്‍ക്കത്തയിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Asadudin Owasisi Slams Trinamool Congress For Denying Permission For Rally