ഹൈദരാബാദ്: രാജ്യത്ത് മുസ്‌ലിം വിഭാഗത്തില്‍ ജനസംഖ്യ ഉയരുന്നില്ലെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ധീന്‍ ഉവൈസി. കോണ്ടം (Condom) കൂടുതലായി ഉപയോഗിക്കുന്നത് മുസ്‌ലിങ്ങളാണെന്നും ഉവൈസി പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററില്‍ ഉവൈസി ഇത് സംബന്ധിച്ച് വീഡിയോയും പങ്കുവെച്ചിരുന്നു.
‘മുസ്‌ലിങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നില്ല. അത് ഒരുപരിധി വരെ കുറയുകയാണ്. മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ പോലും വര്‍ഷങ്ങളുടെ വ്യത്യാസം വന്നുതുടങ്ങിയിട്ടുണ്ട്. ആരാണ് കോണ്ടം കൂടുതല്‍ ഉപയോഗിക്കുന്നത്? അത് ഞങ്ങളാണ്. അതിനെകുറിച്ച് ഭാഗവത് സംസാരിക്കില്ല,’ അസദുദ്ധീന്‍ ഉവൈസി പറയുന്നു.
നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഉദ്ധരിച്ചായിരുന്നു ഉവൈസിയുടെ പരാമര്‍ശം. മുസ്‌ലിംകളുടെ മൊത്തം ഫെര്‍ട്ടിലിറ്റി റേറ്റില്‍ (ടി.എഫ്.ആര്‍) വലിയ ഇടിവ് രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടന്ന ദസറ റാലിയില്‍ മോഹന്‍ ഭാഗവത് ജനസംഖ്യയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് പ്രത്യേക പോളിസി കൊണ്ടുവരണമെന്നും അത് എല്ലാ മതങ്ങള്‍ക്കും തുല്യ ബാധകമായിരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.