നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പാര്‍ക്ക് പോലുള്ള പൊതുയിടങ്ങളില്‍ മുസ്‌ലീങ്ങള്‍ നിസ്‌കരിക്കുന്നത് വിലക്കി ഉത്തരവിറക്കിയതിന് പിന്നാലെ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനായി പാര്‍ക്കുകളില്‍ മോട്ടോര്‍ ഉപയോഗിച്ച് വെച്ച് വെള്ളം പമ്പ് ചെയ്ത് ജില്ലാ ഭരണകൂടം.
നോയിഡ സെക്ടര്‍ 58 ലെ പാര്‍ക്കുകളിലായിരുന്നു പമ്പ് ഉപയോഗിച്ച് വെള്ളം അടിച്ചത്. വെള്ളിയാഴ്ച നമസ്‌ക്കാരത്തിനായി വിശ്വാസികള്‍ കൂട്ടത്തോടെ എത്തിച്ചേരാതിരിക്കാനായിരുന്നു അധികൃതകരുടെ ഭാഗത്ത് നിന്നുള്ള നടപടി.
ഇതിന് പിന്നാലെ നമസ്‌കാരത്തിന് സൗകര്യം ഒരുക്കി സ്വകാര്യ കമ്പനികള്‍ തന്നെ രംഗത്തെത്തി. നിരവധി പേര്‍ക്ക് സെക്ടര്‍ 54 ലെ ശ്മശാനത്തിന് സമീപമുള്ള സ്ഥലത്ത് നിസ്‌കരിക്കാനുള്ള സൗകര്യം കമ്പനികള്‍ ഒരുക്കി. മറ്റുള്ളവര്‍ക്ക് ഓഫീസിനുള്ളില്‍ തന്നെ പ്രത്യേകം മുറി അനുവദിക്കുകയും ചെയ്തു.
പൊലീസ് നടപടി എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും കഴിഞ്ഞ 12 വര്‍ഷമായി കമ്പനിയുടെ റൂഫ് ടോപ്പില്‍ നമസ്‌കാരത്തിന് സൗകര്യം ഒരുക്കാറുണ്ടെന്നും ഹോസിയറി കമ്പനി ഉടമ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.
50 ഓളം ആളുകളായിരുന്നു ആദ്യമൊക്കെ നിസ്‌കാരത്തിന് എത്താറുള്ളത്. ഇപ്പോള്‍ 80 പേരെങ്കിലും ഉണ്ടാവാറുണ്ട്. ഇമാം മുഹമ്മദ് അബാസാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇത്തരമൊരു സര്‍ക്കുലര്‍ പൊലീസ് ഇറക്കിയത് എന്തിനാണെന്ന് പോലും മനസിലാകുന്നില്ല.
ഇവിടെ ആളുകള്‍ തമ്മില്‍ സൗഹൃദത്തില്‍ തന്നെയാണ് ജീവിക്കുന്നത്. മതമോ ജാതിയോ നോക്കിയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. നമസ്‌കാരത്തിന് സൗകര്യം കുറവായതുകൊണ്ട് മാത്രമാണ് ചില കമ്പനികളില്‍ എങ്കിലും ജോലി ചെയ്യുന്നവര്‍ പാര്‍ക്കുകളില്‍ പോയി നിസ്‌കരിക്കുന്നത്. പൊലീസ് നടപടി ഖേദകരമാണ്- അദ്ദേഹം പറഞ്ഞു.
നോയിഡയിലെ പാര്‍ക്ക് മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് സ്വകാര്യ കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ ഫോറസ്റ്റ് വ്യൂ പാര്‍ക്കിലേക്ക് അഞ്ഞൂറിലേറെ മുസ്‌ലീം ജോലിക്കാരെത്തി പ്രതിഷേധ നിസ്‌കാരം നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു ഭരണകൂടത്തിന്റെ നടപടി.
പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ച് അടുത്തിടെയാണ് യു.പി പൊലീസ് സര്‍ക്കുലര്‍ ഇറക്കിയത്. നോയിഡയിലെ ഇന്‍ഡസ്ട്രീയല്‍ ഹബ്ബുകള്‍ക്ക് സമീപത്തെ പാര്‍ക്കുകളില്‍ നടത്തിപ്പോരുന്ന നിസ്‌കാരമാണ് നിരോധിച്ചിരിക്കുന്നത്.
പാര്‍ക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നിസ്‌കാരം നടത്താന്‍ പാടില്ലെന്നും ഇത്തരത്തില്‍ നിസ്‌കാരം നടത്താന്‍ കമ്പനികള്‍ അനുവദിക്കാന്‍ പാടില്ലെന്നും നിരോധനം ലംഘിച്ചാല്‍ കമ്പനിയ്ക്കെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.
സെക്ടര്‍ 58 ലെ അതോറിറ്റി പാര്‍ക്കില്‍ നിസ്‌കാരമുള്‍പ്പെടെയുള്ള മതപരമായ ഒരു ചടങ്ങുകളും നടത്താന്‍ പാടില്ലെന്ന് ജില്ലാ അഡ്മിനിസ്ട്രേഷന്റെ നിര്‍ദേശമുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റിന്റേയോ അഡ്മിനിസ്ട്രേഷന്റേയോ നിര്‍ദേശമില്ലാതെ പൊതുഇടങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്താന്‍ പാടില്ലെന്നും നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി എടുക്കേണ്ടി വരുമെന്നുമാണ് പൊലീസ് പറഞ്ഞത്.
പൊതുസ്ഥലത്ത് നിസ്‌കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍ പ്രദേശ് പൊലീസ് ഉത്തരവിനെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. പൊതുസ്ഥലത്ത് ആര്‍.എസ്.എസ്.എസിന് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്‌ലീംങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്‌കാരം നടത്തിക്കൂടായെന്ന് അദ്ദേഹം ചോദിച്ചിരുന്നു.
പൊലീസ് ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (b) യുടെ ലംഘനമാണെന്ന് മാര്‍കണ്ഡേയ കട്ജു വ്യക്തമാക്കി. ആയുധങ്ങളൊന്നുമില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ യു.പി പൊലീസിന്റെ ഈ ഉത്തരവിനെ ശക്തമായി എതിര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.