ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് സാധ്യതകള്‍ ഊട്ടിയുറപ്പിച്ച് ‘ഭാരത് ബച്ചാവോ’ റാലി. രാംലീല മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങളുടെ കൈകളില്‍ രാഹുലിന്റേതല്ലാത്ത ഒരു നേതാവിന്റെയും പേരോ ചിത്രങ്ങളോ ഉണ്ടായിരുന്നില്ല. വേദിയില്‍ പ്രസംഗിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാകട്ടെ, തന്റെ നേതാവ് രാഹുലാണെന്നും പറയുകയുണ്ടായി.
മാത്രമല്ല, വേദിയിലെത്തിയ ഒരു നേതാവിനെയും പ്രസംഗിക്കാന്‍ അനുവദിക്കാത്ത അണികള്‍, ‘രാഹുല്‍, രാഹുല്‍’ എന്ന മുദ്രാവാക്യം മുഴക്കിയതും ശ്രദ്ധേയമായി. മൈതാനത്തുണ്ടായിരുന്ന രാഹുലിന്റെ കട്ടൗട്ടും, പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കാന്‍ ആഗ്രഹിക്കുന്ന നേതാവ് അദ്ദേഹം തന്നെയെന്നു വ്യക്തമാക്കുന്നതായിരുന്നു.
ആറുമാസമായി അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടെങ്കിലും, ദിവസങ്ങള്‍ മാത്രമേയായിട്ടുള്ളൂ രാഹുല്‍ വീണ്ടും സജീവമാകാന്‍ തുടങ്ങിയിട്ട്. ഇത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവാണെന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍പ്പോലും അദ്ദേഹം വീണ്ടും സജീവമായിക്കഴിഞ്ഞു. അതിനിടെ അദ്ദേഹം നടത്തിയ ‘റേപ്പ് കാപിറ്റല്‍’ പരാമര്‍ശത്തിനെതിരെ ബി.ജെ.പി ലോക്‌സഭ സ്തംഭിപ്പിച്ചതും അനുകൂല ഘടകമായി. താന്‍ മാപ്പ് പറയില്ലെന്ന രാഹുലിന്റെ നിലപാടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
അടുത്തവര്‍ഷം നടക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പോടെയായിരിക്കും രാഹുലിന്റെ തിരിച്ചുവരവെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുല്‍ സമ്മതിച്ചാല്‍ ദല്‍ഹി തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കുമെന്ന് ഇന്നലെ മുതിര്‍ന്ന നേതാവ് പി. ചിദംബരം പറഞ്ഞതും ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്.
രാജ്യം പ്രതിസന്ധിയില്‍ക്കൂടിയാണു കടന്നുപോകുന്നതെന്നും പാര്‍ട്ടിക്ക് രാഹുലിന്റെ നേതൃത്വം വേണമെന്നും അദ്ദേഹത്തിന്റെ വിശ്വസ്തന്‍ കൂടിയായ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞതും ഇതിന്റെ സൂചനയായിരുന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ടുകഴിഞ്ഞു.
രാഹുലിന്റെ തിരിച്ചുവരവിനുള്ള സാധ്യതകളില്‍ തടസ്സമായി നിന്നത് പാര്‍ട്ടിയിലെ വെറ്ററന്‍മാരാണ്. അവര്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിനൊപ്പമായിരുന്നു നിന്നത്. എന്നാല്‍ അതില്‍ മാറ്റം വന്നെന്നാണു സൂചനകള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതാണ് മഹാരാഷ്ട്രയില്‍ നടന്ന സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ രാഹുലിന്റെ വിശ്വസ്തനായ വേണുഗോപാലിനു പ്രധാന റോള്‍ നല്‍കിയത്. അതിനുശേഷം മഹാരാഷ്ട്രയിലെ പുതിയ സ്പീക്കറായ നാനാ പട്ടോലെ, മന്ത്രി നിതിന്‍ റാവത്ത് എന്നിവരുടെ സ്ഥാനമാനങ്ങളും അതിന്റെ ബാക്കിപത്രങ്ങളാണ്. ഇരുവരും രാഹുലിന്റെ വിശ്വസ്തരില്‍പ്പെട്ടവരാണ്.
അതിനും മുന്‍പ് രാഹുലിന്റെ വിശ്വസ്തരായ സുഷ്മിത ദേവ്, പ്രവീണ്‍ ചക്രവര്‍ത്തി, ആര്‍.പി.എന്‍ സിങ്, ജിതേന്ദ്ര സിങ് എന്നിവര്‍ക്ക് യഥാക്രമം മഹിളാ മോര്‍ച്ച, ഡാറ്റ സെല്‍ ഇന്‍ ചാര്‍ജ്, ജാര്‍ഖണ്ഡ് ഇന്‍ ചാര്‍ജ്, ഒഡിഷ ഇന്‍ ചാര്‍ജ് സ്ഥാനങ്ങളും നല്‍കിയിരുന്നു.