national news
ആര്യന്‍ ഖാനെ മന്നത്തേക്ക് കൊണ്ടുപോകാന്‍ ആര്‍തര്‍ ജയിലിലേക്ക് ഷാരൂഖ്; ജയില്‍ കവാടത്തില്‍ സുരക്ഷ കടുപ്പിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 30, 05:35 am
Saturday, 30th October 2021, 11:05 am

മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ഏതാനും മണിക്കൂറുകള്‍ക്കകം ജയില്‍ മോചിതനാകുമെന്ന റിപ്പോര്‍ട്ടുകള്‍.

ജാമ്യപ്പെട്ടി തുറന്ന് രേഖകള്‍ പുറത്തെടുക്കുന്നതോടെ ആര്യന് ജയില്‍ നിന്ന് പുറത്തിറങ്ങാം. മകനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തന്നെയാണ് ആര്‍തര്‍ ജയിലിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖ് ഖാന്‍ ബാന്ദ്രയിലെ തന്റെ ബംഗ്ലാവായ മന്നത്ത് നിന്ന് സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് പോയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിന് പുറത്ത് ഷാരൂഖ് ഖാനെത്തുമ്പോള്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ പൊലീസ് വന്‍ സുരക്ഷാ സംവിധാനം ഒരുക്കിയതായാണ് വിവരം.

ആഡംബരകപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി 24 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.
കേസിലെ മറ്റ് പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടിയത്.

ഒക്ടോബര്‍ രണ്ടിനാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു.


ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.
ആര്യനൊപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

ഒക്ടോബര്‍ 20 ന് വീണ്ടും ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Aryan Khan to be released from Mumbai jail today; Shah Rukh Khan to pick him up