ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസ്; ജാമ്യ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ആര്യന്‍ ഖാന്‍ ഹൈക്കോടതിയില്‍
മുബൈ: ജാമ്യ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എല്ലാ വെള്ളിയാഴ്ചയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സൗത്ത് മുംബൈ ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇളവ് തേടിയാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ അന്വേഷണമിപ്പോള്‍ ദല്‍ഹി എന്‍.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതിനാല്‍ മുംബൈ ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാണ് ആര്യന്‍ ഖാന്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്.
മാധ്യമങ്ങള്‍ പുറത്ത് കാത്തുനില്‍ക്കുന്നതിനാല്‍ എന്‍.സി.ബി ഓഫീസ് സന്ദര്‍ശിക്കുമ്പോഴെല്ലാം പൊലീസുകാര്‍ അനുഗമിക്കേണ്ടി വരുന്നതായും ഹരജിയില്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു.
ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി. ആര്യനൊപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഒക്ടോബര്‍ 20 ന് വീണ്ടും ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.
ഒക്ടാബര്‍ 28 നാണ് ലഹരിമരുന്നു കേസില്‍ ആര്യന്‍ ഖാനും മറ്റ് രണ്ട് പ്രതികള്‍ക്കും ജാമ്യം ലഭിച്ചത്. മയക്ക് മരുന്നു കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയ വാട്സാപ്പ് ചാറ്റ് പരിശോധിച്ചെങ്കിലും ആര്യന്‍ ഖാനും, അര്‍ബാസ് മെര്‍ച്ചന്റും, മൂണ്‍ മൂണ്‍ ധമേച്ചയ്ക്കുമെതിരായുള്ള തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് കോടതി പറഞ്ഞിരുന്നു.
എന്നാല്‍ എല്ലാ വെള്ളിയാഴ്ചയും എന്‍.സി.ബിക്ക് മുമ്പാകെ ഹാജരാകണം, ഏജന്‍സിയെ അറിയിക്കാതെ മുംബൈ വിടരുത്, പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Aryan Khan in the High Court seeking a change in the bail conditions