ആര്യന്‍ ഖാനെതിരായ കേസ്; അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി
national news
ആര്യന്‍ ഖാനെതിരായ കേസ്; അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th November 2021, 7:30 pm

ന്യൂദല്‍ഹി: ആഡംബര കപ്പലിലെ ലഹരിക്കടത്ത് കേസ് അന്വേഷണത്തില്‍ നിന്ന് എന്‍.സി.ബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയെ മാറ്റി. നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ അന്വേഷണത്തില്‍ നിന്നാണ് സമീര്‍ വാങ്കഡെയെ മാറ്റിയത്.

ആര്യന്‍ ഖാനെതിരായ കേസ് എന്‍.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

സമീര്‍ വാങ്കഡെയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. സമീര്‍ വാങ്കഡെയ്‌ക്കെതിരെയുള്ള കത്ത് എന്‍.സി.പി നേതാവ് നവാബ് മാലിക് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു.

ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് കത്തില്‍ പറയുന്നതായി നവാബ് മാലിക് ആരോപിക്കുന്നു.

ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാം പാല്‍ എന്നിവരെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റി എന്നാണ് ആരോപണം. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും പറയുന്നു. തട്ടിപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണെന്നും കത്തില്‍ പറയുന്നുണ്ട്.

ലഹരി മരുന്ന് ഇടപാടുകാരുമായി വാങ്കഡെയ്ക്ക് ബന്ധമുണ്ടെന്ന് കത്തില്‍ പറയുന്നുണ്ട്. 26 കേസുകളുടെ വിവരങ്ങള്‍ കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കത്ത് എന്‍.സി.ബി തലവന് കൈമാറുമെന്നാണ് വിവരം.

കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെ സമീര്‍ വാങ്കഡെയ്ക്കെതിരെ എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാങ്കഡെക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും എന്‍.സി.ബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര്‍ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം 

Content Highlight: Aryan Khan case handed over to NCB central unit, Sameer Wankhede no longer in charge