ഹിന്ദു വിരുദ്ധ പാര്‍ട്ടിയായി സ്ഥാപിച്ച് ആം ആദ്മി പാര്‍ട്ടിയെ ചെറുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. താന്‍ മുന്തിയ ഹിന്ദുവാണെന്ന് വിളിച്ചു പറയുകയാണ് കെജ്‌രിവാള്‍.
2024ല്‍ നടക്കാനിരിക്കുന്ന ഗുജറാത്തിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാര്‍ട്ടികളും ശക്തമായ രീതിയില്‍ പ്രചരണ പരിപാടികള്‍ നടത്തിവരികയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എ.എ.പി വെല്ലുവിളി ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടിക്കെതിരെ ബി.ജെ.പി കരുനീക്കങ്ങള്‍ ശക്തമാക്കിയത്.
കെജ്‌രിവാള്‍ ഒരു ഹിന്ദു വിരുദ്ധനാണെന്ന വാദം ബി.ജെ.പി പ്രചരിപ്പിക്കുമ്പോള്‍ ആ വാദത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍. നിലവിലെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഹിന്ദുത്വത്തെ കൂട്ടുപിടിച്ച് ആം ആദ്മി പാര്‍ട്ടിയെ ചെറുക്കാനാണ് ബി.ജെ.പി ശ്രമം.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ പ്രചരണത്തിന് എത്തിയതായിരുന്നു അരവിന്ദ് കെജ്രിവാള്‍. ഇതിന് പിന്നാലെ ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ അരവിന്ദ് കെജ്‌രിവാളിനെ ‘ഹിന്ദു വിരുദ്ധന്‍’ എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത്, വഡോദര തുടങ്ങിയ നഗരങ്ങളിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്.
നേരത്തെ ദല്‍ഹിയില്‍ ഹിന്ദു മതത്തില്‍ നിന്ന് നിരവധി പേര്‍ ബുദ്ധമതം സ്വീകരിച്ച പരിപാടിയില്‍ എ.എ.പി മന്ത്രി രാജേന്ദ്ര പല്‍ ഗൗതം പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി എ.എ.പിയെ ലക്ഷ്യമാക്കി ഹിന്ദുവിരുദ്ധ ക്യാമ്പെയിനുമായി രംഗത്തെത്തിയത്.
ഗുജറാത്തിലെത്തിയ കെജ്‌രിവാളിനെ വരവേറ്റത് തൊപ്പി വെച്ച കെജ്‌രിവാളിന്റെ തന്നെ പോസ്റ്ററുകളും ബാനറുകളുമായിരുന്നു.
വിദ്വേഷത്തില്‍ അന്ധരായ ബി.ജെ.പി ദൈവങ്ങളെ പോലും അപമാനിക്കുകയാണെന്നായിരുന്നു ഇത് കണ്ട ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. താന്‍ കറതീര്‍ത്ത ഹിന്ദുവാണെന്ന് വ്യക്തമാക്കാനുള്ള ശ്രമങ്ങളും കെജ്രിവാള്‍ ചടങ്ങില്‍ നടത്തിയിരുന്നു.
താന്‍ ജനിച്ചത് കൃഷ്ണ ജന്മാഷ്ടമി ദിനത്തിലാണെന്നും കന്‍സയുടെ സന്തതികളെ ഇല്ലായ്മ ചെയ്യാന്‍ ദൈവം തന്നെ നിയോഗിച്ചതാണെന്നും കെജ്രിവാള്‍ മറുപടി പറഞ്ഞിരുന്നു. ജയ് ശ്രീറാം വിളിച്ചായിരുന്നു കെജ്രിവാള്‍ തന്റെ പ്രസംഗം ആരംഭിച്ചതു തന്നെ.
കെജ്‌രിവാളും ഹിന്ദു ഐഡന്റിറ്റിയെ ശക്തിപ്പെടുത്തലും
ഇതാദ്യമായല്ല കെജ്രിവാള്‍ തന്റെ ഹിന്ദുത്വ ഐഡന്റിറ്റിയെ വെളിപ്പെടുത്തുന്നത്. രണ്ടാം തവണയും ദല്‍ഹിയില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ സമയത്ത് കെജ്രിവാള്‍ ആദ്യം ചെയ്തത് ഹനുമാന്‍ ചലീസ ചൊല്ലലായിരുന്നു.
തന്റെ ഭക്തി കാണിച്ച് വോട്ട് നേടുന്നതില്‍ കെജ്രിവാളിന്റെ പ്രയത്നങ്ങള്‍ ഫലം കണ്ടിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ദല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അയോധ്യയിലേക്ക് സൗജന്യ യാത്രയൊരുക്കാനുള്ള പദ്ധതികള്‍ കെജ്‌രിവാള്‍ സ്വീകരിച്ചിരുന്നു. ‘മുഖ്യമന്ത്രി തീര്‍ത്ഥ് യാത്ര യോജന’ എന്നായിരുന്നു പദ്ധതിക്ക് നല്‍കിയ പേര്. ഈ പദ്ധതി പ്രകാരം അയോധ്യയിലേക്ക് യാത്ര നടത്താന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു രൂപ പോലും ചിലവ് വരില്ല എന്നായിരുന്നു വാഗ്ദാനം.
ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും കെജ്‌രിവാള്‍ സമാനമായ വാഗ്ദാനം നല്‍കിയിരുന്നു. തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് അയോധ്യയിലേക്കുള്ള യാത്ര സൗജന്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.
കൊവിഡ് മഹാമാരി വ്യാപിച്ച് രാജ്യം ലോക്ഡൗണിലേക്ക് പോയ സമയത്തും കെജ്രിവാള്‍ ജനങ്ങള്‍ക്ക് ഉപദേശവുമായി എത്തിയിരുന്നു. ‘ലോക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭഗവത് ഗീത വായിക്കൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തന്റെ കുടുംബം ഇത് പിന്തുടര്‍ന്നു പോകുന്നതായും കെജ്‌രിവാള്‍ അന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എ മതപരിവര്‍ത്തന ചടങ്ങിന് പോയതോടെ താന്‍ പണ്ട് പറഞ്ഞ ഹനുമാന്‍ ചലീസയ്ക്കും, സൗജന്യ അയോധ്യ യാത്രയ്ക്കുമൊപ്പം താന്‍ ഹിന്ദുവാണെന്ന് കൂടി വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയേണ്ടി വരികയാണ് കെജ്‌രിവാളിന്.
ഹിന്ദു മതത്തില്‍ നിന്ന് നിരവധി പേര്‍ ബുദ്ധമതം സ്വീകരിച്ച പരിപാടിയില്‍ എ.എ.പിയിലെ മന്ത്രി പങ്കെടുത്തതാണ് കെജ്രിവാളിനെ ഹിന്ദു വിരുദ്ധനും തൊപ്പി വെച്ച മുസല്‍മാനും ഒക്കെയാക്കി മാറ്റിയത്.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വലയിലാക്കുന്നതാണ് എ.എ.പിയെ ചെറുക്കാനുള്ള ഉഗ്രമുനയുള്ള ആയുധമെന്ന് ബി.ജെ.പിക്ക് നേരത്തെ വ്യക്തമാണ്. ഇതിനുദാഹരണമാണ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ വേണ്ടി പേര് മാറ്റിയ എ.എ.പി നേതാവിന്റെ കഥ.
അതിഷി-മര്‍ലേന എന്ന ആപ്പ് നേതാവിന്റെ പേരിലെ ‘മര്‍ലേന’ എന്ന വാക്കായിരുന്നു അന്ന് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
ഇടതുപക്ഷ ചായ്വുള്ള അതിഷിയുടെ മാതാപിതാക്കള്‍ മാര്‍ക്സിന്റെയും ലെനിനിന്റേയും പേരുകള്‍ ചേര്‍ത്ത് ഇട്ടതായിരുന്നു മര്‍ലേന എന്ന പേര്. ഈസ്റ്റ് ദല്‍ഹിയില്‍ നിന്നായിരുന്നു നിയമസഭയിലേക്ക് അതിഷി മത്സരിച്ചത്.
ഈ ‘മര്‍ലേന’ എന്ന പേര് ചൂണ്ടിക്കാട്ടി അവര്‍ മുസ് ലിം ആണെന്നായിരുന്നു അന്ന് ബി.ജെ.പി വാദിച്ചത്. താന്‍ കലര്‍പ്പില്ലാത്ത ഹിന്ദുവാണ്, രജപുത്രയാണ് എന്നുപറഞ്ഞ് അന്ന് അതിഷിക്ക് പിടിച്ചു നില്‍ക്കാനായെങ്കിലും തന്റെ രാഷ്ട്രീയ ഭാവി മുന്നില്‍ കണ്ട് അതിഷി മര്‍ലേന എന്ന പേരു മാറ്റേണ്ടിവന്നു. ആദ്യ അതിഷി മാത്രമായും പിന്നീട് അതിഷി സിങ് ആയും മാറി പേര്.
എന്താണ് നിലവില്‍ കെജ് രിവാളിനെ വെട്ടിലാക്കുന്ന ‘ഹിന്ദുവിരുദ്ധന്‍’ പരാമര്‍ശത്തിന് കാരണമായ സംഭവം?
ഒക്ടോബര്‍ അഞ്ചിന്, പതിനായിരത്തോളം ആളുകള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ചടങ്ങില്‍ എ.എ.പി മന്ത്രി രാജേന്ദ്ര പല്‍ ഗൗതം പങ്കെടുത്തതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശവുമായി ബി.ജെ.പി രംഗത്തെത്തുകയായിരുന്നു.
ചടങ്ങില്‍ ഗൗതം ഹിന്ദുദേവന്മാരെയും ദേവിമാരെയും അപമാനിച്ചുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധങ്ങള്‍ കനത്തതോടെ ഗൗതം മന്ത്രിസ്ഥാനത്തു നിന്നും രാജിവെക്കുകയായിരുന്നു,
ഗൗതം പലിന്റെ രാജി കെജ്രിവാളിനെതിരായ ബി.ജെ.പി പ്രചരണത്തെ എത്രമാത്രം ചെറുക്കുമെന്നത് ചോദ്യമാണ്.
Content Highlight: Arvind kejriwal and bjp’s hindutva politics