ഒരിടവേളക്ക് ശേഷം മലയാളത്തിലിറങ്ങിയ മാസ് മസാല സിനിമയാണ് മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്. മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്കായി പഴയ ജനപ്രിയ സിനിമകളുടെ ചേരുവകള്‍ കൂട്ടിച്ചേര്‍ത്തൊരു സിനിമ എന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.
ആറാട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. സിനിമ അവകാശപ്പെടുന്നതുപോലെ ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്ന്‍മെന്റാണെന്നും നിരാശപ്പെടുത്തില്ലെന്നും അരുണ്‍ ഗോപി കുറിച്ചു
‘ആറാട്ട്, പേര് പോലെ ശരിക്കും നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തന്നെയാണ്.. ഇലക്ട്രിഫയിങ് പെര്‍ഫോമന്‍സ്.. സിനിമ അവകാശപ്പെടുന്നത് പോലെ an unrealistic എന്റെര്‍ടെയ്ന്‍മെന്റ്.. സിനിമ ആഘോഷിക്കുന്നവര്‍ ആണ് നിങ്ങള്‍ എങ്കില്‍ ആറാട്ട് നിങ്ങളെ നിരാശരാക്കില്ല.. ലാലേട്ടന്‍ ചുമ്മാ ഒരേ പൊളി..ആശംസകള്‍,’ എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ അരുണ്‍ ഗോപി കുറിച്ചത്.
ആറാട്ടിന് ലഭിച്ച പ്രേക്ഷപ്രതികരണത്തിന് നന്ദി അറിയിച്ച് മോഹന്‍ലാലും കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ സമയത്ത് തന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടി തയാറാക്കിയ സിനിമയാണ് ആറാട്ടെന്നും ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സിനിമ ഒരു ഫാമിലി എന്റര്‍ടെയ്നറായിട്ടാണെന്നും ഒരുപാട് പേര്‍ക്ക് ജോലിയില്ലാതിരുന്ന സമയത്താണ് ഈ സിനിമ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന ബി. ഉണ്ണികൃഷ്ണന്റെ സിനിമ മോഹന്‍ലാലിന്റെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. നെടുമുടിവേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ് എന്നിവരുള്‍പ്പെടെ നിരവധി മലയാളതാരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.
Content Highlifht: Arun Gopi says if you are a movie buff, you will not be disappointed