ജയ്പൂര്‍: രാജസ്ഥാനിലെ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുസ്തകം വിവാദത്തില്‍. ശിവിര പത്രിക എന്ന മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ “പ്രാചിന്‍ ഭാരത് ഔര്‍ വിജ്ഞാന്‍” എന്ന തലക്കെട്ടില്‍ ദീപക് ജോഷി എന്നയാള്‍ എഴുതിയ ലേഖനമാണ് വിവാദമായത്. ബികാനീറിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് ഇയാള്‍.
ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റലര്‍ പുരാണങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പുസ്തകങ്ങള്‍ പഠിച്ചിരുന്നുവെന്നും സമയത്തിലൂടെ സഞ്ചരിക്കാനുള്ള യന്ത്രം (ടൈം മെഷീന്‍) നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമാണ് പുസ്തകത്തിലുള്ളത്. കൂടാതെ വേറേയും പലകാര്യങ്ങളും പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും പലതവണ പുരാതന ഇന്ത്യന്‍ പുസ്തകങ്ങളെ പ്രകീര്‍ത്തിച്ചിരുന്നു. ഹിറ്റ്‌ലര്‍ പ്രാചീന ഇന്ത്യന്‍ പുസ്തകങ്ങള്‍ പഠിച്ചുകൊണ്ട് ടൈം മെഷീന്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചിരുന്നു.”
“റൈറ്റ് സഹോദരന്മാര്‍ക്കും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹര്‍ഷി ഭരദ്വാജ് എഴുതിയ “വൈമാനിക ശാസ്ത്ര”ത്തില്‍ വിമാനത്തിന്റെ ഘടനയും വിമാനം ഉണ്ടാക്കുന്നതെങ്ങനെയാണെന്നും വിശദമാക്കിയിട്ടുണ്ട്.”
ഇതെല്ലാമാണ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. ലേഖനത്തിലുള്ളത് എഴുത്തുകാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വ്യാകരണതെറ്റുകള്‍ തിരുത്തുന്നതല്ലാതെ മറ്റൊന്നും തങ്ങള്‍ ചെയ്യാറില്ലെന്നും മാസികയുടെ സീനിയര്‍ എഡിറ്ററായ ജയ്പാല്‍ സിങ് പറഞ്ഞു.
പ്രാചീന ഇന്ത്യന്‍ പുസ്തകങ്ങള്‍ വായിച്ച ശേഷം ഹിറ്റ്‌ലര്‍ ടൈം മെഷീനും മിസൈലുകളും ഉണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നതായി നിരവധി വെബ്‌സൈറ്റുകളിലും പുസ്തകങ്ങളിലും താന്‍ വായിച്ചിരുന്നതായി ലേഖകന്‍ ദീപക് ജോഷി പ്രതികരിച്ചു. ഹിറ്റ്‌ലറുടെ ചിഹ്നമായ “സ്വസ്തിക” പോലും ഇന്ത്യയിലെ പ്രാചീന പുസ്തകങ്ങളില്‍ ഉണ്ടായിരുന്നതാണെന്നും അത് ജര്‍മ്മന്‍കാര്‍ കൊണ്ടുപോയതാണെന്നും അദ്ദേഹം പറഞ്ഞു.