ഇന്ത്യ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ മുത്തമിട്ടിരിക്കുന്നു. നമുക്ക് സന്തോഷിക്കാം എന്നാല്‍ ഈ സന്തോഷത്തിനിടയിലും കാത്തിരിക്കുന്നത് ഇന്ത്യ ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത് കാണാനാണ്. ആ സ്വപ്നം വിദൂരമല്ല. ഏതോ ഇടവഴിയില്‍ നമുക്ക് നഷ്ടപ്പെട്ട ഫുട്ബോള്‍ പ്രതാപം നാം ഓരോന്നായി തിരിച്ച് പിടിക്കുകയാണ്. വര്‍ഷം തോറും ആ തിരിച്ച് വരവ് നാം കാണുന്നുണ്ട്. മൈതാനങ്ങളില്‍ തിങ്ങി നിറയുന്ന ആരാധകര്‍ അതിന്റെ ഉത്തമ ഉദാഹരണവും.
നമുക്കും കളിക്കണം, ലോകകപ്പ് അതിന് ഒരുപാട് കടമ്പകളുണ്ട് അത് മറികടക്കാന്‍ നമുക്ക് ഒരു യാത്ര പോകണം. കടലും പുഴയും മലയും താഴ്‌വാരങ്ങളും മരുഭൂമികളും താണ്ടി ഒരു യാത്ര, ആ യാത്രയ്ക്ക് പിന്നില്‍ ഒറ്റ ലക്ഷ്യം “നമുക്കും കളിക്കണം ലോകകപ്പ്”. നമ്മള്‍ സഞ്ചരിക്കുന്നത് ലോക ഫുട്ബോളിലെ ശക്തികളായ ജര്‍മനിയിലേക്കോ സ്പെയ്നിലേക്കോ, ഫ്രാന്‍സിലേക്കോ ഇംഗ്ലണ്ടിലേക്കോ അല്ല. ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ബ്രസീലിലേക്കോ അര്‍ജന്റീനയിലേക്കോ ഉറുഗ്വായിലേക്കോ അല്ല. അപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമാണ് പിന്നെ എങ്ങോട്ട് ?. നാം പോകണ്ടത് ഇല്ലായ്മയില്‍ നിന്ന് ലോകത്തെ കീഴ്പെടുത്തിയ രാജ്യങ്ങളിലേക്കാണ്. അതെ നാം അറിയേണ്ടതും പോകണ്ടതും ആ തണുത്തുറഞ്ഞ ഐസ്ലാന്റിലേക്കാണ്. എന്താണ് അവരുടെ പ്രത്യേകത? അവരെ നാം എന്തിന് മാതൃകയാക്കണം?
സമുദ്രത്താല്‍ ചുറ്റപ്പെട്ട ദ്വീപാണ് ഐസ്ലാന്റ്. വര്‍ഷത്തില്‍ എല്ലാ ദിവസവും മഞ്ഞില്‍ തണുത്ത് നില്‍ക്കുന്ന രാജ്യം, സൂര്യപ്രകാശം ലഭിക്കുന്നത് വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം. ലോകത്തെ തണുത്ത മനുഷ്യര്‍. എന്നാല്‍ ആ രാജ്യത്തെ ഓരോ നാട്ടുകാരനും അവര്‍ക്ക് വേണ്ടത് നേടിയടുത്തവരാണ്. കഴിഞ്ഞ യൂറോ കപ്പിലായിരുന്നു അവരുടെ ആദ്യ അരങ്ങേറ്റം അതും വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍.
അവര്‍ പിന്നിട്ട വഴികള്‍ എളുപ്പമുള്ളതായിരുന്നില്ല. ആമസോണ്‍ കാടുകളില്‍ ഒറ്റപ്പെട്ടവര്‍ ജീവിതത്തിലേക്ക് നടന്നു കയറുന്നത് പോലെ യൂറോപ്പിനെ കീഴടക്കി യൂറോകപ്പിനെത്തി. കയ്യും വീശിയെത്തിയവര്‍ വെറുംകയ്യോടെ പോകാന്‍ ഒരുക്കമല്ലായിരുന്നു. അവസാന ശ്വാസം വരെ പൊരുതി പ്രീക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടറില്‍ ഫുട്ബോളിലെ ശക്തന്മാരായ ഇംഗ്ലണ്ടിനെയും നിലം പരിശാക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് അടിയറവു പറഞ്ഞെങ്കിലും മഞ്ഞിന്റെ മക്കള്‍ തിരിച്ചു പോയത് കണ്ണീരോടെയല്ലായിരുന്നു.
യുദ്ധം ജയിച്ച് വന്ന പടതലവനെ പോലെയായിരുന്നു. തിരിച്ച് നാട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ ഒരുക്കിയത് ലോകകപ്പ് നേടിയ ടീമിന് നല്‍ക്കുന്ന സ്വീകരണം. വീണുകിട്ടിയ ഉര്‍ജ്ജം ആയുധമാക്കി അവര്‍ ലോകകപ്പില്‍ അരങ്ങേറാന്‍സ്വപ്നം കണ്ടു. 18 തവണ ശ്രമിച്ചിട്ടും നടക്കാത്ത സ്വപ്നം തുര്‍ക്കിയെ പിന്തള്ളി നേടിയെടുത്തു. ദിവസങ്ങള്‍ക്ക് ശേഷം റഷ്യന്‍ ലോകകപ്പിന് വിസില്‍ മുഴങ്ങുമ്പോള്‍ ഈ രാജ്യത്തെ തേടിയെത്തുന്നത് ലോകകപ്പില്‍ പന്ത് തട്ടുന്ന ഏറ്റവും ചെറിയ രാജ്യം എന്ന ബഹുമതിയാണ്.
2010 ല്‍ ഫിഫ ലോക റാങ്കിങ്ങില്‍ ഇന്ത്യയ്ക്കു പിന്നിലായി 112ാം സ്ഥാനത്തു നിന്നവര്‍ ഇന്ന് 22-ാം സ്ഥാനക്കാരാണ്. അതൊരു ചെറിയ മാറ്റമല്ല. തണുത്തുറഞ്ഞ് നില്‍ക്കുന്ന ഈ രാജ്യത്ത് ഇന്ത്യയെ പോലെ നാടെങ്ങും മൈതാനങ്ങളില്ല, എല്ലാം ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളാണ്. ഈ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാനെടുത്ത തീരുമാനമാണ് ആ രാജ്യത്തിന്റെ മുഖ്യഛായ മാറ്റി മറിച്ചത്. ഇന്ന് ഈ രാജ്യത്തിന്റെ താരങ്ങള്‍ക്ക് വേണ്ടി പല ക്ലബുകളും ക്യൂവിലാണ്. യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിക്കുമ്പോള്‍ ഇംഗ്ലണ്ട് ടീമില്‍ ഉണ്ടായിരുന്നത് ലോകത്തിലെ എറ്റവും വലിയ ലീഗായ പ്രീമിയര്‍ ലീഗിലെ പ്രമുഖ ടീമില്‍ അണി നിരന്നവരായിരുന്നു. അവര്‍ക്ക് വീട്ടിലേക്ക് ടിക്കറ്റ് നല്‍കിയവര്‍, അവരെ തന്നെയാണ് ഇന്ത്യ മാതൃകയാക്കേണ്ടത്.
കേരളത്തില്‍ സെവന്‍സ് കളിക്കാനെത്തുന്ന നൈജീരിയന്‍ കളിക്കാര്‍ എന്നും പരിഹസിക്കാറുള്ള ഒരു കാര്യമുണ്ട് നിങ്ങളുടെ ടീം ലോകകപ്പില്‍ കളിച്ചിട്ടുണ്ടോ? ഈ വര്‍ഷം കളിക്കുന്നുണ്ടോ? തമാശയില്‍ ചോദിക്കുന്നതാണെങ്കിലും ആ ചോദ്യത്തിന് മുന്‍പില്‍ എന്നും പകച്ച് നില്‍ക്കുന്നവരാണ് നമ്മള്‍. നമ്മുടെ ഇന്ത്യയില്‍ കിട്ടുന്ന നൂറില്‍ ഒരംശം പോലും പണവും സൗകര്യങ്ങളും ആഫ്രിക്കയിലെ ഒരു രാജ്യത്തിനും ലഭിക്കാറില്ല എന്നാലും അവര്‍ ലോകകപ്പ് കളിക്കുന്നുണ്ട്. നമുക്കും കളിക്കാം ആ പ്രതീക്ഷ ഇതുവരെ അകന്നിട്ടില്ല.
ഇന്ത്യ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിന് വേദിയായതും ആ പ്രതീക്ഷയുടെ ഭാഗം തന്നെ. ഫിഫ പ്രസിഡന്റ് അന്ന് പറഞ്ഞ വാക്ക് നാം ഓര്‍ക്കേണ്ടതുണ്ട് ഇന്ത്യ ഉറങ്ങികിടക്കുന്ന സിംഹമാണ്. അതെ ഇന്ന് ആ ഉറങ്ങി കിടക്കുന്ന സിംഹം എഴുന്നേറ്റു കഴിഞ്ഞു. ഐ.എസ്.എല്ലിന്റെ വരവ് ഇന്ത്യന്‍ ഫുട്ബോളിനെ ഏറെ മാറ്റിയിരിക്കുന്നു. എ ലീഗ് ആസ്ത്രേലിയയെ മാറ്റിയതുപോലെ ഇന്ത്യയെയും മാറ്റട്ടെ.
ഇന്ത്യയുടെ ഭാവിയിലേക്ക് നോക്കുമ്പോഴും ഇന്ത്യന്‍ ടീം സുരക്ഷിതമാണ്. മുന്നേറ്റ നിരയിലെ മണിപ്പൂര്‍ താരം ഉദാന്ത സിങിന് വയസ് 21. അസാമാന്യ വേഗവും എത് രീതിയിലുള്ള ബോള്‍ നിയന്തിക്കാനുള്ള കഴിവും ഈ താരത്തെ നാളെത്തെ പ്രതീക്ഷയായി കണക്കാകാം. മിഡ്ഫീല്‍ഡിലെ അനിരുദ്ധ് താപ്പക്കും മലയാളി താരം ആഷിഖ്കുരുണിയനും
വയസ് ഇരുപത്. ഇടത് ബാക്ക് സുഭാഷിഷ് ബോസിന് വയസ് 22. അണ്ടര്‍ 17 ലോകകപ്പ് കളിച്ച കൊച്ചു പയ്യന്മാര്‍ വെറെയുണ്ട്. ഇങ്ങനെ നേക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഭാവി ഭദ്രം തന്നെ.
ഇനിവേണ്ടത് ഇംഗ്ലണ്ടില്‍ നിന്നും സ്പെയ്നില്‍ നിന്നും മികച്ച പരിശീലകരുടെ സാന്നിധ്യമാണ്.നാളെ ലോകത്തെ വിസ്മയിപ്പിക്കാന്‍ ഇന്ത്യയില്‍നിന്ന് ഫുട്‌ബോള്‍ രാജാക്കന്മാര്‍ ഉണ്ടാവും. ഇന്ന് മറ്റു രാജ്യത്തിന് വേണ്ടി ആര്‍ത്ത് വിളിച്ച നമ്മളെല്ലാം സ്വന്തം രാജ്യത്തിന് വേണ്ടി ആര്‍ത്തുവിളിക്കും.
അങ്ങിനെ ബ്രസീലിനെയും അര്‍ജന്റീനയെയും വിട്ട് ആദ്യമായി ലോകകപ്പ് കളിക്കുന്ന ഇന്ത്യയെ ഇന്ത്യക്കാര്‍ പിന്തുണക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അതിന്റെ തെളിവാണ് സുനില്‍ ഛേത്രി ഗോള്‍ വേട്ടയില്‍ മെസ്സിക്കൊപ്പമെത്തിയപ്പോള്‍ അഭിമാനം കൊണ്ടതും ബ്രസീലിന്റെ സൗഹൃതമത്സരം ഉപേക്ഷിച്ച് ഇന്ത്യയുടെ ഫൈനല്‍ കണ്ടതും. ഇനി ഒരു ക്യാപ്റ്റനെ കൊണ്ട് രാജ്യത്തിനെ പിന്തുണയ്ക്കു എന്നു അപേക്ഷിക്കാന്‍ ഇടവരുത്തരുത്. നാളെ ഇന്ത്യയും ലോകകപ്പില്‍ പന്ത് തട്ടുമെന്ന് വിശ്വാസത്തില്‍ ജീവിക്കുക ആ സ്വപ്നത്തിന് വേണ്ടി പ്രര്‍ത്ഥിക്കുക.