Film News
ബിഗ് ബി ക്ലൈമാക്‌സില്‍ മമ്മൂട്ടി അത്രയും ദൂരം നടന്നോ? ആര്‍ട്ട് ഡയറക്ടറിന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 16, 10:56 am
Saturday, 16th September 2023, 4:26 pm

ബിഗ് ബി ക്ലൈമാക്‌സ് ഷൂട്ടിനെ പറ്റി സംസാരിക്കുകയാണ് ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍. സിനിമയില്‍ മുനമ്പം എന്ന പേരില്‍ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തിരിക്കുന്ന സ്ഥലം രാമേശ്വരത്തെ ധനുഷ്‌കോടിയാണെന്നും ജോസഫ് നെല്ലിക്കല്‍ പറഞ്ഞു. പിന്നീട് ട്രോളുകളില്‍ നിറഞ്ഞ മമ്മൂട്ടിയുടെ സ്ലോ മോഷന്‍ നടപ്പിനെ പറ്റിയും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ജോസഫ് സംസാരിച്ചിരുന്നു.

ക്ലൈമാക്‌സില്‍ മമ്മൂക്ക അത്രയും നടന്നുവന്നിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ‘അത്രയും നടന്നുവരുന്നില്ല (ചിരിക്കുന്നു). സിനിമയില്‍ മുനമ്പം എന്നാണ് പറയുന്നതെങ്കിലും രാമേശ്വരത്താണ് അത് ഷൂട്ട് ചെയ്തിരിക്കുന്നത്. ധനുഷ്‌കോടിയാണ്. അന്‍വറും അവിടെയാണ് ഷൂട്ട് ചെയ്തത്.

ബിഗ് ബിയുടെ ഷൂട്ടിനായി വണ്ടികളൊക്കെ എക്‌സ്ട്രാ എടുത്തിട്ടുണ്ടായിരുന്നു. അതൊക്കെ അമലിന്റെ മനസിലുണ്ടായിരുന്നു. സിനിമയെ കണ്ടെടുക്കുന്ന ആളാണ് അമല്‍. മനസില്‍ സിനിമ കണ്ടിട്ടാണ് അദ്ദേഹം ടെക്‌നീഷ്യന്മാരെ വിളിക്കുന്നത്. എന്നിട്ട് പറഞ്ഞുതരും, ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത് എന്ന്. അപ്പോള്‍ നമുക്കും എളുപ്പമാണ്.

എല്ലാ ലൊക്കേഷനെ പറ്റിയും അദ്ദേഹത്തിന് ധാരണയുണ്ടാവും. ബിഗ് ബിക്ക് വേണ്ടി എല്ലാവരും ധനുഷ്‌കോടിയില്‍ പോയി അവിടെയാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്,’ ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.

ചിത്രത്തിലെ പ്രശസ്തമായ കാര്‍ ബ്ലാസ്റ്റ് രംഗത്തെ പറ്റിയും അദ്ദേഹം സംസാരിച്ചു. ‘ആദ്യം ജീപ്പിലെ സീന്‍ എടുത്തു. അതിന് ശേഷമാണ് വണ്ടി കത്തിക്കുന്ന സീന്‍. ഇതില്‍ ഡമ്മി വെച്ചിട്ടുണ്ട്.

വണ്ടി കത്തിയപ്പോള്‍ അകത്തിരുന്ന ഡമ്മിയുടെ പീസാണ് മമ്മൂട്ടിയുടെ അടുത്തേക്ക് തെറിച്ച് വന്നത്. ഇതൊക്കെ വെളിപ്പെടുത്താന്‍ പറ്റാത്ത കാര്യങ്ങളാണ്. ഇത്രയും വര്‍ഷങ്ങളായതുകൊണ്ട് വെളിപ്പെടുത്താം. പീസ് തെറിച്ചുവന്നപ്പോള്‍ മമ്മൂക്ക മാറിക്കളഞ്ഞു. ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ ദേഹത്ത് കൊണ്ടേനെ.

അതിന് ശേഷം സ്റ്റുഡിയോയില്‍ വന്ന് ഈ ഷോട്ട് റീവൈന്‍ഡ് ചെയ്യുമ്പോഴാണ് ഇത് കാണുന്നത് തന്നെ. പിന്നെ ഒരു ഹൈപ്പ് കിട്ടാനായാണ് അങ്ങനെയൊരു സാധനം വന്ന് പ്രശ്നമുണ്ടായി എന്ന് പറഞ്ഞത്. അന്നത്തെ കാലത്ത് അത് വൈറലായി. സിനിമ വന്നപ്പോള്‍ അത് ഡോറായി മാറി,’ ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.

Content Highlight: Art Director Joseph Nellickal about Big B climax shoot