Kerala News
'ആര്‍പ്പോ ആര്‍ത്തവം': ഗജ കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ട വിജയലക്ഷ്മിയുടെ പേരില്‍ വേദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 25, 05:38 pm
Sunday, 25th November 2018, 11:08 pm

കൊച്ചി: ശബരിമലയില്‍ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിനെതിരെ “ആര്‍പ്പോ ആര്‍ത്തവം” എന്ന പേരില്‍ എറണാകുളത്ത് സാമൂഹ്യ കൂട്ടായ്മ സംഘടിപ്പിച്ചു. ആര്‍ത്തവമായതിനാല്‍ ചായ്പില്‍ താമസിക്കേണ്ടിവന്ന് ഗജ കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ട വിജയലക്ഷ്മിയുടെ പേരിലായിരുന്നു വേദി എന്നത് പരിപാടിയെ ശ്രദ്ധേയമാക്കി.

നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരു, അംബേദ്കര്‍, അയ്യങ്കാളി, പി കൃഷ്ണപിള്ള എന്നിവരുടെ ചിത്രങ്ങളും വേദിയില്‍ സജീകരിച്ചിരുന്നു. ആര്‍പ്പോ ആര്‍ത്തവത്തെ പിന്‍തുണച്ച് നിരവധിയാളുകളാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയത്.

ALSO READ: ശബരിമലയില്‍ എച്ച്.വണ്‍.എന്‍.വണ്‍ പനിയുണ്ടെന്ന വാര്‍ത്തകള്‍ വ്യാജം; പ്രരണത്തിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

സുനില്‍ പി ഇളയിടം, സിപിഐ എം ജില്ലാസെക്രട്ടറി സി എന്‍ മോഹനന്‍, എം ജെ ശ്രീചിത്രന്‍, ഡോ. ടി കെ ആനന്ദി, ഡോ. കെ ജി പൗലോസ്, വി പി സുഹറ, രേഖ രാജ്, പ്രിജിത്ത്, കമലാസദാനന്ദന്‍, മൃദുലദേവി ശശിധരന്‍, രഹനാ ഫാത്തിമ, ബിന്ദു തങ്കം കല്യാണി, അപര്‍ണ, ജോണ്‍സണ്‍, മഞ്ജു, സണ്ണി എം കപിക്കാട്, ഫൈസല്‍ ഫൈസു, സുജഭാരതി, സുല്‍ഫത്ത് എം, രഞ്ജു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ജനുവരി അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ബ്ലീഡിങ് നോട്ട്‌സിന്റെ പ്രകാശനം സി എസ് ചന്ദ്രിക രണ്ട് പെണ്‍കുട്ടികള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. കലാകക്ഷി തയ്യാറാക്കിയ ചിറകുകളുടെ രൂപത്തിലുള്ള കൊടി വി പി സുഹറ മൃദുലദേവി ശശിധരന് കൈമാറി. വൈകിട്ടോടെ കൊടിയേറ്റ് ചടങ്ങ് നടത്തി.

കോവിലനും സംഘവും അവതരിപ്പിച്ച തമിഴ്ഗാനം, ട്രാന്‍സ്ജെന്‍ഡറായ ആന്‍മരിയ അവതരിപ്പിച്ച മോഹിനിയാട്ടം, റാപ്പ് ഗാനം തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറി. വൈകിട്ടോടെ വഞ്ചിസ്‌ക്വയറില്‍ നിന്ന് മേനക ചുറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. തുടര്‍ന്നാണ് ജനുവരിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവ പരിപാടിയുടെ കൊടിയേറ്റ് ചടങ്ങ് നടത്തിയത്.