സുപ്രീംകോടതിയില്‍ രാഹുല്‍ 'കള്ളം' പറഞ്ഞെന്ന് സമ്മതിച്ചതായി അര്‍ണബിന്റെ റിപ്പബ്ലിക് ടി.വിയുടെ പ്രചാരണം ; സത്യാവസ്ഥയിതാണ്
Fact Check
സുപ്രീംകോടതിയില്‍ രാഹുല്‍ 'കള്ളം' പറഞ്ഞെന്ന് സമ്മതിച്ചതായി അര്‍ണബിന്റെ റിപ്പബ്ലിക് ടി.വിയുടെ പ്രചാരണം ; സത്യാവസ്ഥയിതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 6:32 pm

ന്യൂദല്‍ഹി: സുപ്രിം കോടതിയില്‍ രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞെന്ന് സമ്മതിച്ചതായി റിപ്പബ്ലിക് ടി.വിയുടെ വ്യാജ പ്രചാരണം. റാഫേല്‍ ഇടപാടില്‍ രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്ന് സുപ്രീകോടതിയില്‍ സമ്മതിച്ചെന്നാണ് റിപ്പബ്ലിക് ടി.വിയുടെ പ്രചാരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ചൗക്കിദാര്‍ ചോര്‍ ഹേ ( കാവല്‍ക്കാരന്‍ കള്ളനാണ്) പരാമര്‍ശത്തില്‍ സുപ്രീം കോടതിയുടെ പേരുവലിച്ചിഴച്ചതിന് ഖേദം പ്രകടിപ്പിച്ച സംഭവമാണ് റിപ്പബ്ലിക് വളച്ചൊടിച്ചത്.

റാഫേല്‍ ഇടപാടിനെ കുറിച്ച് താന്‍ പറഞ്ഞതെല്ലാം നുണയാണെന്ന് രാഹുല്‍ പറഞ്ഞെന്ന് ചാനലില്‍ ബ്രേക്കിംഗ് പോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരാതി നല്‍കിയ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയെ ചാനലിലെ അവതാരകന്‍ വിളിച്ചെങ്കിലും കോടതി വിധി പുറത്ത് വരട്ടെയെന്നായിരുന്നു അവരുടെ പ്രതികരണം.

ചൗക്കിദാര്‍ ചോര്‍ ഹേ എന്ന കോണ്ഗ്രസ് മുദ്രാവാക്യത്തില്‍ രാഹുല്‍ മാപ്പോ, ഖേദമോ അറിയിച്ചിട്ടില്ല. റഫാലില്‍ പുതിയ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ച ഏപ്രില്‍ പത്തിന് രാഹുല്‍ പറഞ്ഞത് കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നാണ്. കോടതിയുടെ പേരിലുള്ള ആ പരാമര്‍ശത്തില്‍ മാത്രമാണ് രാഹുല്‍ ഖേദം പ്രകടിപ്പിച്ചത്.

തന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞുപോയതാണെന്നാണ് രാഹുല്‍ സുപ്രീം കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചരത്തിനിടെ പറഞ്ഞത് രാഷ്ട്രീയ പ്രതിയോഗികള്‍ ആയുധമാക്കിയെന്നും രാഹുല്‍ സുപ്രീം കോടതിയെ ധരിപ്പിച്ചിരുന്നു.

റാഫേല്‍ കേസിലെ വിധിയില്‍ കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന രാഹുലിന്റെ പ്രസ്താവനക്കെിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

ബി.ജെ.പിയുടെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി നേരത്തെ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ മറുപടി പരിശോധിച്ചതിന് ശേഷം കോടതിയലക്ഷ്യ നടപടികള്‍ വേണോ എന്ന് നാളെ കോടതി തീരുമാനിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.

റാഫേല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്തുവന്ന രേഖകള്‍ കൂടി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നു.

ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുല്‍ തെരഞ്ഞടുപ്പ് പ്രചരണ പരിപാടികളില്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെയാണ് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചത്.