പത്തനംതിട്ട: പ്രളയത്തിന് പിന്നാലെ ഗതാഗതം താറുമാറായ പമ്പയില്‍ രണ്ട് പാലങ്ങള്‍ സൈന്യം നിര്‍മിക്കും. ഒന്ന് ബെയ്ലി പാലവും മറ്റൊന്ന് നടപ്പാലവുമാണു നിര്‍മിക്കുന്നത്.
പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. ആംബുലന്‍സും ചെറിയ വാഹനങ്ങളും പോകാനാണ് ഒരു പാലം. ഈ പാലത്തിന് 12 മീറ്റര്‍ വീതിയുണ്ടാകും.
ഭക്തരെ കടത്തിവിടുന്നതിനായി മണ്ണു നീക്കി പാലം പണി ആരംഭിക്കും. താല്‍ക്കാലിക ശുചിമുറികള്‍ പമ്പയില്‍ പണിയാനും തീരുമാനമായിട്ടുണ്ട്.
സെപ്റ്റംബര്‍ 15ന് മുന്‍പായി യുദ്ധകാലാടിസ്ഥാനത്തില്‍ പാലം നിര്‍മിക്കുകയാണ് ലക്ഷ്യം. അതേസമയം, പമ്പാതീരത്ത് ഇനി കോണ്‍ക്രീറ്റ് കെട്ടടങ്ങള്‍ പണിയാന്‍ അനുവദിക്കില്ലെന്നും അവലോകന യോഗത്തില്‍ തീരുമാനമെടുത്തു.
വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമേ പ്രവേശനമുണ്ടാകൂ. പമ്പ വരെ ഇനി കെ.എസ്.ആര്‍.ടി.സിയുടെ ബസുകളെ മാത്രമേ അനുവദിക്കൂ.
പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സൈനിക ആസ്ഥാനവുമായും കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായും ചര്‍ച്ച നടത്താന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ ചുമതലപ്പെടുത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേജര്‍ ആശിഷ് ഉപാധ്യായുമായി ചര്‍ച്ച നടത്തിയിരുന്നു.
കെ,എസ്.ആര്‍.ടി.സി സ്റ്റേഷനില്‍നിന്ന് പമ്പയിലേക്ക് വരുന്ന പാത വണ്‍വേയാക്കാന്‍ വനംവകുപ്പുമായി ആലോചിച്ചു തീരുമാനിക്കും.