Daily News
കയ്യില്‍ 11ല്‍ കൂടുതല്‍ കാക്കപ്പുള്ളിയുണ്ടോ എങ്കില്‍ നിങ്ങള്‍ അര്‍ബുദത്തെ ഭയക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Oct 19, 05:53 am
Monday, 19th October 2015, 11:23 am

Arm-moleഒരു കയ്യില്‍ 11 എണ്ണത്തില്‍ കൂടുതല്‍  കാക്കപുള്ളിയുണ്ടെങ്കില്‍ അയാള്‍ക്ക് സ്‌കിന്‍ കാന്‍സര്‍ അഥവാ മെലാനോമ ഉണ്ടാകാനുള്ള സാധ്യത സാധാരണയില്‍ കൂടുതലാണെന്ന് പഠനം. ഇതിനായി വലതുകയ്യിലെ കാക്കപുള്ളികളുടെ എണ്ണം പരിശോധിച്ചാല്‍ മതി. ശരീരത്തില്‍ ആകെ നൂറിലധികം ഉണ്ടെങ്കില്‍ അര്‍ബുദത്തിനുള്ള സാധ്യത അഞ്ചിരട്ടിയാണെന്നും പഠനം പറയുന്നു.

ബ്രിട്ടിഷ് ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയിലാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 3000 ഓളം ഇരട്ടകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.

ബ്രിട്ടനില്‍ ഒരുവര്‍ഷം 13,000ല്‍ അധികം ആളുകളെ ബാധിക്കുന്ന രോഗമാണ് സ്‌കിന്‍ കാന്‍സര്‍. അസാധാരണമായ മറുകുകളില്‍ നിന്നാണ് ഈ രോഗം വികസിക്കുന്നത്. അതിനാല്‍ ഒരാളുടെ ശരീരത്തിലെ മറുകുകളുടെ എണ്ണം നോക്കിയാല്‍ മെലാനൊമ തിരിച്ചറിയാനാകും.

കിങ്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ എട്ട് വര്‍ഷമെടുത്താണ് ഈ ഗവേഷണം നടത്തിയത്. 3000ഓളം ഇരട്ടകളായ സ്ത്രീകളില്‍ നിന്നും ഇതിനായി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വലതുകയ്യില്‍ ഒമ്പതില്‍ കൂടുതല്‍ കാക്കപുള്ളികളുള്ള സ്ത്രീകളുടെ ശരീരത്തില്‍ 50ല്‍ കൂടുതല്‍ കാക്കപുള്ളികളുണ്ടാകാനുള്ള സാധ്യതയുണ്ട്.  11 ല്‍ കൂടുതലാണെങ്കില്‍ ശരീരത്തിലാകെ 100 എണ്ണമെങ്കിലും ഉണ്ടാകും. അതായത് അവരില്‍ അര്‍ബുദത്തിനുള്ള സാധ്യതയേറെയാണ്.

ശരീരത്തിലെ കാക്കപുള്ളികള്‍ അസാധാരണമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിന് രൂപത്തിലും നിറത്തിലും എന്തെങ്കിലും മാറ്റം വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അങ്ങിനെ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഒരു ചര്‍മ്മരോഗ വിദഗ്ദനെ സമീപിക്കുക.

അതേസമയം കൈകള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. ശരീരത്തില്‍ എവിടെയും മെലനോമ വരാന്‍ സാധ്യതയുള്ളതിനാല്‍ അസാധാരണ മറുകുകള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.